കൊച്ചി: മോഹൻലാൽ-പൃഥ്വിരാജ്-മുരളി ഗോപി കൂട്ടുകെട്ടിൽ എത്തിയ സൂപ്പർഹിറ്റ് ചലച്ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം തകൃതിയായി പുരോഗമിക്കുകയാണ്. വിദേശരാജ്യങ്ങളിലെ ഷെഡ്യൂളുകൾക്ക് ശേഷം ഇപ്പോൾ ഇന്ത്യയിലാണ് ഷൂട്ടിംഗ് പുരോഗമിക്കുന്നത്. ചിത്രം ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്റ്റീഫൻ നെടുമ്പള്ളിയെന്ന അബ്രാം ഖുറെഷിയുടെ പഴയ ജീവിതവും പുതിയ കാലഘട്ടവും ചിത്രത്തിൽ കാണിച്ചു തരുമെന്നാണ് സൂചനകൾ.
ചിത്രത്തിന്റെ ഷൂട്ടിംഗ് അപ്‌ഡേറ്റുകളെല്ലാം പൃഥ്വിയും മറ്റ് അണിയറക്കാരും ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. ഈയിടെ തന്റെ 42 ാം പിറന്നാൾ ദിനത്തിൽ എമ്പുരാന്റെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ ആശംസ നേർന്ന് എത്തിയിരുന്നു. പ്രിയപ്പെട്ട രാജുവിന് ജന്മദിനാശംസകൾ’ എന്നു തുടങ്ങുന്ന ആശംസ കുറിപ്പാണ് ആന്റണി പങ്കുവച്ചത്. എന്നാൽ, ‘ആ ഹെലികോപ്ടറിന്റെ കാര്യം…’ എന്നാണ് പോസ്റ്റിനു മറുപടിയായി പൃഥ്വി കുറിച്ചത്. ഇത് സോഷ്യൽമീഡിയയിൽ വലിയ ഹിറ്റായിരുന്നു. ഇപ്പോഴിതാ ഹെലികോപ്റ്ററിന്റെ കാര്യത്തിൽ പുതിയ അപ്‌ഡേറ്റ് ഉണ്ടെന്ന് പറയുകയാണ് പൃഥ്വി. Le Anthony: ഹെലികോപ്റ്റർ വരും എന്ന് ഞാൻ പറഞ്ഞു… ഹെലികോപ്റ്റർ വന്നു ! ഇനി വേറെ എന്തെങ്കിലും എന്നാണ് പൃഥ്വി ഒരു ചിത്രം പങ്കുവച്ച് സോഷ്യൽമീഡിയയിൽ കുറിച്ചത്. ഇതോടെ മോഹൻലാലിന്റെ സ്‌കൈ ഫൈറ്റ് ഉണ്ടോയെന്ന് ആരാധകർ സംശയം കുറിച്ചിരിക്കുകയാണ്.
Discussion about this post