കാക്ക പാറി വന്നു പാറമേലിരുന്നു,കാക്ക പാറി പോയി, പാറ ബാക്കിയായി…ചെറുപ്പത്തിൽ നമ്മളിൽ പലരും ആവർത്തിച്ചാവർത്തിച്ച് പാടിയ രണ്ടുവരിയാകും ഇത്. സൂത്രക്കാരനും വൃത്തിക്കാരനുമായ കാക്ക അങ്ങനെ നമുക്ക് കുഞ്ഞിലേ പരിചയക്കാരനാണ്. പൊതുശല്യമായി കണക്കാക്കുന്ന കാക്കകളെ വച്ച് അൽപ്പം നിറം കുറഞ്ഞവരെ കളിയാക്കാൻ പോലും ആളുകൾ മടിക്കാറില്ല. കാക്ക കറുമ്പി കാക്ക കറുപ്പ് എന്നൊക്കെയുള്ള പ്രയോഗങ്ങൾ മുൻപുണ്ടായിരുന്നത് ഓർമ്മയില്ലേ ? കാക്കക്കറുമ്പൻ കണ്ടാൽ കുറുമ്പൻ എന്ന പാട്ടും മലയാളികൾ മറക്കില്ല.
പൊതുവെ മനുഷ്യന് അൽപ്പം ഇഷ്ടമല്ലാത്ത ജീവിയാണല്ലോ കാക്ക. അത് ഇങ്ങോട്ട് വന്ന് ഉപദ്രവിച്ചിട്ടല്ല. ലുക്കും നോട്ടവും അത്ര പോരാ അത് കൊണ്ട് തന്നെ. കറുത്തനിറമായി പോയി എന്ന കാര്യത്തിലാണ് അവഗണനയത്രയും. എന്നാൽ പുച്ഛിക്കുന്നവരെ ഒന്നറിഞ്ഞോളൂ.. മറ്റ് പക്ഷികൾ മാറി നിൽക്കുന്നയത്ര സവിശേഷതകളാണ് ഇവയ്ക്ക്. Corvus splendens കാക്കയുടെ ശാസ്ത്രനാമം. ഇതിലെ സ്പ്ലെൻഡൻസ് എന്ന സ്പീഷിസ് നാമത്തിന് ലാറ്റിനിൽ അർത്ഥം തന്നെ അതിബുദ്ധി എന്നാണത്രേ.. കോർവസ് ജനുസിൽ പെട്ട റാവെൻ എന്ന ഇനം കാക്കയും, കാലിഡോണിയൻ കാക്കയും ഒക്കെ ബുദ്ധിയുടെ കാര്യത്തിൽ കേമൻമാരാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
പേനക്കാക്ക, കാവതി കാക്ക, എന്നൊക്കെ വിളിപ്പേരുള്ള- കഴുത്തും നെഞ്ചും ചാരനിറത്തിലുള്ള വീട്ടു കാക്ക ( Corvus splendens ) ആണ് നമ്മുടെ നാട്ടിലെ പ്രധാന കാക്കയിനം . അവയേക്കാൾ അത്പം വലിപ്പക്കൂടുതലുള്ള, മൊത്തം കടും കറുപ്പ് നിറമുള്ള ബലിക്കാക്ക ( Corvus macrorhynchos culminates ) ആണ് രണ്ടാമത്തെ ഇനം. ഇരുവരും സാമൂഹ്യ ജീവിതം ഇഷ്ടപ്പെടുന്നവരാണ്.
