ചെന്നൈ: ക്രിസ്തുമസ് ദിനത്തിൽ പ്രിയപ്പെട്ടയാളുടെ അപ്രതീക്ഷിത വിയോഗവാർത്ത പങ്കുവച്ച് നടി തൃഷ കൃഷ്ണൻ. വളർത്തുനായയായ സോറോയാണ് വിടപറഞ്ഞിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ ദു:ഖവാർത്ത പങ്കുവച്ച താരം സിനിമയിൽ നിന്നും ഇടവേളയെടുക്കുകയാണെന്നും ആരാധകരെ അറിയിച്ചിട്ടുണ്ട്.
ഇന്ന് രാവിലെയോടെയായിരുന്നു സോറയുടെ വിയോഗം. ആരോഗ്യപ്രശ്‌നങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്നാണ് തൃഷയുടെ വളർത്തുനായ ചത്തത് എന്നാണ് വിവരം. കേവലം വളർത്തുനായ അല്ല, മറിച്ച് തന്റെ മകൻ ആണ് സോറോ എന്നാണ് തൃഷ പറയുന്നത്.
ക്രിസ്തുമസ് ദിനത്തിൽ രാവിലെ എന്റെ മകൻ സോറോ വിടപറഞ്ഞിരിക്കുന്നു. എന്നെ അറിയാവുന്നവർക്ക് ഇതറിയാമായിരിക്കും, സോറോ ഇല്ലെങ്കിൽ എന്റെ ജീവിതം അർഥശൂന്യമാണ്. ഞാനും എന്റെ കുടുംബവും ആകെ തകർന്ന അവസ്ഥയിലാണ്. ഞെട്ടലിൽ നിന്നും ഇതുവരെ മുക്തമായിട്ടില്ല. കുറച്ചു നാളത്തേയ്ക്ക് ജോലിയിൽ നിന്നും ഇടവേള എടുക്കുന്നു- തൃഷ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
മറ്റൊരു പോസ്റ്റിൽ സോറോയുടെ ചിത്രങ്ങൾ തൃഷ പങ്കുവച്ചിട്ടുണ്ട്. സോറോയെ മരിച്ച ശേഷം സംസ്‌കരിച്ചതിന്റെ ചിത്രവും ഇതിനൊപ്പം താരം പങ്കുവച്ചിട്ടുണ്ട്. 2012 ലാണ് സോറോ തൃഷയുടെ ജീവിതത്തിന്റെ ഭാഗമാകുന്നത്.
അതേസമയം സോറോയുടെ വിയോഗത്തിൽ തൃഷയെ ആശ്വസിപ്പിച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്. ഇതിൽ കല്യാണി പ്രിയദർശൻ ഉൾപ്പെടെയുണ്ട്. ഏറ്റവും കഠിനമായ വേദനയാണ് ഇത്. ഇത് മറികടക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങളുടെ കഥകളിലൂടെ സോറോ എന്നും ജീവിക്കും എന്നാണ് കല്യാണി പ്രിയദർശന്റെ വാക്കുകൾ.
Discussion about this post