പാലക്കാട്: യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിന്റെ നേതൃത്വത്തിൽ പാലക്കാടുള്ള ഹോട്ടലിൽ ട്രോളി ബാഗിൽ കള്ളപ്പണം എത്തിച്ചെന്ന ആരോപണം വലിയ ചർച്ചകൾക്കാണ് വഴിവച്ചിരിക്കുന്നത്. സംഭവത്തിൽ പോലീസ് ഇതുവരെയും കേസെടുത്തിട്ടില്ല. ട്രോളി ബാഗിൽ കള്ളപ്പണമല്ലെന്നും അങ്ങനെയെങ്കിൽ ഇത്ര ലാഘവത്തോടെ ഹോട്ടലിലൂടെ കൊണ്ടു പോവില്ലെന്നുമുള്ള വിലയിരുത്തലിലാണ് പോലീസ്. നീല ട്രോളി ബാഗിൽ കള്ളപ്പണം കൊണ്ടുവന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ വനിതാ നേതാക്കളായ ബിന്ദു കൃഷ്ണയും ഷാനിമോൾ ഉസ്മാനും താമസിച്ചിരുന്ന ഹോട്ടൽ മുറിയിലാണ അർദ്ധരാത്രിയിൽ റെയ്ഡ് നടന്നത്.
അതേസമയം, സംഭവത്തിന് പിന്നാലെ, കോൺഗ്രസിനും രാഹുൽ മാങ്കൂട്ടത്തിലിനുമെതിരെ വൻ ട്രോളുകളാണ് ഉയരുന്നത്. ഇപ്പോഴിതാ നടൻ ഗിന്നസ് പക്രു ഫേസ്ബുക്കിൽ പങ്കുവച്ച ഒരു പോസ്റ്റും അതിന് രാഹുൽ മാങ്കൂട്ടത്തിൽ കൊടുത്ത മറുപടിയുമാണ് വൈറലാവുന്നത്.
സ്യൂട്ട് കേസ് പിടിച്ചുകൊണ്ട് നിൽക്കുന്ന ഒരു ഫോട്ടോ ആണ് ഗിന്നസ് പക്രു ഫേസ്ബുക്കിൽ പങ്കുവച്ചത്. ‘നൈസ് ഡേ’ എന്ന് പക്രു പോസ്റ്റിന് കാപ്ഷനും ഇട്ടിട്ടുണ്ട്. ‘കെപിഎമ്മിൽ അല്ലല്ലോ’ എന്നാണ് ഇതിന് രാഹുൽ മാങ്കൂട്ടത്തിൽ കമന്റ് ഇട്ടിരിക്കുന്നത്. പക്രുവിന്റെ പോസ്റ്റിന് താഴെ നിരവധി പേരാണ് രാഹുൽ മാങ്കൂട്ടത്തിലിനെ ട്രോളിക്കൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്.
‘കെപിഎമ്മിൽ ആണെങ്കിൽ തന്നെ ആ 12-ാമത്തെ മുറിയിൽ താമസിക്കരുത്, ട്രോളി ഡേ, ആശാനേ ആശാനും, ഭാഗ്യം നീല അല്ല, ട്രോളി ബാഗ്, ദൈവമേ പക്രു ചേട്ടനും തുടങ്ങി എന്നുൾപ്പെടെ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.
Discussion about this post