ശരീരവലിപ്പവുമായി തട്ടിച്ചുനോക്കുമ്പോൾ വലിയ തലച്ചോറാണ് കാക്കക്കൾക്ക്. ബുദ്ധിശക്തിയിൽ ചില്ലറക്കാരോടല്ല മനുഷ്യനോട് ഏറെ അടുത്ത് നിൽക്കുന്ന ആൾക്കുരങ്ങുകളോടാണ് ഇവയുടെ മത്സരം.എന്താ ലേ ഞെട്ടിയോ ? എന്നാൽ കൂടുതൽ ഞെട്ടാൻ തയ്യാറായിക്കോളൂ. അങ്ങനെ ഇന്ന സാധനമേ തിന്നൂ. ഇന്നയിടത്തേ ജീവിക്കൂ എന്ന ശാഠ്യമൊന്നും കാക്കയ്ക്കില്ല. മണ്ണിര,പുൽച്ചാടി,പഴങ്ങൾ,പച്ചക്കറികൾ, എന്തിന് പറയുന്നു, അഴുകിയ ശവങ്ങൾ വരെ കാക്കകൾ കണ്ണും പൂട്ടി അകത്താക്കും. എന്തും തിന്ന് അതിജീവിക്കാനുള്ള സാമർത്ഥ്യം കാരണമാണ് കാക്കകൾ കടൽ കടന്ന് ചെല്ലുന്നയിടത്തെല്ലാം സാമ്രാജ്യം സ്ഥാപിച്ചത്. പൊതുവെ കാക്കകളെ കണക്കാക്കുന്നതെങ്കിലും മാലിന്യങ്ങൾ കൊത്തി തിന്ന് വൃത്തിയാക്കുന്നതിൽ ഇവർ ഒന്നാം സ്ഥാനക്കാരാണ് . ആവശ്യം കഴിഞ്ഞുള്ള ഭക്ഷണം തന്ത്രപരമായി ഒളിവിടങ്ങളിൽ സൂക്ഷിച്ചു വെക്കുന്ന ശീലമുണ്ട്. ദിവസവും കുളിച്ച് , തൂവലുകൾ കോതി വൃത്തിയാക്കി സുന്ദരന്മാരായി ജീവിക്കുന്ന പക്ഷിവർഗത്തിലെ ഒസിഡിക്കാരൻ.ദിവസവും കുളിക്കാതെ മുങ്ങിനടക്കുന്ന ചില മനുഷ്യരൊക്കെ കണ്ടുപഠിക്കണം
പത്ത് ചതുരശ്ര കിലോമീറ്ററോളം വിസ്താരത്തിൽ ഇരതേടി സഞ്ചരിക്കുന്ന കാക്കക്കൂട്ടങ്ങളിൽ ഇരുന്നൂറ് മുതൽ ആയിരക്കണക്കിന് വരെ അംഗങ്ങൾ ഉണ്ടാവും. അംഗങ്ങളെല്ലാം വൈകുന്നേരമാകുമ്പോൾ ഉയർന്ന ഒരു മരത്തിലോ മരക്കൂട്ടത്തിലോ ചേക്കേറാനായി പറന്നെത്തും. ഇതിന് മുമ്പ് തൊട്ടടുത്തുള്ള മരങ്ങളിലോ മൈതാനത്തോ കൂട്ടമായി വന്നിരുന്ന് ഒരു ഏരിയ സമ്മേളനം തന്നെ ഈ വിരുതന്മാര് നടത്തിക്കളയും. സംഘബോധമാണ് സാറേ ഇവരുടെ മെയിൻ.. കുറച്ചധികം ഭക്ഷണം എവിടെയെങ്കിലും കണ്ടാലോ കൂട്ടത്തിലൊരുത്തനെ ആക്രമിച്ചാലോ കാക്കകളുടെ തനിനിറം അറിയാം. കാകാ എന്ന് നീട്ടിവിളിച്ച് അവർ തന്റെ സൈന്യബലം പുറത്ത് കാണിക്കും.
ഇങ്ങനെയൊക്കെയാണെങ്കിലും പ്രായപൂർത്തിയായാൽ കാക്ക ഒരു കുടുംബം ഉണ്ടാക്കാനുള്ള ശ്രമം ആരംഭിക്കും. പെൺകാക്കകൾ മൂന്നു വർഷം കൊണ്ടും ആൺ കാക്കകൾ അഞ്ച് വർഷം കൊണ്ടും പ്രായപൂർത്തിയാകും. ഈ സമയത്താണ് കുടുംബം കുട്ടികൾ എന്നിവയെല്ലാം ചർച്ചയാവുന്നത്. കൂട്ടത്തിൽ നിന്ന് വിട്ട് തനിച്ച് കൂടുകെട്ടും. കൂട് കെട്ടാൻ ഇന്ന സാധനം വേണമെന്നില്ല. ചുള്ളിക്കമ്പനുകൾ,കമ്പികഷ്ണം,പ്ലാസ്റ്റിക് വയറുകൾ എന്നിങ്ങനെ കിട്ടുന്ന എന്തും വച്ച് അവൻ സ്വന്തമായി താജ്മഹൽ ഉണ്ടാക്കിക്കളയും. ജന്തുലോകത്തെ കിടിലൻ എഞ്ചിനീയർ തന്നെ. കൂടുണ്ടാക്കി കഴിഞ്ഞാൽ ഇണയെ വളച്ച് കൂട്ടിലെത്തിക്കും. ഡിസംബർ മുതൽ ജൂൺവരെയാണ് സന്താനോത്പാദന കാലം. മൂന്ന് മുതൽ ഒൻപത് മുട്ടകൾ വരെ ഇടും . കുഞ്ഞുങ്ങൾ പറക്കമുറ്റുന്നതോടെ ഈ കൂട് കാക്കകൾ ഉപേക്ഷിക്കും.
