ഓസ്‌കർ ജേതാവായ സംഗീത സംവിധായകൻ എ ആർ റഹ്‌മാനും ഭാര്യ സൈറാ ബാനുവും വിവാഹമോചിതരാകുന്നുവെന്ന വാർത്ത ഏറെ ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. 29 വർഷം ഒന്നിച്ചുകഴിഞ്ഞതിന് ശേഷമാണ് വേർപിരിയുകയാണെന്ന് ഇരുവരും പ്രഖ്യാപിച്ചത്. ഇതോടെ ഗ്രേ ഡിവോഴ്‌സ് എന്ന പദം വീണ്ടും ചർച്ചയാവുകയാണ്.
ഏകദേശം 50 വയസാകുമ്പോഴേക്കും വിവാഹ ബന്ധം വേർപ്പെടുത്തുന്നതിനെ ആണ് ഗ്രേ ഡിവോഴ്‌സ് എന്ന് പറയുന്നത്. വളരെക്കാലം ഒരുമിച്ച് ചെലവഴിച്ചതിന് ശേഷം വേർപിരിയുന്ന ആളുകളെ സിൽവർ സ്പ്ലിറ്ററുകൾ എന്ന് വിളിക്കുന്നു.അതിവേഗത്തിലാണ് ഇന്നത്തെ കാലത്ത് ഗ്രേ ഡിവോഴ്‌സ് വർധിക്കുന്നത്.വിവാഹമോചിതരായവരിൽ മൂന്നിലൊന്ന് ശതമാനവും 50 വയസിന് മുകളിൽ പ്രായമുള്ള വ്യക്തികളാണ്. 1990 മുതൽ ഗ്രേ ഡിവോഴ്സിന്റെ നിരക്ക് ഇരട്ടിയായിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സാധാരണ വിവാഹ മോചനത്തേക്കാൾ മാനസികമായും സാമൂഹികമായും സാമ്പത്തികമായും ഇത് പങ്കാളികളെ ബാധിക്കാറുണ്ട്.വികാരം അല്ലെങ്കിൽ കാമം (passion), അടുപ്പം, സ്നേഹബന്ധം അല്ലെങ്കിൽ സൗഹൃദം (intimacy), ചുമതലാബോധം അല്ലെങ്കിൽ പ്രതിജ്ഞാബദ്ധത (commitment) എന്നിവയാണ് വിവാഹജീവിതത്തിന്റെ ഏറ്റവും അടിസ്ഥാനതലങ്ങളായി പറയുന്നത്. പ്രണയ വിവാഹങ്ങളിൽ ഏറ്റവും ആദ്യം ഉണ്ടാവുന്നത് പാഷനാണ്. അതിന് ശേഷമാണ് മറ്റ് തലങ്ങൾ രൂപപ്പെടുക. എന്നാൽ അറേഞ്ച്ഡ് മാര്യേജിൽ കമ്മിറ്റ്മെന്റാണ് പലപ്പോഴും ആദ്യം ഉണ്ടാവുന്നത്. പിന്നീടാണ് മറ്റ് തലങ്ങൾ രൂപപ്പെടുക. കമ്മിറ്റ്മെന്റ് അഥവാ ഉത്തരവാദിത്തബോധം മാത്രമുള്ള അവസ്ഥയെ എംപ്റ്റി ലവ് (empty love) എന്നാണ് വിളിക്കുന്നത്.
വിവാഹ ജീവിതത്തിലെ പാഷൻ കുറച്ചു വർഷങ്ങൾ കൊണ്ടു തന്നെ ഇല്ലാതാകാൻ തുടങ്ങും. ഇന്റിമസിയും കമ്മിറ്റ്മെന്റുമാണ് അവസാനം വരെ നിലനിൽക്കുക. എന്നാൽ ഇവയുടെ നിലനിൽപ് പലകാര്യങ്ങളെ ആശ്രയിച്ചാണ്. കാര്യങ്ങൾ തുറന്ന് സംസാരിക്കുന്നത്, പരസ്പരബഹുമാനം, സ്നേഹം പ്രകടിപ്പിക്കുന്ന രീതികൾ, അംഗീകരിക്കൽ ഇവയ്ക്കെല്ലാമൊപ്പം ഓരോരുത്തരുടെയും വ്യക്തിത്വവും ഇതിനെ സ്വാധീനിക്കും. അടുപ്പത്തിന്റെ തലം എത്ര നന്നായി മുന്നോട്ട് പോകുന്നോ അത്രയും ഉറപ്പുണ്ടാവും ബന്ധങ്ങൾക്ക്. എന്നാൽ ഈ ഘട്ടത്തിൽ നമ്മുടെ സമൂഹത്തിന്റെ സ്വാധീനം വലിയ രീതിയിൽ ഉണ്ടാകാറുണ്ട്. പലപ്പോഴും ഇന്റിമസി ഫേസ് തകരുമ്പോഴാണ് വിവാഹമോചനത്തിലേക്ക് എത്തുന്നത്.മക്കൾ വിവാഹം കഴിഞ്ഞ് പോയശേഷം പല ദമ്പതികളും തങ്ങളുടെ ദാമ്പത്യത്തെ പുനർമൂല്യനിർണയം നടത്താറുണ്ട്. മാതാപിതാക്കൾ എന്നതിലുപരി പൊതുവായ ലക്ഷ്യങ്ങളോ താൽപ്പര്യങ്ങളോ തങ്ങൾക്കിടയിൽ ഇല്ലെന്ന് അവരിൽ പലർക്കും തോന്നുന്നു
വിവാഹമോചനശേഷം അവർക്ക് കുടുംബ സ്ഥിരത നഷ്ടപ്പെട്ടതായി തോന്നിയേക്കാം. വിവാഹമോചനം സോഷ്യൽ സർക്കിളുകളിലെ മാറ്റങ്ങൾക്കും കാരണമായേക്കാം. സുഹൃത്തുക്കളും കുടുംബാംഗങ്ങളും പക്ഷം ചേരാൻ തുടങ്ങും. സമൂഹത്തിൽ നിന്ന് വലിയ രീതിയിൽ അസ്വസ്ഥതകൾ നേരിടാം. വർഷങ്ങളോളം താമസിച്ച് വീട് മാറേണ്ടി വരുന്ന അവസ്ഥ വളരെ പ്രയാസം നിറഞ്ഞതാണ്. ഇത്തരം ജീവിത ക്രമീകരണങ്ങളിലെ മാറ്റങ്ങൾ സമ്മർദമുണ്ടാക്കാം. അതുപോലെ ഇതൊക്കെ വീണ്ടും ക്രമീകരിച്ച് വരാൻ അൽപ്പം സമയം എടുത്തേക്കാം
Discussion about this post