ഭൂലോകത്ത് ജീവിച്ചിരിക്കുന്ന സസ്തനികളെല്ലാവരും ചേരിതിരിഞ്ഞ് സൈന്യമുണ്ടാക്കി അങ്കത്തിനൊരുങ്ങിയാൽ ഏറ്റവും അംഗബലമുണ്ടായേക്കാവുന്ന ജീവിവർഗം…കണ്ടാൽ ചിലർക്കെങ്കിലും അറപ്പുണ്ടാക്കുന്ന, എന്നാൽ എല്ലാ പരീക്ഷണ നിരീക്ഷണങ്ങൾക്ക് ഇരയാവുന്ന, ഇടയ്‌ക്കൊന്ന് ഓമനിക്കാനുമൊക്കെ മനുഷ്യന് വേണ്ട ജീവിവർഗം. പറഞ്ഞുവരുന്നത് എലികളെ കുറിച്ചാണ്. അതെ നമ്മുടെ ടോം ആൻഡ് ജെറിയിലെ കുസൃതിക്കാരനായ തവിട്ടുനിറക്കാരൻ ജെറിയുടെ കുടുംബക്കാരെ കുറിച്ച്…
ഈ കണ്ട സകലപരീക്ഷണങ്ങൾക്കും നിരീക്ഷണങ്ങൾക്കും നമ്മൾ മനുഷ്യർക്ക് ഇവയെ ആവശ്യമാണെങ്കിലും കള്ളപ്പെരുച്ചാഴിയെന്ന വിളിയാണ് ബാക്കി… പാവം…. ഭൂലോക തുരപ്പൻ, മല പോലെ വന്നത് എലി പോലെ പോയി…മൂഷിക സ്ത്രീ എന്നും മൂഷിക സ്ത്രീ.. അങ്ങനെ എന്തെല്ലാം പ്രയോഗങ്ങളും പഴഞ്ചൊല്ലുമാണ് പാവം എലികളെ കുറിച്ച് നമ്മൾ മനുഷ്യൻ പറഞ്ഞുണ്ടാക്കിയിരിക്കുന്നത്. ഇത് വല്ലോം എലി അറിഞ്ഞാലുണ്ടല്ലോ.. സർവ്വ സൈന്യവുമായി ആളിങ്ങെത്തും. അത്രയ്ക്കുണ്ട് അംഗബലവും കുടുംബബലവും. ഏതാണ്ട് 26 ലക്ഷം വർഷങ്ങൾക്ക് മുൻപേ ഭൂമിയിൽ നിലയുറപ്പിച്ച ജീവിവർഗമാണത്രേ എലികൾ. റോഡന്റ് ഫാമിലീസ് അഥവാ കരണ്ടുതീനികളാണ് ഇവയുടെ യഥാർത്ഥ കുടുംബം. നമ്മുടെ അണ്ണാനും മുള്ളൻപന്നിയും ഒക്കെ എലിയുടെ വകയിലെ അളിയനും കൊച്ചച്ചനും ഒക്കെയായി വരും. റോഡൻഷ്യേ വർഗത്തിലെ മ്യൂറിഡേ കുടുംബത്തിൽപ്പെട്ട റാറ്റസ് ജനുസുകാരാണ് എലികളെന്ന് ശാസ്ത്രീയമായി പറയാം.
ഏത് നരകത്തിൽ കൊണ്ടിട്ടാലും ഇതൊക്കെ എന്തെന്ന് പറഞ്ഞ് നിഷ്പ്രയാസം അവിടെ വളർന്ന് പെറ്റുപെരുകി സാമ്രാജ്യം പണിയുന്ന ദ അൾട്ടിമേറ്റ് സർവൈവർ. ഏത് പരിതസ്ഥിതിയിലും വളരുകയും പെറ്റുപെരുകുകയും ചെയ്യുന്നതിനാൽ എലികൾക്ക് വംശനാശഭീഷണിയേ ഇല്ല. ലോകത്തെമ്പാടുമായി 4,000ത്തോളം സ്പീഷീസ് എലികളുണ്ടത്രേ. നമ്മുടെ നാട്ടിൽ കാണുന്ന പെരുച്ചാഴിയും ചുണ്ടെലിയും വെള്ളെലിയും കറുപ്പെലിയുമെല്ലാം ഇവയിൽ ചിലത് മാത്രം.
