എറണാകുളം: ആരാധകരുടെ കാത്തിരിപ്പിന് വിരാമം ഇട്ട് എമ്പുരാന്റെ റിലീസ് പ്രഖ്യാപനം. ചിത്രം അടുത്ത വർഷം മാർച്ചിൽ തിയറ്ററുകളിൽ റിലീസ് ചെയ്യും. മോഹൻലാൽ അടക്കമുള്ള താരങ്ങൾ സോഷ്യൽ മീഡിയയിലൂടെയാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപനം നടത്തിയത്. ഇതോടെ വലിയ ആവേശത്തിലാണ് ആരാധകർ.
മാർച്ച് 27 നാണ് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യുക. മലയാളത്തിന് പുറമേ തമിഴ്, കന്നട, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലും ചിത്രം അന്നേ ദിവസം റിലീസ് ചെയ്യും. രാജ്യത്തിന് പുറത്തും ചിത്രം റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവർത്തകർ അറിയിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റർ സഹിതം പങ്കുവച്ചാണ് താരങ്ങളും അണിയറ പ്രവർത്തനങ്ങളും തിയതി പുറത്തുവിട്ടിരിക്കുന്നത്.
ആഗോള ബോക്‌സ് ഓഫീസിൽ ഹിറ്റായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. പൃഥ്വിരാജ് സുകുമാരന്റെ സംവിധാന മികവിൽ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം 14 മാസത്തോളം നീണ്ടു. 8 സംസ്ഥാനങ്ങളിലും അമേരിക്ക ഉൾപ്പെടെ നാല് രാജ്യങ്ങളിലും ആയിട്ടായിരുന്നു സിനിമയുടെ ചിത്രീകരണം.
ചിത്രീകരണത്തിന്റെ ഭാഗമായി എട്ട് സംസ്ഥാനങ്ങളിലൂടെയും നാല് രാജ്യങ്ങളിലൂടെയുമുള്ള യാത്ര ഒരു അത്ഭുതമായിരുന്നുവെന്ന് തിയതി പ്രഖ്യാപിച്ചുകൊണ്ട് മോഹൻലാൽ പറഞ്ഞു. പൃഥിരാജിന്റെ സംവിധാന മികവിൽ ഒരുങ്ങുന്ന മായാജാലമാണ് എമ്പുരാൻ. സിനിമയുടെ ഹൃദമായ കഥയൊരുക്കിയ മുരളി ഗോപിയ്ക്ക് നന്ദി. ഈ സിനിമയിൽ വിശ്വാസം അർപ്പിച്ചതിന് ആന്റണി പെരുമ്പാവൂരിനും നന്ദി പറയുന്നു. എല്ലാവിധ പിന്തുണയും നൽകിയ ലൈക പ്രൊഡക്ഷനും നന്ദി പറയുകയാണെന്നും മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.
ഒരു നടൻ എന്ന നിലയിൽ എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട അദ്ധ്യായം ആണ് ഈ സിനിമ. ഇത് എല്ലായ്‌പ്പോഴും എനിക്കൊരു നിധി ആയിരിക്കും. ആരാധകരുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും. ഇനിയും സംഭവങ്ങൾ വരാനുണ്ടെന്നും മോഹൻലാൽ വ്യക്തമാക്കി.
Discussion about this post