ഒരിടവേളയ്ക്ക് ശേഷം മോഹൻലാലും പ്രണവ് മോഹൻലാലും വീണ്ടും ഒന്നിക്കുന്നു. പ്രണവിന്റെ അരങ്ങേറ്റ ചിത്രമായ ‘ആദി’യിലും മരക്കാർ- അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലും നേരത്തെ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. പക്ഷേ ഇത്തവണ ഇരുവരും ഒന്നിക്കുന്നത് മലയാളത്തിൽ അല്ല എന്നുള്ളതും ശ്രദ്ധേയമാണ്. ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രം തെലുങ്കിലാണ് ഒരുങ്ങുന്നത്.
വരാനിരിക്കുന്ന പുതിയ തെലുങ്ക് ചിത്രത്തിൽ മോഹൻലാലും പ്രണവും അച്ഛനും മകനുമായാണ് അഭിനയിക്കുന്നത്. നേരത്തെ മോഹൻലാലിന്റെ ഹിറ്റ് തെലുങ്ക് ചിത്രമായ ജനതാ ഗാരേജിന്റെ സംവിധായകൻ കൊരട്ടല ശിവയുടെ പുതിയ ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. പ്രണവിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രം കൂടിയാണിത്.
മോഹൻലാൽ നായകനായ ഒന്നാമൻ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് പ്രണവ് സിനിമയിലേക്ക് എത്തുന്നത്. പിന്നീട് സാഗർ ഏലിയാസ് ജാക്കി എന്ന ചിത്രത്തിൽ ഒരു ഗാനരംഗത്തിൽ അതിഥി വേഷത്തിലും പ്രണവ് അഭിനയിച്ചിരുന്നു. പ്രണവ് മോഹൻലാൽ നായകനായി അരങ്ങേറ്റം കുറിച്ച ജീത്തു ജോസഫ് ചിത്രം ആദിയിൽ മോഹൻലാൽ അതിഥി താരമായി എത്തിയിരുന്നു. പിന്നീട് പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ-അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിൽ മോഹൻലാലിന്റെ കഥാപാത്രത്തിന്റെ യൗവ്വനകാലം അവതരിപ്പിച്ചത് പ്രണവ് ആയിരുന്നു.
Discussion about this post