തിരുവനന്തപുരം: വില്ലൻ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ നടൻ മേഘനാഥന്റെ വേര്‍പാടില്‍ അനുശോചിച്ച് മമ്മൂട്ടിയും മോഹന്‍ലാലും. ചെയ്ത വേഷങ്ങളില്‍ എല്ലാം സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭയുള്ള നടനായിരുന്നു മേഘനാഥനെന്ന് മോഹന്‍ലാല്‍ സ്മരിച്ചു. മേഘനാഥന് ആദരാഞ്ജലികള്‍ എന്ന് അദ്ദേഹത്തിന്‍റെ ചിത്രം പങ്കുവെച്ചുകൊണ്ട് മമ്മൂട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
പ്രിയപ്പെട്ട മേഘനാഥന്‍ നമ്മോടു വിടപറഞ്ഞു. ചെയ്ത വേഷങ്ങളില്‍ എല്ലാം സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭയുള്ള നടനായിരുന്നു മേഘനാഥന്‍. പഞ്ചാഗ്‌നി, ചെങ്കോല്‍, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ തുടങ്ങിയ ചിത്രങ്ങളില്‍ ഞങ്ങള്‍ ഒന്നിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വേര്‍പാടില്‍ വേദനയോടെ ആദരാഞ്ജലികള്‍’- മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.
കോഴിക്കോട്ടെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മേഘനാഥന്‍ മരണപ്പെട്ടത്. പഴയ കാലത്തേ പ്രശസ്ത വില്ലൻ നടൻ ബാലൻ കെ നായരുടെ മകനാണ് അദ്ദേഹം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയില്‍ ആയിരുന്നു.
1980 ൽ പി.എൻ മേനോൻ സംവിധാനം ചെയ്‌ത ‘ അസ്‌ത്രം’ എന്ന ചിത്രത്തിൽ ഒരു സ്‌റ്റുഡിയോബോയിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചാണ് മേഘനാദന്‍ സിനിമ ജീവിതം ആരംഭിക്കുന്നത്. പഞ്ചാഗ്നി, ചമയം,രാജധാനി, ഭൂമിഗീതം, ചെങ്കോൽ, മലപ്പുറം ഹാജി മഹാനായ ജോജി,പ്രായിക്കര പാപ്പാൻ, ഉദ്യാനപാലകന്‍, ഈ പുഴയും കടന്ന്, ഉല്ലാസപ്പൂങ്കാറ്റ്, രാഷ്ട്രം, കുടമാറ്റം, വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും, വാസ്തവം എന്നിവയാണ് പ്രധാന ചിത്രങ്ങള്‍.
നിരവധി സീരിയലുകളിലും അദ്ദേഹം വേഷമിട്ടു. പറയാൻ ബാക്കി വച്ചത്, സ്‌നേഹാജ്ഞലി,മേഘജീവിതം തുടങ്ങിയവയാണ് മേഘനാഥൻ അഭിനയിച്ച ചില സീരിയലുകൾ
Discussion about this post