ആലപ്പുഴ: ആലപ്പുഴയിൽ സിപിഎം നേതാവ് ബിജെപിയിൽ ചേർന്നു. ജില്ലാ പഞ്ചായത്ത് മുൻ ഉപാദ്ധ്യക്ഷനും സിപിഎം ഏരിയ കമ്മിറ്റി അംഗവുമായ ബിബിൻ സി ബാബുവാണ് ബിജെപിയിൽ ചേർന്നത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ബിബിനെ പപാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.
രാവിലെയോടെയായിരുന്നു ബിബിൻ ബിജെപിയിൽ ചേർന്നത്. സിപിഎം വിട്ട ബിബിൻ കഴിഞ്ഞ ദിവസം സുരേന്ദ്രനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി അംഗത്വം സ്വീകരിച്ചത്. പരിപാടിയിൽ മറ്റ് ബിജെപി നേതാക്കളായ ശോഭാ സുരേന്ദ്രൻ, പി.കെ കൃഷ്ണദാസ്, എംടി രമേശ് എന്നിവർ പങ്കെടുത്തു.
പ്രദേശത്തെ പ്രബലനായ നേതാക്കളിൽ ഒരാളാണ് ബിബിൻ. അദ്ദേഹം പാർട്ടിയിൽ ചേർന്നത് ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് ബിജെപി. എസ്എഫ്‌ഐ മുൻ ജില്ലാ സെക്രട്ടറിയും ഡിവൈഎഫ്‌ഐ സംസ്ഥാന സമിതി അംഗവുമാണ് ബിബിൻ. കേരള സർവ്വകലാശാല സെനറ്റ് അംഗം കൂടിയാണ്.
ചില മാലിന്യങ്ങൾ പോകുമ്പോൾ ബിജെപിയിലേക്ക് ശുദ്ധജലം വരുമെന്ന് പരിപാടിയിൽ സംസാരിക്കുന്നതിനിടെ സുരേന്ദ്രൻ പറഞ്ഞു. കൂടുതൽ സിപിഎം നേതാക്കൾ ബിജെപിയിലേക്ക് വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post