ഐശ്വര്യപൂർണ്ണമായ ദീപാവലി ആഘോഷങ്ങൾക്കായി ഒരുങ്ങുകയാണ് ഭാരതം. ദീപാവലി ദിനത്തിൽ ദീപങ്ങൾ തെളിയിക്കുന്നത് പോലെ തന്നെ പ്രധാനമാണ് മധുരപലഹാര വിതരണവും. സമ്പത്തിനെയും സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ദേവതയായ ലക്ഷ്മിദേവിക്ക് ദീപാവലി ദിനത്തിൽ മധുരപലഹാരങ്ങൾ സമർപ്പിക്കുന്നത് വീട്ടിൽ ഐശ്വര്യം വരാൻ കാരണമാകും എന്നാണ് കരുതപ്പെടുന്നത്.
ദീപാവലിയോട് അനുബന്ധിച്ച് ഭാരതീയ ഗൃഹങ്ങളിൽ വിവിധയിനം മധുര പലഹാരങ്ങൾ തയ്യാറാക്കാറുണ്ട്. തനത് ഇന്ത്യൻ ശൈലിയിലുള്ള പലഹാരങ്ങളാണ് ദീപാവലിക്ക് തയ്യാറാക്കുക. ഇങ്ങനെ നാവിൽ വെച്ചാൽ അലിഞ്ഞു പോകുന്ന ഒരു ദീപാവലി മധുരം ഈ വർഷത്തെ ദീപാവലിക്ക് നമുക്കും തയ്യാറാക്കി നോക്കാം.
പരമ്പരാഗത ഇന്ത്യൻ ശൈലിയിൽ നിർമ്മിക്കുന്ന ഒരു മിൽക്ക് ബർഫി ആണ് യഥാർത്ഥത്തിൽ കലകണ്ട്. പാലും പഞ്ചസാരയും ഏതാനും ചില സുഗന്ധദ്രവ്യങ്ങളും മാത്രമാണ് ഇതിനായി ഉപയോഗിക്കുന്നത്. ഏറ്റവും കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ കഴിയും എന്നുള്ളതാണ് കലകണ്ടിന്റെ ഒരു പ്രത്യേകത.
രുചിയേറും കലകണ്ട് തയ്യാറാക്കുന്നതിനായി രണ്ട് പാക്കറ്റ് പാൽ നന്നായി തിളപ്പിച്ച് രണ്ട് സ്പൂൺ നാരങ്ങാനീര് അതിലേക്ക് ഒഴിച്ച് പാൽ പിരിച്ചെടുത്ത് പനീർ തയ്യാറാക്കുക. തുടർന്ന് ഒരു നല്ല കോട്ടൺ തുണിയിൽ കിഴി കെട്ടി വെള്ളം വാർത്തെടുത്ത് ഈ പനീർ മാറ്റിവയ്ക്കണം. തുടർന്ന് ഒരു പാക്കറ്റ് പാൽ ഒരു കപ്പ് പഞ്ചസാര ചേർത്ത് നന്നായി തിളപ്പിച്ച് എടുക്കണം. കൂടുതൽ രുചിക്കായി അല്പം കണ്ടൻസ്ഡ് മിൽക്കും ഏലയ്ക്കാപ്പൊടിയും ഇതിലേക്ക് ചേർക്കാം. തുടർന്ന് നേരത്തെ തയ്യാറാക്കി വെച്ച പനീർ ഈ മിശ്രിതത്തിലേക്ക് ചേർത്ത് കൈവിടാതെ നന്നായി ഇളക്കി വരട്ടി എടുക്കണം. ജലാംശം നന്നായി വറ്റി പാത്രത്തിൽ നിന്നും ഹൽവ പരുവത്തിൽ ഇളകി വരുന്ന സമയത്ത് തീ ഓഫ് ചെയ്ത ശേഷം ഈ മിശ്രിതം ഒരു ബേക്കിംഗ് ട്രേയിലേക്കോ പ്ലേറ്റിലേക്കോ മാറ്റി തവികൊണ്ട് അമർത്തി ഷേപ്പ് ചെയ്തെടുക്കാം. കുങ്കുമപ്പൂവ്, പിസ്ത, കശുവണ്ടി എന്നിവയെല്ലാം ഉപയോഗിച്ച് കലകണ്ട് അലങ്കരിക്കുകയും ചെയ്യാവുന്നതാണ്. തുടർന്ന് നന്നായി തണുത്ത ശേഷം കഷ്ണങ്ങളാക്കി എടുത്ത് ഉപയോഗിക്കാം.













Discussion about this post