തിരുവനന്തപുരം: അന്തരിച്ച നടൻ മോഹൻ രാജിനെ അനുസ്മരിച്ച് നടൻ മോഹൻ ലാൽ. കഥാപാത്രത്തിന്റെ പേരിൽ വിളിക്കപ്പെടുകയും അറിയപ്പെടുകയും ചെയ്യുക എന്നത് അഭിനയസിദ്ധിയുടെ മഹാനുഗ്രഹം നേടിയ കലാകാരന് മാത്രം കിട്ടുന്ന സൗഭാഗ്യമാണ്. വ്യക്തിജീവിതത്തിൽ നന്മയും സൗമ്യതയും കാത്തുസൂക്ഷിച്ച എന്റെ പ്രിയപ്പെട്ട സുഹൃത്തിന് കണ്ണീരോടെ വിടയെന്നും മോഹൻ ലാൽ ഫേസ്ബുക്ക പോസ്റ്റിൽ കുറിച്ചു.
കുറിപ്പിന്റെ പൂർണരൂപം
കഥാപാത്രത്തിന്റെ പേരിൽ വിളിക്കപ്പെടുകയും അറിയപ്പെടുകയും ചെയ്യുക എന്നത് അഭിനയസിദ്ധിയുടെ മഹാനുഗ്രഹം നേടിയ കലാകാരന് മാത്രം കിട്ടുന്ന സൗഭാഗ്യമാണ് . കിരീടത്തിലെ കീരിക്കാടൻ ജോസ് എന്ന അനശ്വര കഥാപാത്രത്തെ അവതരിപ്പിച്ച പ്രിയപ്പെട്ട മോഹൻരാജ് നമ്മെ വിട്ടുപിരിഞ്ഞു. സേതുവിന്റെ എതിരാളിയായി തലയെടുപ്പോടെ ക്യാമറയുടെ മുന്നിൽ നിൽക്കുന്ന അദ്ദേഹത്തിന്റെ ഗാംഭീര്യം, ഇന്നലത്തെപ്പോലെ ഞാൻ ഓർക്കുന്നു. വ്യക്തിജീവിതത്തിൽ നന്മയും സൗമ്യതയും കാത്തുസൂക്ഷിച്ച എന്റെ പ്രിയപ്പെട്ട സുഹൃത്തിന് കണ്ണീരോടെ വിട.
ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു മോഹൻരാജ് അന്തരിച്ചത്. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് അവശനായിരുന്നു. കഴിഞ്ഞ ദിവസത്തോടെ അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായി. ഇതേ തുടർന്ന് കായംകുളത്തെ വീട്ടിൽ വച്ചായിരുന്നു അന്ത്യം.
മൂന്നാം മുറ എന്ന സിനിമയിലൂടെ ആയിരുന്നു മോഹൻ രാജ് സിനിമാ രംഗത്തേക്ക് എത്തിയത്. വില്ലൻ വേഷങ്ങൾക്ക് പുതിയ മാനങ്ങൾ നൽകിയ നടനായിരുന്നു മോഹൻ രാജ്. വില്ലൻ വേഷങ്ങളായിരുന്നു ഏറ്റവും കൂടുതൽ ചെയ്തത്. മോഹൻ ലാൽ ചിത്രമായ കിരീടം എന്ന സിനിമയിലെ കീരിക്കാടൻ ജോസ് എന്ന വില്ലൻ വേഷത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടതും മലയാളികളുടെ പ്രിയപ്പെട്ട വില്ലനായതും. മോഹൻലാൽ ചിത്രങ്ങളിൽ തന്നെയായിരുന്നു കൂടുതലായി വില്ലൻ വേഷങ്ങൾ ചെയ്തിരുന്നത്. ആറാം തമ്പുരാൻ, നരസിംഹം, ചെങ്കോൽ, തുടങ്ങിയ സിനിമകളിലെ വില്ലൻ വേഷങ്ങളും ശ്രദ്ധിക്കപ്പെട്ടു.
Discussion about this post