നമ്മുടെ അടുക്കളയിൽ പലപ്പോഴും കാണപ്പെടുന്ന ഒരുപച്ചക്കറിയാണ് വെണ്ടക്ക. കാണാൻ അത്ര സുന്ദരൻ ഒന്നുമല്ലെങ്കിലും ഗുണഗണങ്ങളിൽ മുൻപന്തിയിലാണ് ഈ ലോഡീസ് ഫിഗർ. വൈറ്റമിൻ എ,ബി,സി,ഇ,കെ എന്നിവ കൂടാതെ കാത്സ്യം, അയൺ മഗ്നീഷ്യം,പൊട്ടാസ്യം,സിങ്ക് എന്നിവയും വെണ്ടക്കയിൽ അടങ്ങിയിരിക്കുന്നു. എന്തിനേറെ പറയുന്നു നാരുകളും അടങ്ങിയിട്ടുള്ളതാണ് വെണ്ടക്കയെന്ന കേമൻ.
തലേ ദിവസം രാത്രി ചെറു ചൂടുവെള്ളത്തിൽ ഇട്ടുവച്ച വെണ്ടയ്ക്കയുടെ വെള്ളം രാവിലെ കുടിക്കുന്നത് പ്രമേഹം തടയുന്നതിന് നല്ലതാണെന്ന് ആയുർവേദം പറയുന്നു. നാരുകളുടെ സാന്നിധ്യം കാരണം, ഇത് ദഹനത്തെ മന്ദഗതിയിലാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
മിനുസമാർന്ന ചർമ്മത്തിനും മുടിയ്ക്കും വെണ്ടയ്ക്ക നല്ലതാണ്. ആറോ എട്ടോ വെണ്ടയ്ക്ക കഴുകി വൃത്തിയാക്കി രണ്ടായി മുറിച്ച് ഒരു കപ്പ് തിളച്ച വെള്ളത്തിലിടുക. ഇത് ചെറിയ തീയിൽ വച്ച് കാൽകപ്പായി വറ്റിച്ചെടുക്കുക. അരിച്ചെടുക്കുന്ന വെള്ളത്തിൽ ഒലിവ് ഓയിലും വൈറ്റമിൻ ഇയും ചേർത്ത് മിക്സ് ചെയ്ത് തലയിൽ തേച്ചു പിടിപ്പിക്കുക. ഒരു മണിക്കൂർ കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാംപു ഉപയോഗിച്ച് കഴുകി കളയുക. മൂന്നോ നാലോ അവിച്ച വെണ്ടയ്ക്ക എടുത്ത് പേസ്റ്റാക്കി പുളിയില്ലാത്ത തൈരും ഒലിവ് ഓയിലും ചേർത്ത് മുഖത്തു പുരട്ടുക. ഏഴെട്ട് മിനിറ്റ് കഴിഞ്ഞ് മുഖം കഴുകി വൃത്തിയാക്കുക. ആഴ്ചയിൽ രണ്ട് മൂന്ന് തവണ ഇതാവർത്തിച്ചാൽ മുഖം തിളങ്ങും.
പതിവായി വെണ്ടയ്ക്കയിട്ട വെള്ളം കുടിക്കുന്നത് രോഗപ്രതിരോധശക്തി വർധിപ്പിക്കും. ഇതിലെ ആന്റിഓക്‌സിഡന്റുകൾ, ഇൻഫ്‌ലമേഷൻ കുറയ്ക്കുകയും രോഗങ്ങൾക്കു കാരണമാകുന്ന ഫ്രീ റാഡിക്കലുകളെ തുരത്തുകയും ചെയ്യുന്നു.മൂന്നോ നാലോ വെണ്ടയ്ക്ക രണ്ടായി നീളത്തിൽ കീറി രാത്രിമുഴുവൻ രണ്ട് ഗ്ലാസ് വെള്ളത്തിൽ ഇട്ടുവയ്ക്കുക. രാവിലെ വെണ്ടയ്ക്ക് നന്നായി പിഴിഞ്ഞ് വെള്ളത്തിൽ കലർത്തണം. ഈ വെള്ളമാണ് കുടിക്കേണ്ടത്. പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ഫൈബർ, മാംഗനീസ്, വിറ്റാമിൻ സി എന്നിവ വെണ്ടയ്ക്കയിൽ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ ബി, സി, ഫോളിക് ആസിഡ്, ഫൈബർ എന്നിവയാൽ സമ്പുഷ്ടമാണ് വെണ്ടയ്ക്ക വിശപ്പ് കുറയ്ക്കുകയും അതുവഴി ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.
എല്ലുകളുടെയും ശരീരത്തിന്റെയും ആരോഗ്യം നിലനിർത്താനാവശ്യമായ വൈറ്റമിനുകളാലും മിനറലുകളാലും സമ്പുഷ്ടമാണ് വെണ്ടയ്ക്ക. വൈറ്റമിൻ എ-യോടൊപ്പം തന്നെ ആൻറിഓക്സിഡൻറുകളായ ബീറ്റ കരോട്ടിൻ, സെന്തീൻ, ലുട്ടീൻ എന്നിവയുമുള്ളതിനാൽ കാഴ്ചശക്തി കൂട്ടാനും ഉത്തമമാണ്.
Discussion about this post