കഴിഞ്ഞ 36 വർഷമായി വേറിട്ട നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ നിറഞ്ഞു നിൽക്കുന്ന താരമാണ് ജയറാം. ഇന്ന് മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയ താരം ജയറാം പിറന്നാള്‍ നിറവിലാണ്. അറുപതിന്റെ നിറവിലേക്ക് കടക്കുന്ന താരത്തിന് നിരവധി പേരാണ് ആശംസകൾ അറിയിച്ചു കൊണ്ട് എത്തുന്നത്. മകനും നടനുമായ കാളിദാസിന്റെ വിവാഹത്തിന് തൊട്ട് പിന്നാലെയുള്ള പിറന്നാൾ ആഘോഷം എന്ന വലിയ പ്രത്യേകതയും ഇത്തവണ ജയറാമിനുണ്ട്.
ഇപ്പോഴിതാ പിറന്നാള്‍ ദിനത്തില്‍ താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. കടന്നു വരുന്ന ഓരോ വയസും എൻജോയ് ചെയ്യുന്നൊരാളാണ് താനെന്ന് ജയറാം പറയുന്നു. തന്റെ നരയും സ്കിന്നിൽ വരുന്ന ചുളിവുകളുമെല്ലാം താന്‍ എൻജോയ് ചെയ്യാറുണ്ട്. ഇപ്പോഴിതാ മകന്റെയും മകളുടെയും വിവാഹം കഴിഞ്ഞു. ഇനി ജീവിതത്തില്‍ മറ്റൊരു ഘട്ടത്തിലേക്ക് കടക്കുകയാണ് എന്നും ജയറാം പറഞ്ഞു.
‘നമ്മൾ ജനിക്കുന്ന വയസൊന്ന്. പള്ളിക്കുടത്തിൽ ചേർക്കാൻ വേണ്ടി കൊടുക്കുന്ന കള്ള വയസൊന്ന്. അതുകഴിഞ്ഞ് ജോലി കിട്ടാനും ജീവിതത്തിലെ പലഘട്ടങ്ങളിലും പറയുന്ന വയസുകൾ ഒരുപാട്. വെറൊരാൾ നമ്മുടെ മുഖത്ത് നോക്കി പറയുന്നൊരു വയസുണ്ട്. അതിനേക്കാള്‍ ഏറ്റവും വലുത് നമ്മുടെ മനസ് പറയുന്ന വയസാണ്. അങ്ങനെ നോക്കുകയാണെങ്കിൽ എനിക്ക് വയസ് വളരെ പുറകിലേക്കാണ്. എന്റെ എസ്എസ്എൽസി ബുക്ക് നോക്കിയാലും പാസ്പോർട്ട് നോക്കിയാലും 1965 ഡിസംബർ 10 ആണ് എന്റെ ഡേറ്റ് ഓഫ് ബർത്ത്. അങ്ങനെ നോക്കിയാൽ 59 ആയേ ഉള്ളൂ’- താരം ചിരിച്ചുകൊണ്ട് പറഞ്ഞു നിർത്തി.
കഴിഞ്ഞ മുപ്പത്തിയാറ് വർഷമായി ജയറാമിന്റെ പല പ്രായവും താൻ കണ്ടിട്ടുണ്ടെന്ന് പാർവതിയും പറയുന്നു. ‘ജയറാമിന് ഞാൻ കാണുമ്പോഴൊക്കെ പല പ്രായം ആണ്. കുട്ടികളുടെ കൂടെ ഇരിക്കുമ്പോള്‍, ഞങ്ങൾ ഒരുമിച്ച് തമാശ പറയുമ്പോള്‍ ഒക്കെ 25 വയസ്സാണ്. പക്ഷേ, നമ്മൾ ഒരു ട്രിപ്പ് പോയി, ഒരു പാര്‍ക്കില്‍ റൈഡില്‍ കയറാന്‍ പറഞ്ഞാല്‍ 70 വയസ്സുള്ള ഒരു അപ്പൂപ്പന്‍ ആണ് ജയറാം ‘- പാർവതി പറഞ്ഞു.
Discussion about this post