കുന്നുപോലെ അടുക്കിവച്ചിരിക്കുന്ന ഓറഞ്ചുകൾ.. ഇപ്പോൾ നിരത്തുകളിലെയും പഴക്കടകളിലെയും സ്ഥിരം കാഴ്ചയാണ്. സീസണായി എന്ന് അറിയിക്കുന്നതാണ് ഈ മനോഹര കാഴ്ച. അത്രമേൽ ഗുണഗണങ്ങളാണ് ഈ സുന്ദരൻ പഴത്തിനുള്ളത്. സിട്രസ് ഗണത്തിൽ പെട്ട ഫലമാണ് ഓറഞ്ച്. വിറ്റാമിൻ സി കൊണ്ട് സമ്പന്നമായതിനാൽ തന്നെ ഇത് നിരവധി ആരോഗ്യ സൗന്ദര്യ ഗുണങ്ങൾ ഉറപ്പാക്കുന്നുണ്ട്. ഓറഞ്ച്, ഓറഞ്ച് ജ്യൂസ്, ഓറഞ്ചിന്റെ തൊലി എന്നിവയെല്ലാം പല ഗുണങ്ങൾക്കായി ഉപയോഗിക്കാവുന്നവയാണ്. നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ, കൊളസ്ട്രോൾ നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനുമെല്ലാം ഓറഞ്ച് സഹായിക്കും. പ്രതിരോധ ശക്തി മെച്ചപ്പെടുത്താനും മികച്ചതാണ് ഓറഞ്ച്. കൂടാതെ ശരീരത്തിലെ ഇരുമ്പിൻറെ ആഗിരണം വർധിപ്പിച്ച് വിളർച്ച തടയാനും ഓറഞ്ച് ഏറെ സഹായിക്കുന്നു.
സീസണായത് കൊണ്ട് തന്നെ ഒരുപാട് ഓറഞ്ചുകൾ നമുക്ക് ലഭ്യമാണ്. എന്നാൽ ഇതിൽ നല്ലത് നോക്കി എങ്ങനെ തിരഞ്ഞെടുക്കാം എന്ന സംശയം പലർക്കും ഉണ്ടാകും. അതൊന്ന് നോക്കിയാലോ? നല്ല ഓറഞ്ച് നിറമുള്ള പഴമായത് കൊണ്ട് മാത്രം അത് നല്ലതാവണമെന്നില്ല. നല്ല നിറമുള്ള ഓറഞ്ച് ആണെങ്കിലും വാങ്ങിക്കുമ്പോൾ നീരില്ലാത്തതും അമിതമായി ചീഞ്ഞിരിക്കുന്നതും പുളിയുള്ളതുമാവാനാണ് സാധ്യത
ഓറഞ്ച് വാങ്ങുമ്പോൾ നമ്മൾ തന്നെ തിരഞ്ഞെടുക്കുന്നതാണ് കബളിപ്പിക്കപ്പെടാതിരിക്കാൻ ആദ്യം ചെയ്യേണ്ടത്. ഓറഞ്ച് കൈയിൽ എടുത്ത് അതിന്റെ തൂക്കം നോക്കണം. കൈയിലുള്ള ഓറഞ്ചിന് ഭാരം തോന്നുന്നുണ്ടെങ്കിൽ അത് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. കാരണം ഇത്തരം ഓറഞ്ചിൽ നല്ല നീര് ഉണ്ടാകാൻ സാദ്ധ്യത കൂടുതലാണ്. നീര് വറ്റിയ ഓറഞ്ചിന് തൂക്കം കുറവാകാനാണ് സാധ്യത. അമിതമായി ഞെങ്ങാത്തതും ഒട്ടും ഞെങ്ങാതിരിക്കുന്നതുമായ ഓറഞ്ച് എടുക്കരുത്. ചില പച്ച നിറമുള്ള ഓറഞ്ചുകൾക്ക് നല്ല സ്വാദും നീരും ഉണ്ടായിരിക്കാം. ഓറഞ്ചിന്റെ തൊലിക്ക് നല്ല കട്ടിയുണ്ടെങ്കിൽ അത്തരം ഓറഞ്ച് വാങ്ങാതിരിക്കുക. കാരണം തൊലിക്ക് കട്ടി വന്നിട്ടുണ്ടെങ്കിൽ ആ ഓറഞ്ചിന്റെ ഗുണം നശിച്ചു തുടങ്ങിയെന്നാണ് അർത്ഥം.
ഓറഞ്ചുകൾ സൂക്ഷിക്കാൻ നെറ്റ് ബാഗുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. അടച്ചുറപ്പുള്ള പാത്രത്തിലോ കണ്ടെയ്‌നറിലോ ആകുമ്പോൾ തണുപ്പും വായുവും കിട്ടുന്നത് കുറവാകും. ഇത് ചീഞ്ഞുപോകാൻ ഇടയാക്കും.
Discussion about this post