മനുഷ്യനെ സംബന്ധിച്ച് എലികൾ വലിയൊരു തലവേദനയാണ്. ഇവന്റെ മറ്റു കുടുംബക്കാർക്കില്ലാത്ത കരണ്ടുതീനി സ്വഭാവം ആണ് പ്രധാനപ്രശ്‌നം. എന്ത് കണ്ടാലും ആർത്തി ആണ്.. അതിപ്പോ ഭക്ഷണസാധനങ്ങളെന്നോ പ്ലാസ്റ്റിക്കെന്നോ എന്തിന് ഇരുമ്പ് പോലും കരണ്ട് തിന്നുന്ന എലികളെ പറ്റി കേട്ടില്ലേ.. ഇങ്ങനെ ഒരു ആർത്തിപണ്ടാരം. അത് മാത്രമോ.. സകല ഇടത്തും ചുറ്റിക്കറങ്ങി കിട്ടാവുന്ന രോഗാണുക്കളെ എല്ലാം ക്ഷണിച്ച് ദേഹത്ത് കയറ്റി മനുഷ്യന് സമ്മാനിക്കുകയും ചെയ്യും.പ്ലേഗ് മുതൽ എലിപ്പനി വരെ പടത്തി എത്ര ലക്ഷം മനുഷ്യരെയാണ് ഈ കള്ളഎലികൾ കൊന്നിട്ടുള്ളത്. എത്ര വലിയ ജന്തു സ്‌നേഹി ആയാലും കെണി വെച്ചും വിഷം കൊടുത്തും എലികളെ കൊല്ലുന്നതിൽ എതിർപ്പ് പറയാൻ ചിലർ വാ തുറക്കാത്തത് എലികളുടെ ഈ ഒരുമാതിരിപ്പെട്ട സ്വഭാവം കാരണമാണ്. ഭൂമിയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന കെണി ചിലപ്പോൾ എലിക്കെണിയായിരിക്കും.
എന്ത് കൊണ്ടായിരിക്കാം നാട്ടുകാരെ കൊണ്ട് പറയിപ്പിക്കാനായിട്ട് ഈ സകലതും കരണ്ടു തിന്നുന്ന സ്വഭാവം ഇവയ്ക്ക് വന്നത്.? സത്യം പറഞ്ഞാൽ ഗതികേട് കൊണ്ടാണ്. മരണം വരെ വളർന്നുകൊണ്ടിരിക്കുന്ന ഒരു ജോഡി ഉളിപ്പല്ലുകൾ മോളിലും താഴെയും ഉള്ളത് കൊണ്ട് തന്നെ.പല്ലുകൾ എന്തിലെങ്കിലും ഉരച്ച് നീളം കുറച്ചില്ലെങ്കിൽ ഒന്നും തിന്നാൻ പറ്റാത്ത വിധത്തിൽ പല്ല് വായിൽ നിന്ന് പുറത്തേക്ക് നീണ്ടുകളയും. കൂടാതെ നല്ല മൂർച്ചയുണ്ടെങ്കിൽ മാത്രമേ ഉറപ്പുള്ള പരിപ്പുകളും ധാന്യങ്ങളും ഒക്കെ കടിച്ച് മുറിക്കാനും മറ്റും ഇവർക്ക് കഴിയു. അതിനാലാണ് എപ്പോഴും കരണ്ടു രാകി പല്ല് മൂർപ്പിച്ച് വെക്കുന്നത്. പാവം ലേ.. വെറുതെ തെറ്റിദ്ധരിച്ചു. കരണ്ടോ കരണ്ടോ ഇഷ്ടം പോലെ കരണ്ടോ…
പക്ഷേ ഈ സത്യാവസ്ഥ അറിയാതിരുന്ന കാലത്ത് എന്തിനും ഏതിനും പരിഹാരം കണ്ടുപിടിക്കുന്ന മനുഷ്യൻ എലി ശല്യത്തിന് ഒരു ഉപായം കണ്ടുപിടിച്ചു. അതെന്താണെന്നല്ലേ..പൂച്ചകൾ തന്നെ.. കാട്ടുപൂച്ചകളെ നൈസായി മത്സ്യം കൊടുത്ത് വശീകരിച്ച് തങ്ങളുടെ സൈഡാക്കുകയായിരുന്നു മനുഷ്യർ ചെയ്തത്. അവയിൽ നല്ല മെരുക്കം കാണിച്ചവയുടെ പരമ്പരകളിൽ കൂടൂതൽ മെരുക്കമുള്ളവയെ തിരഞ്ഞെടുത്ത് വളർത്തിയാണ് നൂറ്റാണ്ടുകളിലൂടെ വീട്ടുപൂച്ചകൾ ഉണ്ടായത്. കാലങ്ങളായി ചെയ്യുന്ന പരിപാടി ആയതിനാൽ പൂച്ചകൾ എലി പിടുത്തത്തിൽ വിദഗ്ധരായി,തലമുറകൾ നീങ്ങവെ എലികളുടെ ആജന്മശത്രുക്കളായും പൂച്ചകൾ മാറി. അഥവാ നമ്മൾ മാറ്റി. എലികളെ സംബന്ധിച്ച് പൂച്ച എന്നും പുലിയാണ്.
