എല്ലായിപ്പോഴും തലമുറ മാറ്റം സംഭവിക്കുമ്പോൾ ന്യൂജൻ പിള്ളേർ കൊള്ളില്ല.. എന്ന പല്ലവി കേൾക്കാറില്ലേ.. പഴയ തലമുറയായിരുന്നു നല്ലത്. ഇപ്പോഴത്തെ കുട്ടികൾക്ക് എന്തറിയാം. എന്നൊക്കെയാണ് ചോദ്യങ്ങൾ പണ്ടത്തെ ന്യൂജൻ തലമറയാണ് ഭാവിയിൽ പഴയതലമുറയായി ഈ ചോദ്യങ്ങളും കുറ്റപ്പെടുത്തലുകളും ഉന്നയിക്കുന്നത് എന്ന കാര്യം മറന്നുപോകുന്നു. ബന്ധങ്ങളുടെ കാര്യത്തിലും ന്യൂജൻ കുട്ടികൾ അഥവാ മില്ലേനിയൽ യൂത്ത് (1981 നും 1996 നും ഇടയിൽ ജനിച്ചവർ) ജെൻ സീ അഥവാ 1997 നും 2010 നും ഇടയിൽ ജനിച്ച ജനറേഷൻ സീ അൽപ്പം വ്യത്യസ്തരാണ്. പ്രണയത്തിലാണോ എന്ന് ഇവരോട് ആരെങ്കിലും ചോദിച്ചാൽ അതെ അല്ലെങ്കിൽ അല്ല എന്നല്ല ഉത്തരം ലഭിക്കുക. ഞങ്ങൾ ഡേറ്റിംഗിലാണ്,സിറ്റുവേഷൻഷിപ്പിലാണ് ടെക്‌സറ്റലേഷൻഷിപ്പിലാണ് എന്നിങ്ങനെയാണ് മുപടികൾ. പ്രണയത്തിനും സൗഹൃദത്തിനും എല്ലാം പുതിയ മാനങ്ങൾ സൃഷ്ടിച്ച് അതിർവരമ്പുകളില്ലാതെ ജീവിക്കുകയാണ് പുതിയ തലമുറ.
2024 ൽ പുതിയ ഡേറ്റിംഗ് ട്രെൻഡുകൾ വന്നെങ്കിലും 2025 കീഴടക്കാൻ പോകുന്നത് നാനോഷിപ്പുകൾ ആണെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം. പുതുതലമുറ ഒരു വ്യക്തിയുമായുള്ള ഏറ്റവും ചെറിയ ഇടപെടലുകളിൽ പോലും അർത്ഥം കണ്ടെത്തുന്നു. അത് ചിലപ്പോൾ ഗൗരവമേറിയതാവാം. വിനോദത്തിനും ആവാം. ഒരു തരത്തിലുമുള്ള പ്രതീക്ഷകളും ഇല്ലാതെ ഹ്രസ്വകാലത്തേക്കുള്ള ബന്ധമാണ് നാനോഷിപ്പ്. കൂടെയുള്ള കാലം പരസ്പരം സന്തോഷത്തോടെ ഇരിക്കുക എന്നതാണ് ഈ ബന്ധങ്ങളുടെ അടിസ്ഥാനം. ഉദാഹരണമായി ഒരുപാർട്ടിയിലോ മറ്റ് പരിപാടികളിലോ പങ്കെടുക്കുമ്പോഴോ യാത്ര പോകുമ്പോഴോ ഒരാളെ കണ്ട് നമുക്ക് അടുപ്പം.പുതുതലമുറയുടെ ഭാഷയിൽ പറഞ്ഞാൽ സ്പാർക്ക് തോന്നുന്നു. എന്നാൽ അത് കുറച്ച് നേരത്തേക്ക് മാത്രം നിൽക്കുകയും അയാളെ കുറിച്ച് മതിപ്പ് അവശേഷിപ്പിക്കുകയും ചെയ്യുന്നതിനെയാണ് നാനോഷിപ്പ് എന്ന് പറയുന്നത്. ഒരു പുഞ്ചിരിയിലോ ഷോക്ക് ഹാൻഡിലോ ആരംഭിച്ച ബന്ധം ചാറ്റിലോ ഡേറ്റിംഗിലോ ലൈംഗികബന്ധത്തിലോ വരെ ചെന്നെത്താം.
നാനോഷിപ്പുകൾ പ്രതീക്ഷകളുടെ ഭാരം കുറയ്ക്കുകയും സിംഗിൾസിന് ഒരു ബന്ധം സൃഷ്ടിക്കാൻ സഹായിക്കുകയും ചെയ്യുന്നു.ഡേറ്റിങ്ങിലെ പുതിയ ട്രെൻഡുകളെ സൂചിപ്പിക്കുന്ന ഇയർ ഇൻ സൈ്വപ്പ് എന്ന തലക്കെട്ടിലുള്ള വർഷാവസാനമുള്ള റിപ്പോർട്ടിലാണ് ഈ പദം ഉപയോഗിച്ചിരിക്കുന്നത്. ലണ്ടൻ, അമേരിക്ക, കാനഡ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലെ 18നും 34നുമിടയിലുള്ള 8000 സിംഗിൾസുമായി ടിൻഡർ ഒരു സർവേ നടത്തിയിരുന്നു. ചെറിയ സംഭാഷണങ്ങളോ ഒരു തവണ മാത്രമുള്ള കണ്ടുമുട്ടലോ അഗാധമായ ബന്ധങ്ങളും വലിയ സന്തോഷവും നൽകുന്നതായി നിരവധി സിംഗിൾസ് വ്യക്തമാക്കിയതായി സർവേയിൽ സൂചിപ്പിക്കുന്നു.
Discussion about this post