ജന്തുലോകത്തിലെ ചരിത്ര പ്രസിദ്ധമായ കബളിപ്പിക്കലുകളിൽ ഒന്ന് കാക്കകളുമായി ബന്ധപ്പെട്ടാണ്.. കാക്ക മുട്ടയോട് സാമ്യമുള്ള മുട്ടയായതിനാൽ കുയിൽ കാക്കക്കൂട്ടിൽ മുട്ടയിടും.. വളരെ ബുദ്ധിയുള്ള ഇനമായിട്ടും കാക്കകൾ ഇത് തിരിച്ചറിയാറില്ല.. മുട്ട വിരിഞ്ഞു വരുമ്പോഴാണ് കുയിലിന്റെ കുഞ്ഞാണെന്ന് കാക്കകൾ തിരിച്ചറിയുക..
ഇതൊക്കെയാണെങ്കിലും ബുദ്ധിസാമർത്ഥ്യത്തിൽ മുന്നിലാണ് കാക്കകൾ. ഭക്ഷണകാര്യത്തിലും ആ ബുദ്ധിസാമർത്ഥ്യം കാണാം. മരപ്പൊത്തുകളിലെയും വിള്ളലുകളിലെയും പ്രാണികളേയും പുഴുക്കളേയും തിന്നാൻ തെക്ക് പടിഞ്ഞാറൻ ശാന്തസമുദ്രത്തിലെ ന്യൂ കാലഡോണിയയിൽ ഉള്ള കാക്കകൾ പ്രത്യേക രീതിയാണ് ഉപയോഗിക്കുന്നത്. ചെടികളുടെ ചില്ലക്കമ്പുകൾ മുറിച്ചെടുത്ത് ഇലകൾ നീക്കം ചെയ്ത് നീളമുള്ള ചുള്ളി ഉണ്ടാക്കും. കുത്തിയെടുക്കാനുള്ള വളരെ കൃത്യതയുള്ള ഉപകരണം. ഈ നീളൻ കമ്പുകൾ കടിച്ച്പിടിച്ച് മരപ്പൊത്തുകൾക്കുള്ളിലെ ചെറു ദ്വാരങ്ങളിൽ നിന്ന് പുഴുക്കളെയും പ്രാണികളേയും കുത്തിയിളക്കി അതിൽ പിടിപ്പിച്ച് വലിച്ചെടുത്ത് കഴിക്കും ചിലപ്പോൾ കമ്പുകളെ പ്രത്യേക രീതിയിൽ ഒടിച്ചെടുത്ത് കൊക്കപോലെ ഉപകരണം ഉണ്ടാക്കിയും ഇരകളെ ആഴത്തിൽ നിന്നും തോണ്ടി എടുക്കാൻ ഇവർക്ക് പറ്റും.
സാരമുണ്ട് പേടിക്കണം എന്നതാണ് കാക്കകളുടെ പ്രതികാരബുദ്ധിയെ കുറിച്ച് പ്രത്യേകം പറയാനുള്ളത്. ഈ ചെറിയ ജീവിക്ക് ഇത്രയും പ്രതികാരമോ എന്ന് ചിന്തിച്ച് പോകും. തങ്ങളെ ഉപദ്രവിച്ചയാളെ ഓർത്ത് വച്ച് ഇവ പ്രതികാരം ചെയ്യും. അവൻ മാത്രമല്ല കൂട്ടുകാരെയും അറിയിക്കും. ഇത് വഴി കൂട്ട ആക്രമണത്തിനാണ് കാക്ക പദ്ധതിയിടുക. ഉപദ്രവിച്ചാൽ മാത്രമല്ല സ്‌നേഹം കാണിച്ചാലും കാക്കകൾ തിരിച്ചറിയും. ദയയോടെ സമീപിച്ചാൽ കാക്കകൾ പിന്നെ പരിസരത്ത് നിന്ന് മാറില്ല. അത് കൊണ്ട് ഡാ കാക്കേ.. പോടാ കാക്കേ എന്നൊക്കെ പറഞ്ഞ് ചൊറിയുന്നതിനു മുൻപ് ഒന്ന് ഇരുത്തിചിന്തിച്ചോളൂ.
Discussion about this post