കൊച്ചി: നടി ഷീലയും മാദ്ധ്യമപ്രവർത്തകനും എംപിയുമായ ജോൺ ബ്രിട്ടാസും തമ്മിലുള്ള പഴയ ഇന്റർവ്യൂ വൈറലാവുന്നു. നസീറുമായി പിണക്കമുണ്ടായിരുന്നോ എന്ന് ജോൺ ബ്രിട്ടാസ് ചോദിക്കുന്നതും അതിന് നടി ഷീല ഉത്തരം നൽകുന്നതുമായ ഭാഗമാണ് വൈറലാവുന്നത്. നസീർ സാറുമായി നന്നായി ഇണങ്ങി, പിണങ്ങി, കലഹിച്ചു, കെറുവിച്ചു, മൂന്ന് വർഷക്കാലം മിണ്ടാതെ ഇരുന്നുവെന്ന് ജോൺ ബ്രിട്ടാസ് ചോദിക്കുമ്പോൾ നോ കമെന്റ്‌സ് എന്നാണ് ഷീലയുടെ ഉത്തരം. ഞാൻ ചോദിക്കുന്ന ചോദ്യങ്ങൾക്ക് എല്ലാം ഉത്തരം പറയാൻ ബാധ്യസ്ഥയാണെന്ന് ബ്രിട്ടാസ് പറയുമ്പോൾ അല്ല അല്ല, എല്ലാ ചോദ്യങ്ങളും അങ്ങനെ ചോദിക്കാൻ പറ്റുമോ? ബെഡ്റൂമിൽ നടക്കേണ്ട കാര്യം ബെഡ് റൂമിൽ, ഹാളിൽ നടക്കേണ്ട കാര്യം ഹാളിൽ, കിച്ചണിൽ നടക്കേണ്ട കാര്യം കിച്ചണിൽ നടക്കണം. അതാണ് മനുഷ്യ ധർമ്മമെന്ന് ഷീല പറയുന്നു. പിന്നാലെ ബ്രിട്ടാസ്, പക്ഷെ എന്റെ ചോദ്യത്തോട് മറുപടി പറയാതെ പോയി കഴിഞ്ഞാൽ പൊറുക്കില്ല ദൈവം. ഇവിടെ കയറുന്നതിനു മുൻപ് ഞാൻ പറഞ്ഞു കുമ്പസാരം ആണെന്ന് എന്ന് പറയുന്നതും
ഷീല ഇതിന് മറുപടിയായി കുമ്പസാരിക്കാൻ ഞാൻ എന്തിനാണ് ഇവിടെ വരുന്നത്? അതിനല്ലേ ചർച്ച്. ചർച്ചിലെക്ക് അല്ലെ പോകേണ്ടത്. നിങ്ങൾ ഫാദർ ഒന്നും അല്ലല്ലോ എന്നും പറയുന്നു. ഇളിമ്പ്യനായ ബ്രിട്ടാസ്: അയ്യോ അത് പോലൊരു പരിശുദ്ധനായ മനുഷ്യൻ അല്ലെ ഞാൻ എന്ന് ചോദിച്ചപ്പോൾ അങ്ങനെ ഒന്നും വിചാരിക്കാൻ പറ്റില്ല. പറയാൻ പറ്റുന്ന കാര്യം ആണെങ്കിൽ പറയും. പറയാൻ പറ്റാത്ത കാര്യം ആണെങ്കിൽ പറയില്ല. നോ കമന്റ്‌സ്. ജോൺ ബ്രിട്ടാസ് കരയരുത് കേട്ടോ. ഇങ്ങനെ കണ്ണുകൾ ഒക്കെ നിറഞ്ഞു വരുന്നല്ലോ എന്നാണ് ഷീലയുടെ മറുപടി.
എന്തായാലും സോഷ്യൽമീഡിയയിൽ ഇന്റർവ്യൂവിന്റെ ഈ ഭാഗം വലിയ ചർച്ചയാവുന്നുണ്ട്. സെലിബ്രറ്റികളുടെ വ്യക്തിജീവിതത്തിൽ തലയിടാൻ ആരാണ് മാദ്ധ്യമപ്രവർത്തകർക്ക് അധികാരം കൊടുത്തതെന്നും മറുപടി പറയാൻ താത്പര്യമില്ലെങ്കിൽ വീണ്ടും ചോദിക്കുന്നത് എന്തിനാണെന്നും ആളുകൾ ചോദിക്കുന്നു.
മലയാളത്തിലെ പ്രിയപ്പെട്ട നടിയാണ് ഷീല.1960-കളുടെ ആരംഭത്തിൽ സിനിമയിലെത്തിയ ഷീല, രണ്ടു പതിറ്റാണ്ടു കാലം വെള്ളിത്തിരയിൽ നിറഞ്ഞു നിന്നു.1980-ൽ സ്ഫോടനം എന്ന ചിത്രത്തോടെ താൽകാലികമായി അഭിനയ രംഗത്തുനിന്ന് വിടവാങ്ങിയ താരം 2003-ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ രണ്ടാം വരവ് നടത്തുകയായിരുന്നു.
Discussion about this post