എറണാകുളം: മലയാള സിനിമയിലെ സൂപ്പർ താരങ്ങളിൽ ഒരാളാണ് ഫഹദ് ഫാസിൽ. ആദ്യ ചിത്രം കയ്യെത്തും ദൂരത്ത് വലിയ പരാജയം ആയിരുന്നുവെങ്കിലും വർഷങ്ങൾക്ക് ശേഷം അദ്ദേഹം നടത്തിയ രണ്ടാം വരവ് വലിയ വിജയം ആയിരുന്നു. ഇന്ന് നായക വേഷത്തിലും വില്ലൻ വേഷത്തിലുമെല്ലാം അരങ്ങ് വാഴുന്ന ഫഹദ് ഫാസിൽ തന്റെ സാന്നിദ്ധ്യം മറ്റ് ഭാഷാ സിനിമകളിലും അറിയിച്ചു കഴിഞ്ഞു.
സംവിധായകൻ ഫാസിലിന്റെ മകൻ കൂടിയാണ് ഫഹദ്. അതുകൊണ്ട് തന്നെ കയ്യെത്തും ദൂരത്ത് എന്ന സിനിമയുടെ പരാജയം വലിയ വിമർശനങ്ങൾ ആയിരുന്നു താരത്തിന് നേടികൊടുത്തത്. ഇതേ തുടർന്ന് സിനിമയിൽ നിന്നും അദ്ദേഹം പൂർണമായി വിട്ട് നിന്നു. പഠനത്തിന് ശേഷം അഭിനയത്തിലേക്ക് കടന്ന സമയത്ത് ഒരിക്കൽ അദ്ദേഹം സംവിധായകൻ ലാൽ ജോസിനെ കാണാൻ പോയിരുന്നു. ആ അനുഭവം പങ്കുവയ്ക്കുകയാണ് ലാൽ ജോസ്.
അസിസ്റ്റന്റ് ഡയറക്ടർ ആക്കണം എന്ന് ആവശ്യപ്പെട്ടാണ് ഫഹദ് വന്നത്. എന്നാൽ വെളുത്ത് തുടുത്ത് ആപ്പിൾ പോലെയുള്ള നീ അസിസ്റ്റന്റ് ഡയറക്ടർ ആയി വെയിൽ കൊള്ളേണ്ടെന്ന് ഞാൻ പറഞ്ഞു. നിന്നെ നായകനാക്കി സിനിമ എടുക്കുമെന്നും അവനോട് പറഞ്ഞു. ഞാൻ കളിയാക്കുക ആണെന്ന് ആയിരുന്നു ഫഹദിന് തോന്നിയത്. എന്നാൽ ശരിയ്ക്കും സിനിമ എടുക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു.
മദർ ഇന്ത്യ എന്നായിരുന്നു ഫഹദിനെ നായകനാക്കി ഞാൻ ഒരുക്കാനിരുന്ന സിനിമ. ഫഹദ് ആയിരുന്നു സിനിമയിലെ നായകനും വില്ലനും. എന്നാൽ ആരും തന്നെ സിനിമ നിർമ്മിക്കാൻ തയ്യാറായിരുന്നില്ല. ഫഹദാണ് നടൻ എന്ന് അറിഞ്ഞപ്പോൾ എല്ലാവരും പിൻമാറുകയായിരുന്നു. കാരണം ഫഹദിന്റെ കയ്യെത്തും ദൂരത്ത് എന്ന സിനിമ മാത്രം ആയിരുന്നു അവർക്ക് അറിയാവുന്നത്. ആ സിനിമ 19ാം വയസ്സിലാണ് ചെയ്തത് എന്ന് ആർക്കും അറിയില്ലായിരുന്നു. മദർ ഇന്ത്യ എന്റെ നടക്കാതെ പോയ സിനിമ ആണെന്നും ലാൽ ജോസ് കൂട്ടിച്ചേർത്തു.
Discussion about this post