എറണാകുളം: സിനിമാ മേഖലയിൽ നിർമ്മാതാക്കൾ നേരിടുന്ന പ്രശ്‌നങ്ങൾ വ്യക്തമാക്കി നടിയും നിർമ്മാതാവുമായ സാന്ദ്രാ തോമസ്. പൈസ ഇറക്കി പോയെന്നതിന്റെ പേരിൽ പല നിർമ്മാതാക്കളും പല കാര്യങ്ങളും സഹിക്കാറുണ്ടെന്ന് സാന്ദ്ര പറഞ്ഞു. സ്വകാര്യ വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരത്തിന്റെ പ്രതികരണം. ഒരു നിർമ്മാതാവ് തന്നെ വിളിച്ച് കരഞ്ഞിട്ടുണ്ടെന്നും സാന്ദ്ര കൂട്ടിച്ചേർത്തു.
വിദേശത്ത് ചിത്രീകരിച്ച ഒരു സിനിമയുടെ നിർമ്മാതാവിനായിരുന്നു അഭിനേതാക്കൾ കാരണം കരയണ്ട സാഹചര്യം ഉണ്ടായത്. ഒരിക്കൽ ആ സിനിമയിലെ നിർമ്മാതാവ് തന്നെ വിളിച്ച് കരഞ്ഞു. വിദേശരാജ്യത്താണ് ഷൂട്ടിംഗ് എന്നതിനാൽ അഭിനേതാക്കൾ ഏത് സമയത്തും ഷോപ്പിംഗിലാണ്. ഇഷ്ടത്തിന് പുറത്ത് പോകുന്നു, ഷോപ്പ് ചെയ്യുന്നു, പ്രേമിച്ച് വട്ടംചുറ്റി നടക്കുന്നു. അപ്പാർട്‌മെന്റിൽ പോകുന്നതും തോന്നുമ്പോഴാണ്.
ഷോപ്പിംഗിനും പ്രേമിച്ച് ചുറ്റിക്കറങ്ങാനും സമയം ചിലവഴിക്കുന്നതിനാൽ അഭിനേതാക്കൾ ഷൂട്ടിന് വരുന്നില്ല. ഇക്കാര്യം പറഞ്ഞ് അദ്ദേഹം ഫോണിൽ വിളിച്ച് കരാൻ തുടങ്ങി. എന്താണ് താൻ ചെയ്യേണ്ടത് എന്ന് പറഞ്ഞ് പൊട്ടിക്കരയുകയായിരുന്നു അദ്ദേഹം. പോയി പരാതി കൊടുക്കാൻ താൻ പറഞ്ഞുവെന്നും സാന്ദ്രാ തോമസ് വ്യക്തമാക്കി.
സിനിമാ സംഘടനകളുടെ തലപ്പത്തുള്ളവരെല്ലാം പരസ്പരം ധാരണയോടെയാണ് മുന്നോട്ട് പോകുന്നത്. ഏതെങ്കിലും ഒരു സംഘടനയോട് ഇടഞ്ഞാൽ പിന്നീട് അങ്ങോട്ട് പ്രൊജക്ടുകൾ ബുദ്ധിമുട്ടിലാകും. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നവരല്ല ഇപ്പോഴത്തെ പവർ ഗ്രൂപ്പ് എന്നും സാന്ദ്ര കൂട്ടിച്ചേർത്തു.
Discussion about this post