കൊച്ചി: പണി സിനിമയ്‌ക്കെതിരെ വിമർശനാത്മകമായ റിവ്യൂ പങ്കുവെച്ച റിവ്യൂവറെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് നടനും സംവിധായകനുമായ ജോജു ജോർജ്. സിനിമയെ വിമർശിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടയാളെ ജോജു ജോർജ് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുന്നതിൻറെ ഓഡിയോ റെക്കോർഡിംഗ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഇത് വൈറലായതോടെയാണ് ജോജു വിശദീകരണവുമായി ലൈവിൽ വന്നത്.
വളരെ അത്യാവശ്യമുള്ള കാര്യം പറയാനുണ്ട്. അതിനാലാണ് രാത്രി തന്നെ ലൈവ് വന്നത്. ഞാൻ ഭീഷണിപ്പെടുത്തി എന്ന് പറഞ്ഞുകൊണ്ട് ഒരു ഫോൺകോൾ പ്രചരിക്കുന്നുണ്ട്. അത് ഞാൻ തന്നെ വിളിച്ചതാണ്. ദയവായി ഇപ്പോൾ പറയുന്ന കാര്യങ്ങൾ നല്ല അർഥത്തിൽ തന്നെ എടുക്കണം. ഒരുപാട് നെഗറ്റീവ് റിവ്യൂകൾ വന്നിട്ടുണ്ട്. അവരെ ആരെയും ഞാൻ വിളിച്ചിട്ടില്ല.അതെല്ലാം അഭിപ്രായ സ്വാതന്ത്ര്യമാണ്. എന്നാൽ, ഈ വ്യക്തി ഒരു റിവ്യൂ കുറേ സ്ഥലത്ത് പങ്കുവെച്ചിട്ടുണ്ട്. പല ഗ്രൂപ്പുകളിലും പ്രചരിപ്പിച്ചു. കമന്റുകൾക്കടിയിൽ ഈ സിനിമ കാണരുത് എന്ന് എഴുതി. അഭിപ്രായ സ്വാതന്ത്ര്യമായി ബന്ധപ്പെട്ട വിഷയമല്ല ഞാൻ അദ്ദേഹത്തെ വിളിച്ച് സംസാരിച്ചത്. ഒരുപാട് സ്ഥലത്ത് ഒരേ റിവ്യൂ പങ്കുവയ്ക്കുന്നത് വ്യക്തമായ ഉദ്ദേശ്യത്തോടെയാണെന്ന് ജോജു കുറ്റപ്പെടുത്തി. പക്ഷേ ഒരുപാട് സ്ഥലങ്ങളിൽ ഇത് കോപ്പി പേസ്റ്റ് ചെയ്യപ്പെട്ടു. അത് ബോധപൂർവ്വം ഒരാൾ ചെയ്യുന്നതാണ്. അപ്പോൾ അയാളോട് എനിക്ക് സംസാരിക്കണമെന്ന് തോന്നി. കാരണം എൻറെ രണ്ട് വർഷത്തെ അധ്വാനമാണ് ഈ സിനിമ. എനിക്ക് കിട്ടിയ രേഖകൾ വച്ചിട്ട് നിയമപരമായി ഞാൻ മുന്നോട്ട് പോവുക തന്നെ ചെയ്യും. ഒരു കഥയുടെ സ്‌പോയിലർ പ്രചരിപ്പിക്കുക റിവ്യൂ ചെയ്യുന്ന ഒരാളും ചെയ്യാറില്ല. ഇതിലെ പ്രധാന കാര്യം പറഞ്ഞാണ് അയാൾ എഴുതിയിട്ടുള്ളതെന്ന് ജോജു വിമർശിച്ചു.
പണി സിനിമയെ വിമർച്ചുകൊണ്ട് ആദർശ് എന്ന റിവ്യൂവർ ആണ് റിവ്യൂ പങ്കുവെച്ചത്. ഇതിൻറെ പേരിൽ ജോജു ജോർജ് തന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയതായി ആരോപിച്ച ആദർശ്, ജോജുവുമായുളള സംഭാഷണത്തിൻറെ ഓഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്
Discussion about this post