തിരുവനന്തപുരം: കേരളത്തിലെ ഏറെ ജനപ്രിയമായ ട്രയിൻ സർവ്വീസുകളിലൊന്നായ ജനശതാബ്ദിയ്ക്ക് പുതിയ കോച്ചുകൾ ഉൾപ്പെടുത്തിയ ട്രെയിൻ. സംസ്ഥാനത്ത് സർവ്വീസ് നടത്തുന്ന രണ്ട് ജനശതാബ്ദി ട്രെയിനുകളിൽ ഒന്നിനാണ് മാറ്റം. ജർമ്മൻ സാങ്കേതികവിദ്യയിൽ ഓടുന്ന എൽഎച്ച്ബി കോച്ചുകളാണ് റെയിൽവേ പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. കോട്ടയം വഴി സർവ്വീസ് നടത്തുന്ന തിരുവനന്തപുരം- കണ്ണൂർ ജനശതാബ്ദിയാണ് മുഖം മിനുക്കി യാത്രക്കാരിലേക്ക് എത്തുന്നത്.
ഈ മാസം 16 ന് തിരുവനന്തപുരത്ത് നിന്ന് മാറ്റങ്ങളോടെ ട്രെയിൻ സർവ്വീസ് ആരംഭിക്കും.ജർമ്മൻ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച കോച്ചുകളിൽ യാത്രക്കാർക്ക് സൗകര്യപ്രദമായ രീതിയിലാണ് സീറ്റുകൾ വിന്യസിച്ചിട്ടുള്ളത്. കോച്ചുകൾ കൂട്ടിയിടിച്ചാൽ പോലും അപകടസാധ്യത കുറവാണ് ഇവയ്ക്ക്. ഭാരക്കുറവുള്ള ലോഹഭാഗങ്ങൾ കൊണ്ടാണ് നിർമ്മാണം. ഇതുകൊണ്ട് തന്നെ ട്രെയിനിന് വേഗതെ എളുപ്പത്തിൽ കൈവരിക്കാനായി. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി ട്രെയിനും അടുത്ത സാമ്പത്തിക വർഷത്തോടെ പുതുപുത്തനായി എത്തുമെന്നാണ് പ്രതീക്ഷ.
ഏതാണ്ട് 502 കിലോമീറ്റർ സഞ്ചരിക്കുന്ന തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്‌സ്പ്രസിന് 15 സ്റ്റോപ്പുകളാണ് ഉള്ളത്. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലെത്താൻ 9 മണിക്കൂറാണ് എടുക്കുന്നത്. ദിവസേന ഉള്ള ഈ ട്രെയിനിൽ എസി ചെയർകാർ, സെക്കൻഡ് ക്ലാസ് സിറ്റിംഗ് എന്നീ ക്ലാസുകളാണ് ഉള്ളത്.
Discussion about this post