അനേകം രഹസ്യങ്ങൾ ഒളിപ്പിച്ചുവച്ചതാണ് നമ്മുടെ പ്രകൃതി. ദിവസങ്ങളും വർഷങ്ങളും നൂറ്റാണ്ടുകളും എടുത്താണ് മനുഷ്യൻ ഓരോ രഹസ്യത്തിന്റെയും ചുരുൾ അഴിക്കുന്നത്. കൗതുകവും സുഖലോലുപതയും അൽപ്പം കൂടുതലായ മനുഷ്യകുലത്തിന്റെ ചെയ്തികൾ പ്രകൃതിയെ സാരമായി തന്നെ ബാധിക്കാറുണ്ട്. ഇപ്പോഴിതാ കാലാവസ്ഥാ വ്യതിയാനും മൂലം അന്റാർട്ടിക്കയുടെ അവസ്ഥയാകെ ശോകമൂകമാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അന്റാർട്ടിക്കയിലെ മഞ്ഞുരുക്കം അതിശക്തമായി പായലുകളും അധിനിവേശചെടികളും വളരാൻ ആരംഭിച്ചുവെന്ന് അടുത്തിടെ കണ്ടെത്തിയിരുന്നു.
ഇപ്പോഴിതാ അന്റാർട്ടിക്കയെ സംബന്ധിച്ച് കൗതുകരമായ ഒരു ചർച്ചയാണ് നടക്കുന്നത്. അൻറാർട്ടിക്കയിൽ മനുഷ്യ നിർമ്മിതമായ പിരമിഡുകളുണ്ടെന്ന തരത്തിൽ ചില ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടതോടെയാണ് ചർച്ചകൾ ആരംഭിച്ചത്.
ഇലുമിനാറ്റിബോട്ട് എന്ന എക്‌സ് ഹാൻറിലിൽ ആണ് ആദ്യം പിരിമഡ് സംബന്ധിച്ച കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. അൻറാർട്ടിക്കയിലെ പിരമിഡിൻറെതെന്ന പേരിൽ ഒരു ചിത്രവും ഈജിപ്തിലെ പിരമിഡുകളുടെ ചിത്രവും ചേർത്ത് വച്ച ചിത്രത്തോടൊപ്പം ‘അൻറാർട്ടിക്കയിലെ വലിയ പിരമിഡ് ഈ കോർഡിനേറ്റുകളിൽ കാണാം: 79°58’39.2’S, 81°57’32.2’W. തീർച്ചയായും, ഇത് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിട്ടില്ല, കാരണം അത് നമ്മുടെ മുഴുവൻ ചരിത്രത്തെയും മാറ്റും. എന്ന കുറിപ്പുമുണ്ടായിരുന്നു. ഇത് വലിയതോതിൽ വൈറലായി.
ഫോട്ടോയിൽ കാറ്റ് പിടിച്ച്, മഞ്ഞിൽ ആകൃതി വ്യക്തമായികാണാവുന്ന മൂന്ന് പ്രധാന ഘടനകളും മറ്റ് ചില ചെറിയ ഘടനകളും കാണാം. ശക്തമായ കാറ്റ് ഈ ഘടനകളെ പ്രത്യേകമായി എടുത്ത് കാണിക്കുന്നു. കാഴ്ചയിൽ ഏതാണ്ട് പിരമിഡുകളുടെ ആകൃതിയാണ് ഈ ഘടനകൾക്ക് ഉണ്ടായിരുന്നത്.പലരും ആദിമമനുഷ്യർ അന്റാർട്ടിക്കയിൽ ഉണ്ടായിരുന്നുവെന്ന വാദം ഉന്നയിച്ചു. എന്നാൽ പരിമിഡ് ഇല്ലെന്നും അത് പർവ്വതനിരകളാണെന്നും ആളുകൾ ചൂണ്ടിക്കാട്ടി.
79°58’39.2’S, 81°57’32.2’W കോർഡിനേറ്റുകൾ അൻറർട്ടിക്കയിലെ എൽസ്വർത്ത് പർവതനിരകളെയാണ് അടയാളപ്പെടുത്തുന്നത്. 400 കിലോമീറ്റർ നീളമുള്ളവയാണ് എൽസ്വർത്ത് പർവതനിരകൾ. ഈ പർവത നിരകളിൽ നിരവധി കൊടുമുടികളുമുണ്ട്. ഈ പർവ്വതം സ്ഥിതിചെയ്യുന്ന ‘ഹെറിറ്റേജ് റേഞ്ച്’ എന്നറിയപ്പെടുന്ന ഈ പ്രദേശത്ത് നിന്നാണ് 500 ദശലക്ഷം വർഷം പഴക്കമുള്ള ഫോസിലുകൾ കണ്ടെത്തിയിട്ടുള്ളതത്രേ.
എന്നാൽ ദശലക്ഷക്കണക്കിന് വർഷങ്ങളായി ഉണ്ടാകുന്ന മണ്ണൊലിപ്പ് കാരണമാണ് ഇത്തരമൊരു ഘടന പർവ്വതങ്ങൾക്ക് ഉണ്ടായതെന്ന് ജിയോളജിസ്റ്റുകൾ പറയുന്നു.
Discussion about this post