കേൾക്കാനും സംസാരിക്കാനും കഴിയാത്ത ഒരു പെൺകുട്ടിയെ സിനിമാ നടിയാക്കാൻ നടക്കുന്നുവെന്ന് പറഞ്ഞ് തന്റെ മാതാപിതാക്കളെ പലരും കളിയാക്കിയിട്ടുണ്ടെന്ന് ജോജു ജോർജിന്റെ പുതിയ സിനിമയിലെ നായിക അഭിനയ. തന്റെ കുറവുകൾ ഒരിക്കലും ഒരു കുറവല്ലെന്ന് തെളിയിച്ച് തന്റെ അഭിനയശൈലി കൊണ്ട് തെന്നിന്ത്യൻ സിനിമകളിൽ ശ്രദ്ധ നേടിയ താരമാണ് അഭിനയ. ജന്മനാ കേൾവി ശക്തിയും സംസാരശക്തിയും ഇല്ലാത്ത അഭിനയ കഴിഞ്ഞ 15 വർഷമായി നാല് ഭാഷകളിലായി അമ്പതിലധികം ചിത്രങ്ങളുടെ ഭാഗമായി കഴിഞ്ഞു. ഇപ്പോഴിതാ ജോജു ജോർജിന്റെ പണി എന്ന ചിത്രത്തിലൂടെ മലയാളത്തിൽ കൂടി അരങ്ങേറ്റഗ കുറിച്ചിരിക്കുകയാണ് അഭിനയ.
സംസാരിക്കാനും കേൾക്കാനും കഴിയാത്ത ഒരു പെൺകുട്ടിയെ സിനിമാ നടിയാക്കാൻ നടക്കുന്നുവെന്ന് പറഞ്ഞ് തന്റെ മാതാപിതാക്കൾ ഒരുപാട് പരിഹാസങ്ങൾ കേട്ടിട്ടുണ്ട്. അവർ നേരിട്ട പരഹാസങ്ങൾക്കുള്ള മറുപടിയാണ് എന്റെ സിനിമാ കരിയർ. ഇവളെ കൊണ്ട് ഒന്നിനും പറ്റില്ലെന്ന് പറഞഞവരോടാണ് തനിക്ക് ഏറ്റവും കൂടുതൽ നന്ദി പറയാനുള്ളത്.
നാടോടികൾ എന്ന തമിഴ് സിനിമയിലൂടെയാണ് തൻ സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. അഭിനയത്തിനോട് വലിയ താത്പര്യമൊന്നും ഉണ്ടായിരുന്നില്ല. സിനിമാ കാണാനും ആസ്വദിക്കാനും എല്ലാം ഇഷ്ടമായിരുന്നു. അങ്ങനെ പതിയെ അഭിനയത്തിലേക്ക് താൽപര്യം തോന്നിത്തുടങ്ങുകയായിരുന്നു. നാടോടികളിലെ അഭിനയത്തിന് ശേഷമാണ് ഇസനിലെ കഥാപാത്രം തന്നെ തേടിയെത്തിയത്. ബധിരതയുള്ള കഥാപാത്രമായതു കൊണ്ടു തന്നെ അത് പെട്ടെന്ന് തനിക്ക് കണക്ട് ചെയ്യാൻ കഴിഞ്ഞു. മറ്റ് അഭിനേതാക്കളെ പോലെ തന്നെ കഥാപാത്രങ്ങളെ ഉൾക്കൊള്ളാൻ തനിക്കും കഴിയാറുണ്ടെന്ന് തന്നെയാണ് വിശ്വസിക്കുന്നതെന്ന് അഭിനയ വ്യക്തമാക്കുന്നു.
തന്നോട് സിംപതി കാണിക്കുന്നതിനോട് താൽപ്പര്യമില്ല. തന്നെ പാവമെന്ന് പറയുന്നത് ഇഷ്ടമല്ല. ഡെഫ് ആയിട്ടുള്ളവരെ കുറിച്ച് അറിയാത്തതുകൊണ്ടാണ് എല്ലാവരും ഇങ്ങനെ സിംപതി കാണിക്കുന്നത്. ഡെഫ് ആയിട്ടുള്ള വ്യക്തികളും മറ്റുള്ളവരുടെ പോലെ തന്നെ മുന്നോട്ട് പോവണമെന്ന് ആഗ്രഹിക്കുന്നവരാണ്. ഡെഫ് ആയിരിക്കുന്നതിൽ സന്തോഷിക്കുന്ന ആളാണ് താൻ. പുറത്ത് നിന്നുമുള്ള ബഹളങ്ങളോ പ്രശ്‌നങ്ങളോ ഒന്നും തന്നെയില്ല. അതുകൊണ്ട് തന്നെ സമാധാനവും സന്തോഷവും ഉണ്ടെന്ന് താരം വ്യക്തമാക്കി.
Discussion about this post