എറണാകുളം: സംഗീത സംവിധായകൻ ഗോപി സുന്ദറുമായി വേർപിരിഞ്ഞെന്ന് വ്യക്തമാക്കി ഗായിക അമൃത സുരേഷ്. സ്വകാര്യമാദ്ധ്യമത്തോട് സംസാരിക്കുന്നതിനിടെ ആയിരുന്നു അമൃത ഇക്കാര്യം വ്യക്തമാക്കിയത്. ഗോപി സുന്ദർ പീസ്ഫുൾ മനുഷ്യനാണെന്നും അമൃത സുരേഷ് പറഞ്ഞു.
ഒന്നിച്ച് മുന്നോട്ട് പോകാൻ കഴിയില്ലെന്ന് വ്യക്തമായതോടെ പിരിയാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് അമൃത സുരേഷ് പറയുന്നത്. രണ്ട് പ്രാവശ്യം ചൂടുവെള്ളത്തിൽ വീണ അവസ്ഥയാണ് തോന്നുന്നത്. സംഗീതം എന്ന കോമൺ ലാംഗ്വേജ് ആയിരുന്നു എന്നെയും ഗോപി സുന്ദറിനെയും ഒന്നിപ്പിച്ച ഘടകം. ഞങ്ങൾ തമ്മിൽ വഴക്കുണ്ടായിട്ടില്ല. എന്നെ ഉപദ്രവിച്ചിട്ടില്ല. അദ്ദേഹം ഒരു പീസ് ഫുൾ മനുഷ്യനാണ്.
രണ്ട് പേരും രണ്ട് വ്യക്തികളാണ്. ഞങ്ങളുടെ നയങ്ങൾ തമ്മിൽ ചേർന്ന് പോകാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ഒരു ഘട്ടം കഴിഞ്ഞപ്പോൾ ഇതേക്കുറിച്ച് വ്യക്തമായി. ഇതോടെ പിരിയാൻ തീരുമാനിക്കുകയായിരുന്നു. സമാധാനപരമായി പിരിഞ്ഞു. ഇത്രയും വലിയ സ്റ്റെപ്പ് എടുക്കുമ്പോൾ അത് ചീത്തയായി പോകണം എന്ന് കരുതി എടുക്കില്ലല്ലോയെന്നും അമൃത സുരേഷ് ചോദിച്ചു.
ഗോപി സുന്ദറിന്റെയും അമൃതയുടെയും ലൈഫ് സ്റ്റൈലുകൾ വ്യത്യസ്തം ആയിരിന്നുവെന്ന് അഭിരാമി സുരേഷും പ്രതികരിച്ചു. ആശയമപരമായി രണ്ട് ധ്രുവങ്ങളിൽ ആയിരുന്നു ഇരുവരും. ഇതാണ് പിരിയാൻ പ്രധാന കാരണം ആയത്. കല്യാണം കഴിക്കാൻ ഭയമുണ്ടെന്നും അഭിരാമി സുരേഷ് കൂട്ടിച്ചേർത്തു.
ബാലയുമായി വേർപിരിഞ്ഞതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾക്കിടെ ആയിരുന്നു ഗോപി സുന്ദറിനെ വിവാഹം ചെയ്ത അമൃതയുടെ ചിത്രങ്ങൾ പുറത്തുവന്നിരുന്നത്. പിന്നീട് കുറച്ചുനാൾ ഇരുവരും സോഷ്യൽ മീഡിയയിൽ സജീവം ആയിരുന്നു. എന്നാൽ പിന്നീട് ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ കാണാതെ ആയി. ഇതോടെ ഇരുവരും വേർപിരിഞ്ഞതായുള്ള അഭ്യൂഹങ്ങൾ പുറത്തുവരികയായിരുന്നു.
Discussion about this post