തിരുവനന്തപുരം:വിദേശ പഠനം, തൊഴിൽ കുടിയേറ്റം എന്നിവയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് മാത്രം ലൈസൻസില്ലാത്ത 10,000 ത്തോളം റിക്രൂട്ട്‌മെന്റ് കൺസൽട്ടിങ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ.നിയമപരമായ പരിമിതികളിലാണ് എജ്യൂക്കേഷണൽ കൺസൾട്ടൻസികളുടെ മറവിൽ നടത്തുന്ന വിദേശ റിക്രൂട്ട്‌മെന്റുകൾക്കെതിരെ നടപടിയെടുക്കുന്നതിനും ലൈസൻസ് ഏർപ്പെടുത്തുന്നതിനും കഴിയാത്തത്.
വ്യാപകമായ തട്ടിപ്പുകൾ തടയുന്നതിന് ദേശീയതലത്തിൽ സമഗ്ര നിയമനിർമാണം അനിവാര്യമെന്ന് നോർക്ക റൂട്ട്‌സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിവിധ ഏജൻസികളുടെ കൺസൽറ്റേഷൻ യോഗം വിലയിരുത്തി.തിരുവനന്തപുരം തൈയ്ക്കാട് ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ നോർക്ക, ആഭ്യന്തര വകുപ്പ്, നിയമവകുപ്പ്, പോലീസ്, പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്‌സ്, പഞ്ചാബ് സർക്കാർ, റിക്രൂട്ട്‌മെന്റ് ഏജൻസി, ലോകകേരള സഭ, സി.ഡി.എസ്, ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ തുടങ്ങി 20 ഓളം ഏജൻസികളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.
വ്യാജ റിക്രൂട്ട്‌മെന്റുകൾ സംബന്ധിച്ച നോർക്ക റൂട്ട്‌സിന്റെ ആശങ്കകൾ റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ യോഗത്തെ അറിയിച്ചു. സംസ്ഥാന തലത്തിൽ പ്രത്യേക നിയമനിർമാണം സാധ്യമാകുമോ എന്നതു നിയമവകുപ്പുമായി ആലോചിക്കാനും യോഗത്തിൽ തീരുമാനിച്ചു.
Discussion about this post