ബീജിംഗ്: ഭാവിവധുവിനായി ലക്ഷങ്ങൾ ചെലവഴിച്ച യുവാവിന് കിട്ടിയത് എട്ടിന്റെ പണി. 55 ലക്ഷത്തോളം പണം ചിലവഴിച്ച് കഴിഞ്ഞതിന് ശേഷമാണ് കാമുകിയുട രണ്ടാം വിവാഹമാണ് തന്നോടൊപ്പമെന്ന് യുവാവ് തിരിച്ചറിഞ്ഞത്. ചൈനയിലാണ് സംഭവം. ഹുബെ പ്രവിശ്യയിലെ ഷിൻ എന്നയാൾക്കാണ് വമ്പൻ ചതിപറ്റിയത്.
ഒരു ഓൺലൈൻ സൈറ്റിൽ നിന്നാണ് ഷിൻ, ഷായു എന്ന സ്ത്രീയെ പരിചയപ്പെട്ടതും സൗഹൃദത്തിലാകുന്നതും. പിന്നീട് ഇത് പ്രണയബന്ധമായി വളർന്നു. പരസ്പരം നേരിട്ട് കണ്ടിട്ടില്ലെങ്കിലും ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചു. ഇതിനിടെ ചൈനയിലെ ചിലയിടങ്ങളിലെ ആചാരമാണെന്ന് അവകാശപ്പെട്ട് യുവതി ഷിന്നിൽ നിന്ന് വധുവില എന്ന പേരിൽ 22 ലക്ഷം രൂപ ആവശ്യപ്പെട്ടു. സഹോദരിയ്ക്ക് സമ്മാനങ്ങൾ നൽകാനും അമ്മയുടെ ചികിത്സയ്ക്കുമായും യുവതി പണം ആവശ്യപ്പെട്ടു. ഇതോടെ യുവാവിന് സംശയമായി എന്നാൽ ചിത്രങ്ങൾ അയച്ചുകൊടുത്തും ഫോണിൽ വിളിച്ചും യുവതി കൂടുതൽ വിശ്വാസ്യത നേടി. അങ്ങനെ ഒരു വർഷത്തിനിടെ കാമുകിയെ ഭാവി വധുവാക്കാനായി യുവാവ് 55 ലക്ഷം രൂപയോളം ചെലവാക്കി.
മാസങ്ങൾ നീണ്ട ചാറ്റിംഗിനും സാമ്പത്തിക ഇടപാടുകൾക്കും ശേഷം, ഷിനും ഷായുവിൻറെ കുടുംബങ്ങളും നേരിട്ട് കാണാൻ സമ്മതിച്ചു. ഒടുവിൽ അവർ കണ്ടുമുട്ടിയപ്പോൾ, ഷായു എന്ന് അവകാശപ്പെടുന്ന സ്ത്രീയെ കണ്ട് ഷിൻ ഞെട്ടിപ്പോയി. അവൻ കണ്ട ഫോട്ടോകളിൽ നിന്ന് വ്യത്യസ്തമായാണ് കാണപ്പെട്ടത്. ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ, ചിത്രങ്ങൾ ഒരു ഫിൽട്ടർ ഉപയോഗിച്ച് മാറ്റിയതാണെന്ന് യുവതി സമ്മതിക്കുകയായിരുന്നു.
എന്നാൽ യുവതിയോടുള്ള പ്രണയം കാരണം ഇതെല്ലാം ക്ഷമിച്ച യുവാവ് ബന്ധം തുടർന്നു. വിവാഹ പദ്ധതികളുമായി മുന്നോട്ട് പോകാൻ ഷിൻ തീരുമാനിച്ചു. എന്നാൽ, പെൺകുട്ടിയുടെ ഫോണിൽ അസ്വാഭാവികമായ ചില സന്ദേശങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ ഇയാളുടെ സംശയം വർധിച്ചു. ഇതേ കുറിച്ച് ചോദിച്ചപ്പോൾ തന്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടതായി അവൾ അവകാശപ്പെട്ടു. തുടർന്ന് അന്വേഷിച്ചപ്പോൾ ബന്ധുക്കളായി യുവതി അവതരിപ്പിച്ചത് നാടകക്കാരെയാണെന്നും എല്ലാം വാടകക്കാരാണെന്നും മനസിലായി. പണവും പോയി പെണ്ണും പോയി എന്ന അവസ്ഥയിലായതോടെ പോലീസിൽ പരാതി നൽകിയിരിക്കുകയാണ് യുവാവ്.
Discussion about this post