എലികൾ അനേക തരം ഉണ്ടെന്ന് പറഞ്ഞല്ലോ..ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ പരിണമിച്ചുണ്ടായി പിന്നീട് കച്ചവട സംഘങ്ങൾക്കൊപ്പം ലോകം മുഴുവൻ പടർന്ന എലികളാണ് Rattus rattus എന്ന ഇനം. വീട്ടെലി , തട്ടിൻപുറത്തെലി, കപ്പൽ എലി എന്നൊക്കെ ഇവരെയാണ് വിളിക്കുന്നത്. കറുത്ത എലി എന്ന് വിളിക്കുമെങ്കിലും അടിഭാഗം നിറം കുറഞ്ഞ , കറുപ്പു മുതൽ ഇളം തവിട്ട് നിറം വരെ ഇവരെ കാണാം. മിശ്രഭോജികളായ ഇവർ ഒരുവിധം എല്ലാം തിന്നും. ചെറിയ പക്ഷികൾ, ഷഡ്പദങ്ങൾ തുടങ്ങിയവ വരെ തിന്നും. തവിട്ടുനിറത്തിലുള്ളവയാണ് പരീക്ഷണങ്ങൾക്കായി മനുഷ്യർ അധികം ഉപയോഗിക്കുന്നത് വടക്കൻ ചൈനയിൽ ഉരുത്തിതിരിഞ്ഞ് ആന്റാർട്ടിക്ക ഒഴികെ ലോകം മുഴുവൻ ഇവനുണ്ട്. പെരുച്ചാഴിയെ പിന്നെ പ്രത്യേകം പരിചയപ്പെടുത്തണ്ടല്ലോ,, എലികളുടെ കൂട്ടത്തിലെ തടിമാടൻമാർ. തിന്നുകൊഴുത്ത ശരീരം കാരണം പന്നിയെലി എന്നും വിളിപ്പേരുണ്ട്… അങ്ങനെ അനേകം എലികൾ. പൊതുവെ രാത്രി സഞ്ചാരികളാണെങ്കിലും ഇപ്പോൾ നട്ടുച്ച സമയത്ത് പോലും ഇവ കൂളായി നടക്കുന്നത് കാണാം.
ഇവയുടെ സന്താനോൽപ്പാദനവും വളരെ വ്യത്യസ്തമാണ്. നിത്യ ഗർഭിണികളാണ് എലികളെന്ന് തമാശയ്ക്ക് പറയാം. ആണ്ടിൽ എല്ലാ മാസങ്ങളിലും ഇവ സന്താനോത്പ്പാദനം നടത്തുന്നു. 21 ദിവസത്തെ ഗർഭകാലത്തിൽ ഒറ്റപ്രസവത്തിൽ 3 മുതൽ 12 വരെ കുഞ്ഞുങ്ങൾ ഉണ്ടാവും. ജനിക്കുമ്പോൾ കാഴ്ച്ച ശക്തി ഉണ്ടായിരിക്കുകയില്ല. ശരീരത്തിൽ രോമങ്ങളും ഉണ്ടാകാറില്ല. പക്ഷേ വളരെ വേഗം കുഞ്ഞുങ്ങൾ വളരുന്നു. ജനിച്ചു 15 ദിവസം കഴിയുമ്പോൾ ലഭിക്കുന്നു. ശരീരത്തിൽ രോമം വളർന്നുവരാൻ മൂന്നാഴ്ച്ചയെടുക്കും. പ്രസവം കഴിഞ്ഞ് മണിക്കൂറുകൾക്കകം പെണ്ണെലി അടുത്ത ലൈംഗികബന്ധത്തിന് തയ്യാറാകുന്നു. രണ്ടുവയസ്സ് പ്രായമെത്തിക്കഴിഞ്ഞാൽ പെണ്ണെലിക്ക് പ്രസവിക്കാനുള്ള കഴിവു നശിക്കും. മൂന്നു വർഷം പ്രായമാകുമ്പോൾ പല്ലുകൾ കൊഴിഞ്ഞ് വാർധക്യലക്ഷണങ്ങൾ പ്രകടമാകുന്നു.ഒരു പെണ്ണെലി അതിന്റെ ജീവിത കാലത്ത് ഏതാണ്ട് നൂറ് കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നുവെന്നാണ് ഏകദേശ കണക്ക്. ന്റെ അമ്മോ വല്ലാത്ത ജാതി കണക്ക് അല്ലേ…വെറുതെ അല്ല ലോകത്തെ സസ്തനികളിൽ ആറിലൊന്നും എലികളായി മാറിയത്.
ആള് ഇത്തിരിക്കുഞ്ഞനാണെങ്കിലും എലിപ്പേടിയുള്ള അനേകം മനുഷ്യർ നമുക്കിടയിലുണ്ട്. രോഗവാഹകരാണ് അവരെന്ന് ഉള്ളത് കൊണ്ടല്ല. ചുമ്മാ ഒരു ഭയം. ഇങ്ങനെ എലികളെ അകാരണമായി ഭയപ്പെടുന്നതിന് മുസൊഫോബിയ എന്നാണ് പറയുക.. നല്ല ഫ്രീക്കൻ പേര് അല്ലേ… എലികളെ ആരാധിക്കുകയും ചെയ്യുന്ന അനേകം സംസ്‌കാരങ്ങൾ ഉണ്ട്. ഹിന്ദുമതത്തിൽ ഗണപതി ഭഗവാന്റെ വാഹനമാണ് എലി. ചൈനയിലാവട്ടെ എലി അത്യാവശ്യം ഫാൻബേസുള്ള ഒരു ദൈവവുമാണ്. ചുരുക്കം പറഞ്ഞാൽ എലി വെറും എലിയല്ല .. ആളൊരു പുലിയാണ്.













Discussion about this post