ഇന്നത്തെ കാലത്ത് എല്ലാവരും അൽപ്പസ്വൽപ്പം സൗന്ദര്യകാര്യത്തിലൊക്കെ വാചാലരാവാറുണ്ട്. മുഖസൗന്ദര്യവും ശരീരസൗന്ദര്യവും കാത്തുസൂക്ഷിക്കുന്നതിനോടൊപ്പം തന്നെ കേശസംരക്ഷണവും എല്ലാവർക്കും താത്പര്യമുള്ള വിഷയമാണ്. എത്ര കഷ്ടപ്പെട്ടിട്ടും അങ്ങോട്ട് മെനയാകുന്നില്ല എന്നാണ് പലരുടെയും പരാതി. വെള്ളം നല്ലതല്ലാഞ്ഞിട്ടാണ് ഷാംപൂവിന്റെ പ്രശ്‌നം,സിറം നല്ലതല്ല,ഓയിൽ മാറ്റണം,പാരമ്പര്യം അങ്ങനെ പല കാരണങ്ങളിലേക്ക് വിരൽചൂണ്ടും.
എന്നാൽ പുറത്ത് നിന്ന് മാത്രമല്ല. അകത്തേക്കും നല്ല പോഷകആഹാരം ചെന്നാലേ മുടിയ്ക്ക് നല്ല കരുത്തും ആരോഗ്യം ഉണ്ടാവൂ. മുടിയുടെ വളർച്ചയിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണം ഒരു പ്രധാന പങ്ക് വഹിക്കുന്നു.പ്രോട്ടീൻ, വിറ്റാമിൻ ബി, വിറ്റാമിൻ സി, ഡി, ഒമേഗ-3 ഫാറ്റി ആസിഡ്, സിങ്ക്, ബയോട്ടിൻ, ഇരുമ്പ് തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങൾ മുടിയുടെ ആരോഗ്യത്തിനായി ഡയറ്റിൽ ഉൾപ്പെടുത്തണം
മുടി 95% കെരാറ്റിൻ (ഒരു പ്രോട്ടീൻ), 18 അമിനോ ആസിഡുകൾ (പ്രോട്ടീനുകളുടെ നിർമാണ ഘടകം) എന്നിവയാണ്. ആരോഗ്യകരമായ പ്രോട്ടീൻ കഴിക്കുന്നത് മുടിയുടെ വളർച്ചയെ സഹായിക്കുകയും പ്രോട്ടീന്റെ കുറവ് മുടിയുടെ വളർച്ചയെ മന്ദഗതിയിലാക്കുകയും അവ ദുർബലമാക്കുകയും ചെയ്യും.മുട്ട, പാൽ, പനീർ, തൈര്, ചീസ്, ചിക്കൻ, കോഴി, ക്വിനോവ പോലുള്ള ധാന്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ബയോട്ടിൻ അടങ്ങിയ ബദാം, വാൾനട്ട്, പച്ചക്കറികൾ, കോളിഫ്‌ളവർ, കാരറ്റ് എന്നിവയും മുടിവളർച്ചയ്ക്ക് നല്ലതാണ്. മുടിയുടെ വളർച്ചയ്ക്കു സഹായിക്കുന്ന മറ്റൊരു ഘടകമാണ് ഫെറിറ്റിൻ. ഇറച്ചി, കോഴി, മുട്ട, പച്ച ഇലക്കറികൾ, പേരക്ക പോലുള്ള പഴങ്ങൾ എന്നിവയിൽ ഇരുമ്പ് ഉൾപ്പെട്ടിട്ടുണ്ട്.
മുടിയുടെ വളർച്ചയെ ദോഷകരമായി ബാധിക്കുന്ന ചില ഭക്ഷണങ്ങൾ ഉണ്ട്. പഞ്ചസാരയാണ് ഒന്ന്. അമിതമായി പഞ്ചസാര കഴിക്കുന്നവരാണെങ്കിൽ മുടികൊഴിച്ചിൽ കാലത്തിനായി തയ്യാറായിക്കോളൂ എന്നാണ് പറയാനുള്ളത്. ഗ്ലൈസമിക് സൂചിക ഉയർന്ന ഭക്ഷണങ്ങളായ വൈറ്റ് ബ്രഡ്. പേസ്ട്രി എന്നിവ മുടിയുടെ വില്ലനാണ്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുകയും രോമകൂപങ്ങൾ കേടുവരാൻ കാരണമാകുകയും ചെയ്യും
കഫീൻ അമിതമായി ഉപയോഗിക്കുന്നത് നിർജലീകരണത്തിന് കാരണമാകും. അതുവഴി ശരീരത്തിൽ പോഷകങ്ങൾ എത്തുന്നത് കുറയുകയും ചെയ്യും.വറുത്ത ഭക്ഷണങ്ങൾ മുടിയ്ക്കും ദോഷകരമാണ്. ഇവയിൽ അടങ്ങിയിരിക്കുന്ന ട്രാൻസ് ഫാറ്റുകൾ തലയോട്ടിയിലെ സുഷിരങ്ങൾ അടയ്ക്കുകയും ശരിയായ മുടി വളർച്ചയെ തടസ്സപ്പെടുത്തുകയും ചെയ്യും
Discussion about this post