ന്യൂയോർക്ക്: നമ്മുടെ ശാസ്ത്രരംഗം പ്രതിദിനം വളർന്നുകൊണ്ടിരിക്കുകയാണ്. ഇതിനോടകം തന്നെ നിരവധി നിർണായക കണ്ടുപിടിത്തങ്ങൾക്ക് നാം സാക്ഷിയായി. മനുഷ്യരാശിയ്ക്ക് ഏറെ ഗുണം ചെയ്യുന്നവയാണ് ഈ കണ്ടുപിടിത്തങ്ങളെല്ലാം. മാറിയ കാലത്ത് ഇപ്പോൾ ഗവേഷണങ്ങൾ നടക്കുന്നത് മരിക്കാതിരിക്കാനുള്ള മരുന്ന് കണ്ടെത്തുന്നതിന് വേണ്ടിയാണ്. ഇതുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്കായി ലോകമെമ്പാടുമുള്ള ശതകോടീശ്വരന്മാർ കോടികൾ ആണ് നിക്ഷേപിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.
ആമസോണിന്റെ സിഇഒ ആയ ജെഫ് ബെസോസ് ഉൾപ്പെടെ മരിക്കാതിരിക്കാനുള്ള മരുന്നിന്റെ കണ്ടെത്തലിനായി വൻതുക നിക്ഷേപിച്ചിട്ടുണ്ട്. മൂന്ന് ബില്യൺ ഡോളറാണ് ഈ ഗവേഷണത്തിനായുള്ള ജെഫ് ബെസോസിന്റെ സംഭാവന. പരീക്ഷണം വിജയം കണ്ടാൽ ഈ മരുന്ന് അദ്ദേഹത്തിനും സ്വന്തമാകും. ലോകത്തെ തന്നെ പ്രമുഖ ലാബായ ആൾട്ടോസിൽ നടക്കുന്ന പരീക്ഷണങ്ങൾക്കാണ് അദ്ദേഹത്തിന്റെ പിന്തുണ.
മെതുസലഹ് ഫൗണ്ടേഷൻ നടത്തുന്ന പരീക്ഷണങ്ങൾക്ക് വേണ്ടി പേയ്പലിന്റെ സഹ സ്ഥാപകനായ പീറ്റർ തിയേൽ വൻ തുക നിക്ഷേപിച്ചിട്ടുണ്ട്. അസുഖങ്ങളെ പ്രതിരോധിച്ച് ആയുർദൈർഘ്യം വർദ്ധിപ്പിക്കുന്നതിനുള്ള മരുന്നിന് വേണ്ടിയാണ് ഇവിടെ ഗവേഷണങ്ങൾ പുരോഗമിക്കുന്നത്. ചാറ്റ് ജിപിടിയുടെ നിർമ്മാതാവ് സാം ആൾട്ട്മാൻ റെട്രോ ബയോസയൻസിൽ നടക്കുന്ന ഗവേഷണങ്ങൾക്കായി 180 മില്യൺ ഡോളർ നിക്ഷേപിച്ചിട്ടുണ്ട്.
നമ്മുടെ കോശങ്ങളെ ചെറുപ്പമാക്കി കൊണ്ട് ആയുർദൈർഘ്യം വർദ്ധിപ്പിക്കുകയാണ് മരണത്തെ തടയുന്ന ഈ മരുന്നുകളുടെ കർത്തവ്യം. അടുത്തിടെ ഇംപീരിയൽ ലണ്ടൻ കോളേജും, സിംഗപ്പൂരിലെ ഡ്യൂക്ക് നസ് മെഡിക്കൽ സ്‌കൂളും സംയുക്തമായി ആയുസ് വർദ്ധിപ്പിക്കുന്നതിനുള്ള മരുന്ന് കണ്ടുപിടിച്ചിരുന്നു. ഈ മരുന്ന് എലികളിൽ പരീക്ഷിച്ചപ്പോൾ ഞെട്ടിക്കുന്ന ഫലമായിരുന്നു ലഭിച്ചത്. ഈ മരുന്ന് കുത്തിവച്ച എലികളുടെ ആയുസ് 25 ശതമാനം വർദ്ധിച്ചു. ഇതോടെയാണ് ശതകോടീശ്വരന്മാർ ഇത്തരത്തിൽ നിക്ഷേപങ്ങൾ നടത്താൻ ആരംഭിച്ചത്.
Discussion about this post