ടെഹ്‌റാൻ: ഹിജാബുമായി ബന്ധപ്പെട്ട നിയമം കർശനമാക്കാനൊരുങ്ങി ഇറാൻ. നിയമലംഘകർക്ക് കർശന ശിക്ഷ നൽകികൊണ്ടാണ് നിയമം നടപ്പാക്കാൻ ഒരുങ്ങുന്നത്. ഹിജാബ് ധരിക്കാതെ പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടുന്ന സ്ത്രീകൾക്ക് വധശിക്ഷവരെയാണ് ലഭിക്കുക. ഹിജാബുമായി ബന്ധപ്പെട്ട നിയമം അടുത്തിടെ പരിഷ്‌കരിച്ചിരുന്നു. ഇതിലാണ് കർശന ശിക്ഷ വ്യവസ്ഥ ചെയ്യുന്നത്.
ഹിജാബ് ധരിക്കാത്ത സ്ത്രീകൾക്ക് പിഴ മുതൽ വധശിക്ഷവരെ നൽകാനാണ് നിയമത്തിൽ പറയുന്നത്. കുറ്റത്തിന്റെ തീവ്ര അനുസരിച്ച് പിഴ മുതൽ തടവ് ശിക്ഷവരെയാണ് കുറ്റക്കാർക്ക് നൽകുക. കുറ്റം വീണ്ടും ആവർത്തിച്ചാൽ അത് ഗുരുതര കുറ്റകൃത്യമായി കണക്കാക്കും. 15 വർഷംവരെ തടവ് മുതൽ വധശിക്ഷ വരെയാണ് കുറ്റം ആവർത്തിച്ചവർക്ക് ലഭിക്കുക. ഹിജാബിനെതിരായ ആശയങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെയോ അല്ലാതെയോ പ്രചരിപ്പിക്കുന്നതിന് വിലക്കുണ്ട്. ഇവ ശ്രദ്ധയിൽപ്പെട്ടാൽ പ്രചരിപ്പിക്കുന്നവർക്ക് 10 വർഷംവരെ തടവ് ശിക്ഷ ലഭിക്കും. നിയമം ലംഘിക്കുന്ന സ്ത്രീകളുടെ അറസ്റ്റ് തടയാൻ ശ്രമിക്കുന്നവർക്ക് തടവോ പിഴയോ ശിക്ഷ ഏർപ്പെടുത്തുമെന്നും വ്യക്തമാക്കുന്നുണ്ട്.
അതേസമയം ഇറാനിലെ പുതിയ നിയമത്തിനെതിരെ രൂക്ഷമായ വിമർശനം ആണ് ഉയരുന്നത്. 2022ൽ ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ മഹ്‌സ അമിനി എന്ന യുവതിയെ മതപോലീസ് മർദ്ദിച്ച് കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ഹിജാബിനെതിര ആരംഭിച്ച പ്രതിഷേധങ്ങൾ ഇപ്പോഴും തുടരുകയാണ്. അടുത്തിടെ ഹിജാബിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി അടിവസ്ത്രം മാത്രം ധരിച്ച് യുവതി പൊതുസ്ഥലത്ത് പ്രത്യേക്ഷപ്പെട്ടത് വലിയ വാർത്ത ആയിരുന്നു. ഇതിനിടെയാണ് ഹിജാബിന് കർശന ശിക്ഷ വ്യവസ്ഥ ചെയ്തുകൊണ്ടുള്ള പുതിയ അറിയിപ്പ് പുറത്തുവരുന്നത്.
Discussion about this post