ഇടുക്കി: എക്‌സൈസ് നടത്തിയ വാഹനപരിശോധനയിൽ ലഹരിമരുന്നുമായി പിടിയിലായത് സിനിമാനടനും സുഹൃത്തും. മുൻ ബിഗ് ബോസ് മത്സരാർഥിയും നടനുമായ പരീക്കുട്ടി എന്നറിയപ്പെടുന്ന പി എസ് ഫരീദുദ്ദീൻ, വടകര സ്വദേശി പെരുമാലിൽ ജിസ്മോൻ എന്നിവരെയാണ് മൂലമറ്റം എക്സൈസ് സംഘം പിടികൂടിയത്.
ഇരുവരുടെയും പക്കൽ നിന്നും എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ പുള്ളിക്കാനം എസ് വളവിൽ നടന്ന വാഹനപരിശോധനയ്ക്കിടെ ഇവർ കുടുങ്ങുകയായിരുന്നു. പരിശോധനയിൽ ലഹരിവസ്തുക്കൾ കണ്ടെത്തി. കർണാടക രജിസ്‌ട്രേഷൻ കാറിലാണ് ഇവർ എത്തിയത്. ജിസ്മോന്റെ പക്കൽനിന്ന് 10.50 ഗ്രാം എംഡിഎംഎയും അഞ്ച് ഗ്രാം കഞ്ചാവും പരീക്കുട്ടിയുടെ പക്കൽ നിന്ന് 230 മില്ലിഗ്രാം എംഡിഎംഎയും നാല് ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്.ഇതിന് ലക്ഷങ്ങളുടെ വില വരും. ഇവർ സഞ്ചരിച്ചിരുന്ന കാറും പിടിച്ചെടുത്തു. കാറിനുള്ളിൽ പിറ്റ്ബുൾ ഇനത്തിൽപ്പെട്ട നായയും കുട്ടിയുമുണ്ടായിരുന്നു.
ജിസ്മോൻ ആണ് കേസിൽ ഒന്നാം പ്രതി. പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കും.വാഹനത്തിൽ രണ്ട് സ്ത്രീകളും ഉണ്ടായിരുന്നു എന്നും അവർക്ക് സംഭവവുമായി ബന്ധമില്ലാത്തതിനാൽ കേസിൽ നിന്നൊഴിവാക്കിയിട്ടുണ്ടെന്നാണ് വിവരം.
Discussion about this post