തൃശൂർ: ജില്ലയിലെ തീരപ്രദേശങ്ങളിൽ പലഭാഗങ്ങളിലും മീനുകൾ കൂട്ടത്തോടെ കരയ്ക്കടിയുന്ന പ്രതിഭാസം തുടരുന്നു. ജില്ലയിൽ ഒരുമാസത്തിനിടെ പത്തോളം ഭാഗങ്ങളിലാണ് കരയിലേക്ക് ചാളക്കൂട്ടം വന്നടിഞ്ഞത്. ചാള വാങ്ങാൻ കാശുകൊടുക്കേണ്ടാ..നേരെ തീരത്തേക്ക് ചട്ടിയുമായി വന്നാൽ മതി.പിടയ്ക്കണ ചാള വാരാം എന്നതാണ് സ്ഥിതി. കൈയിൽ കിട്ടിയ കവറുകളിലും ബാഗുകളിലുമെല്ലാം മീൻ വാരിയെടുക്കാൻ ആളുകൾ മത്സരിക്കുന്ന കാഴ്ചയായിരുന്നു തീരത്ത്.
തൃശ്ശൂരിന്റെ തീരപ്രദേശങ്ങളായ ചാവക്കാട്, വലപ്പാട്, വാടാനപ്പള്ളി ഗണേശമംഗലം ബീച്ച്, എടക്കഴിയൂർ പഞ്ചവടി ബീച്ച്, തളിക്കുളം നമ്പിക്കടവ് എന്നിവിടങ്ങളിലെല്ലാം ചാളക്കൂട്ടമെത്തി.സാധാരണ ഗതിയിൽ പുറങ്കടലിൽ മാത്രം കാണുന്ന ചാളയാണ് ഇപ്പോൾ കൂട്ടത്തോടെ തീരത്തേക്കു കയറിയത്.
ചില സന്ദർഭങ്ങളിൽ അന്തരീക്ഷ താപനിലയുടെ മാറ്റം കാരണം കടൽ വെള്ളത്തിന്റെ സാന്ദ്രത കുറവാകുന്നതിനാലാണ് മത്സ്യം കരയിലേക്കു കൂട്ടത്തോടെ എത്തുന്നതെന്നു കടൽ മത്സ്യ പഠന ഗവേഷക കേന്ദ്രം ഉദ്യോഗസ്ഥർ പറയുന്നു സാന്ദ്രത കുറയുമ്പോൾ അടിത്തട്ടിലെ വെള്ളം മുകളിലേക്ക് ഉയരും. ഈ സന്ദർഭത്തിൽ കരയോടുത്തു സഞ്ചരിക്കുന്ന മത്തിക്കൂട്ടം വെള്ളത്തിന്റെ ഉപരിതലത്തിലെത്തി തിരയോടൊപ്പം കരയിലേക്കു തള്ളപ്പെടും.
അരമണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ ഈ പ്രതിഭാസം നീളും. ഈ സന്ദർഭത്തിൽ മത്സ്യങ്ങൾക്കു തിരിച്ച് ഉൾക്കടലിലേക്കു പോകാൻ കഴിയാത്ത അവസ്ഥ വരും.
Discussion about this post