എറണാകുളം: നടിയും നിർമ്മാതാവുമായ സാന്ദ്രാ തോമസിനെ പുറത്താക്കിയ
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നടപടി വലിയ വിവാദങ്ങള്‍ക്കാണ് തിരി കൊളുത്തിയിരിക്കുന്നത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നടപടിക്ക് പിന്നാലെ പല വെളിപ്പെടുത്തലുകളും നടത്തി സാന്ദ്ര രംഗത്ത് വന്നിരുന്നു.
തന്റെ പരാതിയിൽ ഉൾപ്പെട്ടവരാണ് നടപടിയ്ക്ക് പിന്നിൽ. സിനിമാ രംഗത്ത് പവർ ഗ്രൂപ്പ് ഉണ്ടെന്നും സാന്ദ്ര തുറന്ന് പറഞ്ഞിരുന്നു. തനിക്ക് ഉണ്ടായ മോശം അനുഭവം ചൂണ്ടിക്കാണിച്ചതിനു പരാതിക്കാരി എന്ന നിലയിൽ തന്നെ സംരക്ഷിക്കുന്നതിന് പകരം സംഘടന പുറത്താക്കുകയാണ് ചെയ്‌തത് എന്ന് സാന്ദ്ര പറയുന്നു.
ഇതിന് പിന്നിലെ സ്വാധീനം ആരുടേതാണെന്ന് തനിക്ക് അറിയാം. പുറത്തുള്ള എല്ലാവരും പവർ ഗ്രൂപ്പ് എന്ന് കരുതിയിരിക്കുന്നത് അമ്മയിലെ താരങ്ങളെയാണ്.ലാലേട്ടനും മമ്മൂക്കയുമൊക്കെയാണ് ഇതിന്റെ തലപ്പത്തുള്ളത് എന്നാണ് എല്ലാവരുടെയും ധാരണ. എന്നാൽ അത് തെറ്റിദ്ധാരണയാണ്. അവരുടെ മേൽ കുറ്റമാരോപിക്കുമ്പോഴും പുറത്തേക്ക് മുഖം കൊണ്ടുവരാതെ ഒളിഞ്ഞു നിൽക്കുന്ന ചിലരാണ് പവർഗ്രൂപ്പിനെ നിയന്ത്രിക്കുന്നത്. പ്രൊഡ്യൂസ് അസോസിയേഷനിലാണ് പവർ ഗ്രൂപ്പിലെ പ്രമുഖർ ഉള്ളത്.
ആരോപണങ്ങൾ ഉയർന്നപ്പോൾ അമ്മയിലെ ഭാരവാഹികൾ സ്ഥാനമൊഴിഞ്ഞു. നടൻ ദിലീപിനെതിരെ ആരോപണം വന്നപ്പോൾ അമ്മയിൽ നടപടി ഉണ്ടായി. എന്നാൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ അദ്ദേഹം തുടരുകയാണെന്നും അവർ വ്യക്തമാക്കി.
അമ്മയിലുള്ള ആളുകളെ നമ്മൾ തെറ്റിദ്ധരിക്കുന്നതാണ് എന്നത് തുടക്കം മുതലേ താന്‍ പറയുന്ന കാര്യമാണ്. അമ്മയിലുള്ള നടന്മാരും നടിമാരും ഏറ്റവും സ്വാധീനമുള്ളവരാണെന്ന് നമ്മൾ തെറ്റിദ്ധരിച്ചതാണ്. അതിനേക്കാളും സ്വാധീനമുള്ളവരാണ് കെഇപിഎ എന്ന സംഘടനയിൽ ഉള്ളത്. ഹേമാ കമ്മറ്റി റിപ്പോർട്ടിൽ പറയുന്ന പവർ ഗ്രൂപ്പിലെ ഏഴോളം അംഗങ്ങൾ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ ആണ് ഉള്ളത്. അവരുടെ സ്വാധീനത്തിന്റെ ബലത്തിലാണ് തന്നെ ഒതുക്കാൻ ശ്രമിക്കുന്നതെന്നും സാന്ദ്ര തോമസ് പറഞ്ഞു.
മാക്ട പിളർന്ന് ഫെഫ്‌ക ആയപ്പോൾ സംഘടന തുടങ്ങാനുള്ള ഫണ്ട് ചെയ്‌തത് പ്രൊഡ്യൂസേഴ്സ് അസോസിയേഷനാണെന്നും അവർ കൂട്ടിച്ചേര്‍ത്തു. തന്നെ പുറത്താക്കണമെന്നും നടപടിയെടുക്കണമെന്നും പറഞ്ഞ് ഉറച്ച നിലപാടുമായി മുന്നിൽ നിന്നത് ഫെഫ്കയുടെ ജനറൽ സെക്രട്ടറിയാണ്. ഫെഫ്ക്‌കയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ വലിയൊരു പങ്കുവഹിക്കുന്നത്.
തന്നെപ്പോലെ ഒരു സ്ത്രീ ഒറ്റയ്ക്ക് നിന്ന് ഫൈറ്റ് ചെയ്യുക എന്നത് നിസ്സാര കാര്യമല്ല. തന്റെ ജീവന് വരെ ഭീഷണിയുണ്ട്. തന്നെ ഭയപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ജീവന് തന്നെ ആപത്താണെന്ന് പറയുകയും ചെയ്യുന്നുണ്ട്. തന്നെ മോശക്കാരിയാക്കാനും വലിയൊരു സംഘം തന്നെ പുറത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, ഒന്നിനെയും താന്‍ ഭയപ്പെടുന്നില്ല. എല്ലാത്തിനേക്കാളും വലുതാണ് തന്റെ
ആത്മാഭിമാനമെന്നും സാന്ദ്ര കൂട്ടിച്ചേര്‍ത്തു.
Discussion about this post