കേരളക്കരയുടെ ഏറ്റവും വലിയ ഉത്സവമായ ഓണത്തിന് ഇനി വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് ഉള്ളത്. ഓണക്കോടിയെടുക്കലും പൂക്കളമിടലുമെല്ലാം തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണ്. ഓണ സദ്യക്ക് എന്തെല്ലാം വിഭവങ്ങൾ ഒരുക്കണം എന്നതിനെ കുറിച്ചുള്ള ചർച്ചകളും മിക്ക വീടുകളിലും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
ഓണത്തിന് വയറു നിറയെ ഓണസദ്യ തട്ടാറുണ്ടെങ്കിലും ഇത് എങ്ങനെ വിളമ്പണമെന്നും എങ്ങനെ കഴിക്കണമെന്നും ആർക്കും വലിയ ധാരണയൊന്നുമില്ലെന്നതാണ് സത്യം. ഓണസദ്യ കഴിക്കുന്നതിന് കൃത്യമായ ചിട്ടവട്ടങ്ങളുണ്ട്. ഇവ പാലിക്കാതെ സദ്യ വിളമ്പാനോ കഴിക്കാനോ പാടില്ല. എന്നാൽ, ഇക്കാര്യങ്ങൾ അറിയുന്നതിന് മുമ്പ് തന്നെ, ഓരോ സ്ഥലങ്ങളും അനുസരിച്ച് കറികളിൽ വ്യത്യാസമുണ്ടാകുമെന്നും ഒർമയിൽ വേണം.
നല്ല തൂശനിലയിലാണ് സദ്യ വിളമ്പേണ്ടത്. ഇലയുടെ തുമ്പ് സദ്യ കഴിക്കുന്ന വ്യക്തിയുടെ ഇടതുവശത്തായി വേണം ഇടാൻ. ഇലയുടെ ഇടതു വശത്ത് നിന്നും വേണം കറികൾ വിളമ്പി തുടങ്ങേണ്ടത്. ചിപ്‌സ്, ശർക്കര വരട്ടി എന്നിവ ആദ്യം വിളമ്പണം. ഇത് ഇലയുടെ ഇടത്തേ മൂലയിലാണ് വിളമ്പുക. ഇതിനോട് ചേർന്ന് തന്നെ പപ്പടം വിളമ്പും. ചിലയിടങ്ങളിൽ പരിപ്പുവട, അരിയുണ്ട, എള്ളുണ്ട എന്നിവയും വിളമ്പാറുണ്ട്. ഇടത് വശത്ത് തന്നെ പഴവും വക്കും.
ഇനി ഇടത്തേ മൂലയിൽ മുകളിലായി ഇഞ്ചിക്കറി (പുളിഞ്ചി)യും അച്ചാറും വിളമ്പും. തുടർന്ന് കറികളുടെ വരവായി. കിച്ചടി, പച്ചടി, മധുരക്കറി, അവിയൽ, തോരൻ, കൂട്ടുകറി, എരിശേരി, ഓലൻ എന്നിവയും വിളമ്പണം. ഇതിന് പിന്നാലെ, കാളൻ ഇലയുടെ വലത്തേയറ്റത്ത് വിളമ്പും. കറികളുടെ നടുവിൽവേണം അവിയൽ വിളമ്പാൻ.
കറികൾ വിളമ്പിയതിന് പിന്നാലെ കഴിക്കാനുള്ള വ്യക്തിക്ക് ഇരിക്കാം. സദ്യ ഉണ്ണുന്ന വ്യക്തി ഇരുന്നതിന് ശേഷം മാത്രമേ ചോറ് വിളമ്പാവൂ.. വിളമ്പുമ്പോൾ ഒരിക്കലും ചോറ് പുറത്തേക്ക് പോവരുത്. പിന്നാലെ ഒഴിച്ചു കറിയും വിളമ്പാം.
സദ്യ കഴിക്കുന്നതിനും ചില ചിട്ടകൾ ഉണ്ട്. പരിപ്പ് കൂട്ടിയാണ് സദ്യ കഴിച്ചു തുടങ്ങുക. ആദ്യം കുറച്ച് ചോറ് ഭാഗിച്ച് അതിലേക്ക് നെയ്യും പപ്പടവും പരിപ്പും ചേർത്ത് കഴിക്കാം. കിച്ചടിയാണ് ഇതിനൊപ്പം കഴിക്കേണ്ടത്. പിന്നാലെ, സാമ്പാറും വിളമ്പും. ഇനി സാമ്പാറും മറ്റ് കറികളും കൂട്ടി ബാക്കി സദ്യ കഴിക്കാം.
ഇനിയാണ് സദ്യയിലെ കേമനായ പായസത്തെ ആസ്വദിക്കേണ്ടത്. ആദ്യം രുചിക്കേണ്ടത് പ്രഥമനാണ്. പഴമുടച്ചാണ് അടപ്രഥമൻ കഴിക്കുക. അട കഴിഞ്ഞാൽ, പാൽപായസമോ, പാലടയോ സേമിയ പായസമോ ഒക്കെയാവാം.. പാൽ പാലടക്കൊപ്പം ബോളിയോ ലഡുവോ ഒക്കെയാവാം. ഓരോ പായസവും രുചിച്ചതിന് ശേഷം, അൽപ്പം നാരങ്ങാ അച്ചാർ നാവിൽ തൊട്ടാൽ അടുത്തത് കുടിക്കുന്ന പായസത്തിന്റെ രുചി കൂടുമെന്നാണ് പറയുന്നത്.
Discussion about this post