നമ്മൾ മനുഷ്യർക്ക് കഴിക്കാൻ എന്തെല്ലാം സാധനങ്ങളാണ് ഈഭൂമിയിൽ അല്ലേ.. പല സാധനങ്ങൾ ഒന്നിച്ച് ചേർത്ത് വറുത്താലും പുഴുങ്ങിയാലും ഒക്കെ പലതരം വിഭവങ്ങളാക്കുന്ന മാജിക് മനുഷ്യന് മാത്രം സ്വന്തം. ഓരോ വിഭവങ്ങളും ഓരോ രീതിയിൽ പാകം ചെയ്താലാവും ചിലപ്പോൾ ശരീരത്തിന് ഗുണകരമാകുക. അപ്പോൾ നമ്മുടെ അടുക്കളയിൽ എപ്പോഴും കാണപ്പെടുന്ന കടല എങ്ങനെ കഴിക്കുന്നതാണ് ഗുണകരമെന്ന് നോക്കിയാലോ?
പ്രോട്ടീൻ, നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ പോലുള്ള അവശ്യ പോഷകങ്ങൾ പ്രദാനം ചെയ്യുന്ന ഒരു പോഷക സാന്ദ്രമായ ലഘുഭക്ഷണമാണ് കടല. ഇതിന്റെ ദൈനംദിന ഉപയോഗം ശരീരത്തിൽ അത്ഭുതകരമായ മാറ്റങ്ങൾ ഉണ്ടാക്കുന്നു. പൊതുവെ രണ്ട് തരത്തിലുള്ള കടലയുണ്ട്. വെളുത്ത കടലയും ബ്രൗൺനിറത്തിലെ കടലയും. ബ്രൗൺ നിറത്തിലെ കടയ്ക്ക് ആരോഗ്യപരമായ ഗുണങ്ങളുണ്ട്. ഇത് മുളപ്പിച്ച് വേവിച്ചോ അല്ലാതെയോ കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം നൽകും. മഗ്‌നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കളുടെ മികച്ച ഉറവിടമാണ് കടല. ഇതിൽ വിറ്റാമിൻ എ, ബി 6, സിങ്ക്, മാംഗനീസ് തുടങ്ങിയ അവശ്യ വിറ്റാമിനുകളും അതോടൊപ്പം ധാതുക്കളും ഉണ്ട്. പ്രോട്ടീൻ, ഫൈബർ എന്നിവയുടെ മികച്ച ഉറവിടമായ ഇതിൽ കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. ഇതിൽ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്ന നാരുകളുടെ സാന്നിധ്യം രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാൻ സഹായിക്കുന്നു. അത് കൊണ്ട് തന്നെ പ്രമേഹരോഗികൾക്ക് ഏറെ ഗുണകരമാണ് കടല. ഒരു കപ്പ് പുഴുങ്ങിയ കടലയിൽ 15 ഗ്രാം പ്രോട്ടീനും, 12.5 ഗ്രാം നാരുകളും അടങ്ങിയിട്ടുണ്ട്. കൂടാതെ, ഫോളേറ്റ്, ഇരുമ്പ്, മഗ്‌നീഷ്യം, ഫോസ്ഫറസ് തുടങ്ങിയവയും ഇതിൽ ധാരാളമുണ്ട്.
എണ്ണയില്ലാതെ വറുത്തെടുക്കുമ്പോഴും പുഴുങ്ങിയെടുക്കുമ്പോഴും കടലയുടെ കലോറി ഒരേപോലെ തന്നെയാണ് ഉണ്ടാവുക. അത്ഭുതം അല്ലേ… എന്നാൽ, മിതമായ താപനിലയിൽ വറുത്തെടുക്കുന്ന സമയത്ത്, ശരീരത്തിലെ ഓക്‌സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന ആന്റിഓക്സിഡന്റ് ഗുണങ്ങളുള്ള ഫിനോളിക് സംയുക്തങ്ങളുടെ ലഭ്യത വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. മറ്റൊന്ന് പുഴുങ്ങുന്ന സമയത്ത് അവയിലെ പ്രതിരോധശേഷിയുള്ള അന്നജത്തിന്റെ അളവും വർദ്ധിക്കുന്നു.
ഇരുമ്പിന്റെ സമ്പന്നമായ സ്രോതസായതിനാൽ കടലയ്ക്ക് വിളർച്ച തടയാനും ഊർജ നില വർധിപ്പിക്കാനും കഴിയും. ഗർഭിണികൾക്കും മുലയൂട്ടുന്ന സ്ത്രീകൾക്കും വളരുന്ന കുട്ടികൾക്കും ഇതേറെ നല്ലതാണ്.ചർമ്മത്തിനും ഏറെ നല്ലതാണ് കറുത്ത കടല. ചർമ്മത്തിലെ ചുളിവുകൾക്ക് കാരണമാകുന്ന ഫ്രീ റാഡിക്കലുകളോട് പോരാടുന്നു.
ആരോഗ്യമുള്ള തലമുടി വേണമെങ്കിൽ കുതിർത്തിയ കടല ഡയറ്റിൽ ഉൾപ്പെടുത്തുക. വെള്ളത്തിൽ കുതിർത്തി വച്ച കടല സ്ഥിരമായി കഴിക്കുന്നത് മുടിയുടെ അകാല നരയെ തടയുന്നതിന് ഏറ്റവും ഗുണം ചെയ്യുന്നതാണ് എന്ന് കണ്ടെത്തിയിരിക്കുന്നു.
Discussion about this post