പെർത്ത് : ബോർഡർ ഗാവസ്കർ ട്രോഫിക്ക് വേണ്ടിയുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ശക്തമായ നിലയിൽ. രണ്ടാം ദിവസം കളി നിർത്തുമ്പോൾ രണ്ടാം ഇന്നിംഗ്സിൽ വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ 172 റൺസെന്ന ശക്തമായ നിലയിലാണ് ടീം ഇന്ത്യ. 90 റൺസുമായി യശസ്‌വി ജെയ്‌സ്വാളും 62 റൺസുമായി കെ എൽ രാഹുലുമാണ് ക്രീസിൽ.
പേസും ബൗൺസുമുള്ള പിച്ചൊരുക്കി ഇന്ത്യയെ വീഴ്ത്താമെന്ന് വിചാരിച്ച ഓസ്ട്രേലിയക്ക് അതേ നാണയത്തിൽ തന്നെയാണ് ഇന്ത്യ മറുപടി നൽകിയത്. ആദ്യ ഇന്നിംഗ്സിൽ 150 റൺസിന് ഓൾ ഔട്ടായ ഇന്ത്യ ഓസ്ട്രേലിയയെ 104 റൺസിന് ഓൾ ഔട്ടാക്കി. ജസ്‌പ്രീത് ബൂമ്രയുടെ അഞ്ച് വിക്കറ്റ് നേട്ടമാണ് ഇന്ത്യൻ ബൗളിംഗിലെ ഹൈലൈറ്റ്. അരങ്ങേറ്റം കുറിച്ച ഹർഷിത് റാണ 3 വിക്കറ്റുകളും മൊഹമ്മദ് സിറാജ് രണ്ടു വിക്കറ്റുകളും വീഴ്ത്തി.
രണ്ടാം ഇന്നിംഗ്സിൽ ശ്രദ്ധയോടെ കളി ആരംഭിച്ച ഇന്ത്യൻ ഓപ്പണർമാർ ആദ്യത്തെ പിഴവുകൾക്ക് പ്രായച്ഛിത്തം ചെയ്തുകൊണ്ടാണ് ബാറ്റ് ചെയ്തത്. മോശം പന്തുകളെ മാത്രം തിരഞ്ഞുപിടിച്ച് പ്രഹരിച്ച ഇരുവരും ഓസീസ് പേസ് ബൗളർമാരുടെ താളം തെറ്റിച്ചു. ക്യാപ്ടൻ കമ്മിൻസ് ഏഴു ബൗളർമാരെ പരീക്ഷിച്ചെങ്കിലും ശക്തമായ പ്രതിരോധത്തിലൂന്നി ജെയ്സ്‌വാളും രാഹുലും ക്രീസിൽ ഉറച്ചു നിന്നു പൊരുതി. 193 പന്തുകളിൽ ഏഴു ബൗണ്ടറികളും രണ്ട് സിക്സറുകളും പറത്തിയാണ് ജെയ്‌സ്വാളിന്റെ 90 റൺസ്. 153 പന്തുകളിൽ നാലു ബൗണ്ടറികൾ മാത്രം നേടിയാണ് രാഹുൽ 62 റൺസെടുത്തത്.
നേരത്തെ 7 വിക്കറ്റിന് 67 റൺസ് എന്ന നിലയിൽ ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയക്ക് 3 റൺസ് കൂട്ടിച്ചേർക്കുന്നതിനിടയിൽ എട്ടാം വിക്കറ്റ് നഷ്ടമായി. 21 റൺസെടുത്ത അലക്സ് കാരിയെ ക്യാപ്ടൻ ബൂമ്ര കീപ്പർ ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ചു. സ്കോർ 79 ലെത്തിയപ്പോൾ നാഥൻ ലിയോണിന്റെ വിക്കറ്റും വീണു. ഹർഷിത് റാണയുടെ പന്തിൽ കെ.എൽ രാഹുൽ പിടിച്ചാണ് ലിയോൺ പുറത്തായത്. അവസാന ബാറ്ററായ് ഹേസൽവുഡിനെ വെച്ച് പൊരുതിയ മിച്ചൽ സ്റ്റാർക്കാണ് ഓസീസ് സ്കോർ നൂറു കടത്തിയത്. ഇരുവരും ചേർന്ന് 25 റൺസിന്റെ പാർട്ണർ ഷിപ്പുണ്ടാക്കി. ഓസ്ട്രേലിയൻ ഇന്നിംഗ്സിലെ ഏറ്റവും വലിയ കൂട്ടുകെട്ടും ഇത് തന്നെ. ഒടുവിൽ ഹർഷിത് റാണയുടെ പന്തിൽ മിച്ചൽ സ്റ്റാർക്ക് പുറത്തായതോടെ ഓസീസ് 104 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു.
Discussion about this post