സ്ത്രീകൾക്കിടയിൽ ഹൃദയാഘാത മരണങ്ങൾ വർദ്ധിക്കുന്നതിന് പിന്നിൽ ലക്ഷണങ്ങളെ അവഗണിക്കുന്നതാണെന്ന് പഠനം. ഹൃദയാഘാതം സംഭവിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപേ തന്നെ സ്ത്രീകളിൽ അതിന്റെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെങ്കിലും പലപ്പോഴും അത് അവഗണിക്കുകയാണ് പതിവ്. ഇത് കാരണം ജീവൻതന്നെയാണ് ഹോമിക്കുന്നത്.
മിക്ക സ്ത്രീകളിലും ഹൃദയസ്തംഭനത്തിന്റെ മുന്നോടിയായി നെഞ്ചുവേദനയാണ് അനുഭവപ്പെടുന്നത്. നെഞ്ചെരിച്ചിൽ, ഉത്കണ്ഠ, തലചുറ്റൽ തുടങ്ങിയ ലക്ഷണങ്ങളും ഹൃദയസ്തംഭനത്തിനുമുന്നോടിയായി ശരീരം പ്രകടിപ്പിക്കുന്നുണ്ട്. തുടക്കത്തിൽ ഇത്തരം അസ്വസ്ഥതകളുണ്ടാവുമ്പോൾ നിസ്സാരമാക്കി തള്ളിക്കളയുകയും കൃത്യസമയത്ത് ചികിത്സ ലഭിക്കാതെ പോവുകയും ചെയ്യുന്നതോടെ ജീവൻ വരെ നഷ്ടപ്പെടുന്നു. അറ്റാക്ക് സംഭവിക്കുന്നതിന് മുൻപായി ദഹനക്കേട് ഉണ്ടാകുന്നതായും പഠനങ്ങള് ചൂണ്ടിക്കാണിക്കുന്നു. ഇതും സ്ത്രീകൾ അവഗണിക്കുകയാണ് പതിവ്.
മേൽവയറ്റിൽ അസഹ്യമായ വേദനയോ അസ്വസ്ഥതയോ അനുഭവപ്പെടുകയും നെഞ്ചിൻകൂടിനുപിറകിലായി അസഹനീയമായ വേദനയുണ്ടാവുകയും ചെയ്യുന്നുവെങ്കിൽ ഉടൻ തന്നെ വൈദ്യസഹായം തേടണമെന്ന് ആരോഗ്യവിഗദ്ധർ മുന്നറിയിപ്പ് തരുന്നു.
സ്ത്രീകളിൽ ഹൃദയാഘാതം ഉണ്ടാകാനുള്ള കാരണങ്ങൾ പലതാണ്. ആർത്തവ വിരാമം, പ്രമേഹം, പുകവലി, മാനസിക സമ്മർദ്ദം, ഡിപ്രഷൻ, ഗർഭകാലത്ത് ഉണ്ടാകുന്ന പ്രശ്‌നങ്ങൾ, വീക്കം എന്നിവയൊക്കെ സ്ത്രീകളിൽ ഈ രോഗമുണ്ടാകാനുള്ള പ്രധാന കാരണങ്ങളിൽ ചിലതാണ്. എല്ലാ പ്രായത്തിലുള്ള സ്ത്രീകളിലും ഹൃദയാഘാതത്തെക്കുറിച്ച് കൃത്യമായ ബോധമുള്ളവരായിരിക്കണം. 65 വയസിൽ താഴെയുള്ള സ്ത്രീകൾ കുടുംബത്തിൽ ആർക്കെങ്കിലും ഹൃദയാഘാതമോ ഹൃദയ സംബന്ധമായ രോഗങ്ങളോ ഉണ്ടെങ്കിൽ തീർച്ചയായും കൃത്യമായ ഇടവേളകളിൽ പരിശോധന നടത്താൻ ശ്രദ്ധിക്കണം.
Discussion about this post