കരയിലും വെള്ളത്തിലും ജീവിക്കാൻ കഴിയുന്ന ജീവിയേത്…? ചെറിയക്ലാസുകളിൽ ഈ ചോദ്യം ടീച്ചർ ചോദിക്കുമ്പോൾ ഒരേ സ്വരത്തിൽ തവളയെന്ന് ഉത്തരം പറഞ്ഞതോർമ്മയില്ലേ… അവിടെയും തീർന്നില്ല, ചെറിയ ക്ലാസുകളിൽ തവളച്ചാട്ടവും വലിയ ക്ലാസുകളിൽ തവളയുടെ ആന്തരികാവയവങ്ങളെക്കുറിച്ചും പഠിച്ചിരുന്നവരാണ് നാം. വെള്ളത്തിൽ കറുത്ത് മുത്ത് വിതറിയത് പോലെയും പിന്നീട് വാൽമാക്രികളായും തുടർന്ന് വഴുവഴുത്ത ശരീരവും ആകുന്ന തവളകൾ എന്നും നമുക്ക് കൗതുകജീവി തന്നെയാണ്. ലോകത്ത് അനേക തരം തവളകളുണ്ട്. ചെറുത്,ഭീമാകാരൻ,തലതിരിഞ്ഞ തവള,തിളങ്ങും തവള, അങ്ങനെ അങ്ങനെ… ഈ കൂട്ടത്തിലെ വ്യത്യസ്തനാണ് ചത്ത് പിന്നെ ജീവിക്കുന്ന തവള. ഏതവനാണ് അവൻ എന്നല്ലേ…
അമേരിക്കയുടെ അലാസ്‌കയിൽ കണ്ടു വരുന്ന വുഡ് ഫ്രാഗാണ് ആ ഭീകരൻ. ഈ തവളകൾ എല്ലാ സെപ്റ്റംബറിലും കേട്ടാൽ വിശ്വസിക്കാനാവാത്ത ഒരു കാര്യം ചെയ്യും.ശീതകാലം ആരംഭിച്ചാലുടനെ ഈ തവളകൾ തണുപ്പ് കൊണ്ട് ഉറഞ്ഞ് കട്ടിയായി മാറും. സാധാരണയായി തണുത്തുറഞ്ഞ് കഴിഞ്ഞാൽ പിന്നെ ജീവിച്ചിരിക്കാൻ കഴിയില്ല എന്നതാണ് സത്യം. ശീതകാലത്ത് അനങ്ങാൻ പോലും കഴിയാത്ത വിധം ഈ തവളകൾ തണുത്തുറഞ്ഞിരിക്കും.
ഇവയുടെ ശരീരത്തിലെ വെള്ളത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും ഐസായി മാറുന്നു. അനങ്ങാൻ പോലും ഇവയ്ക്ക് കഴിയുകയില്ല. കാലുകളും കൈകളുമൊക്കെ വളച്ചാൽ ഒടിഞ്ഞു പോകും. ഈ അവസ്ഥയിൽ ശരീരത്തിലെ രക്തയോട്ടം നിന്ന് ഹൃദയമിടിപ്പ് നിലയ്ക്കുകയും ചെയ്യും. എന്നാൽ ഗ്ലൂക്കോസിന്റെ അളവ് വളരെ കൂടുതലായിരിക്കും. രക്തത്തിൽ അടങ്ങയിട്ടുള്ള ആന്റി ഫ്രീസിങ് ഘടകമാണ് തവളകളെ ഈ അവസ്ഥയിലൂടെ കടന്ന് പോകാൻ സഹായിക്കുന്നത്. ശരീരത്തിലെ മൂന്നിൽ രണ്ട് ഭാഗം തണുത്താലും തവളയുടെ കോശങ്ങൾ മരവിക്കുന്നതിൽ നിന്ന് തടയുന്നു. ഗ്ലൂകോസ് അടങ്ങിയിട്ടുള്ള ഈ ആന്റി ഫ്രീസിങ് വസ്തു രക്തത്തിലെ കോശങ്ങൾക്ക് ഉള്ളിലെ ജലാംശത്തിന്റെ അളവ് നിലനിർത്തുന്നു. അതുകൊണ്ടാണ് ഇവയ്ക്ക് ഈ അവസ്ഥയിൽ തുടരാൻ സാധിക്കുന്നത്. പിന്നീട് ചൂട് കാലം ആകുമ്പോൾ തണുപ്പ് ഉരുകി തവളകൾ വീണ്ടും പഴയ സ്ഥിയിലേക്ക് വരും. ഹൃദയമിടിപ്പും ശ്വാസോച്ഛ്വാസവും തിരികെ ലഭിക്കുന്നു. ഏഴ് മാസത്തോളമാണ് ഈ തവളകൾക്ക് ഈ അവസ്ഥയിൽ തുടരാൻ സാധിക്കുന്നത് എന്നറിയുമ്പോഴാണ് കൗതുകം അമ്പരപ്പിലേക്ക് വഴിമാറുക.
ചാരനിറത്തിലാണ് ഇവ അധികവും കാണപ്പെടുക. ചിലത് പച്ചനിറത്തിവും കാണപ്പെടുന്നു. കൊള്ളക്കാരന്റെ മുഖംമൂടിയോട് സാമ്യമുള്ള മുഖത്തെ കറുത്ത അടയാളത്തിന് പേരുകേട്ടതാണ് മരത്തവളകൾ. അവരുടെ കണ്ണുകളിൽ നിന്ന് പുറകിലേക്ക് ഒഴുകുന്ന ഡോർസോലാറ്ററൽ ഫോൾഡുകൾ എന്ന് വിളിക്കപ്പെടുന്ന രണ്ട് ഉയർന്ന ചർമ്മ വരമ്പുകളും ഉണ്ട്. മരത്തവളകൾക്ക് 1.5 മുതൽ മൂന്ന് ഇഞ്ച് വരെ നീളമുണ്ട്. പെൺ തവളകൾ ആൺതവളകളേക്കാൾ വലുതാണ്.കുഞ്ഞുങ്ങൾ ആൽഗകളോ മറ്റ് ഉഭയജീവികളുടെ മുട്ടകളോ ഭക്ഷിക്കുന്നു.
Discussion about this post