മലയാളത്തിന്റെ മഹാനടൻ ശ്രീ മോഹൻലാൽ ആദ്യമായി സംവിധായക വേഷം അണിയുന്ന ചിത്രമായ ബറോസ് നാളെ ക്രിസ്മസ് ദിനത്തിൽ തിയേറ്ററുകളിലേക്ക് എത്തുകയാണ്. വലിയ പ്രതീക്ഷകളോടെയാണ് മലയാള സിനിമാലോകം ബറോസിനെ കാത്തിരിക്കുന്നത്. ഇപ്പോൾ മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭത്തിന് ആശംസകൾ പങ്കുവെച്ചിരിക്കുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി.
ഇത്ര കാലം അഭിനയ സിദ്ധി കൊണ്ട് നമ്മളെ ത്രസ്സിപ്പിക്കുകയും, അത്ഭുതപ്പെടുത്തുകയും ചെയ്ത മോഹൻലാലിന്റെ ആദ്യ സിനിമ സംവിധാന സംരംഭമാണ്
‘ബറോസ് ’ എന്നാണ് മമ്മൂട്ടി തന്റെ ആശംസ സന്ദേശത്തിൽ വ്യക്തമാക്കിയത്. ഇക്കാലമത്രയും അദ്ദേഹം നേടിയ അറിവും പരിചയവും ഈ സിനിമക്ക് ഉതകുമെന്ന് തനിക്കുറപ്പുണ്ട് എന്നും മമ്മൂട്ടി സൂചിപ്പിച്ചു.
എന്റെ പ്രിയപ്പെട്ട ലാലിന് വിജയാശംസകൾ നേരുന്നു, പ്രാർത്ഥനകളോടെ സസ്നേഹം
സ്വന്തം മമ്മൂട്ടി എന്ന് പറഞ്ഞുകൊണ്ടാണ് മമ്മൂട്ടി തന്റെ ആശംസാ സന്ദേശം അവസാനിപ്പിച്ചത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ബറോസ് നിർമ്മിക്കുന്നത്. ടൈറ്റിൽ കഥാപാത്രമായ ബറോസിനെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്നത്. മോഹൻലാലിനെ കൂടാതെ മായാ റാവു വെസ്റ്റ്, സീസർ ലോറൻ്റെ റാറ്റൺ, ഇഗ്നാസിയോ മറ്റിയോസ്, കല്ലിറോയ് സിയാഫെറ്റ, നെറിയ കാമാച്ചോ , തുഹിൻ മേനോൻ എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.
Discussion about this post