മോഹൻലാൽ ആദ്യമായി സംവിധായകന്റെ മേലങ്കിയണിഞ്ഞ ബറോസ് തീയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ക്രിസ്മസ് ദിനത്തിലാണ് ചിത്രം റിലീസ് ചെയ്തത്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് മോഹൻലാൽ നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
താനും മമ്മൂട്ടിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് മോഹന്‍ലാല്‍ പറയുന്നത്. താരങ്ങളാകുന്നതിന് മുമ്പ് പരസ്പരം അറിയുന്നവരാണ് തങ്ങൾ എന്നും തങ്ങളുടെ മക്കൾ ഒരുമിച്ചാണ് വളർന്നതെന്നും താരം പറയുന്നു. തങ്ങൾ തമ്മില്‍ പരസ്പരം മത്സരബുദ്ധിയില്ല. അതുകൊണ്ടുതന്നെ ഒരുമിച്ച് നിരവധി സിനിമകൾ ചെയ്യാൻ കഴിഞ്ഞു. രണ്ടു നായകരുള്ള സിനിമകൾ ചെയ്യാൻ ഹിന്ദി സിനിമാതാരങ്ങൾ മടിച്ചിരുന്ന സാഹചര്യത്തിലാണ് മുൻപ് അത് ചെയ്തിരുന്നതെന്നും മോഹൻലാൽ വ്യക്തമാക്കി.
തങ്ങൾ ഒന്നിച്ച് അഭിനയിക്കുന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞ മാസം ആരംഭിച്ചു. സ്റ്റാർഡം എന്നൊന്നും ഇല്ല, അല്പം ഗ്രേ ഷെയ്‌ഡുള്ള കഥാപാത്രങ്ങളുള്ള സിനിമ ചെയ്യാൻ തങ്ങൾക്ക് അവസരം ലഭിച്ചു. 55 സിനിമകളാണ് ഒരുമിച്ച് ചെയ്തത്. അതൊരു ചെറിയ സംഖ്യയല്ല. ഒന്നിച്ചുള്ള സിനിമ കുറയാൻ കാരണം ഒരു സിനിമയിൽ ഈ രണ്ട് താരങ്ങളെയും ഉൾക്കൊള്ളുക എന്നത് അത്ര എളുപ്പമല്ലാത്തത് കൊണ്ടാണ്. അതു കൊണ്ടാണ് മമ്മൂട്ടി അദ്ദേഹത്തിന്റെ സിനിമകൾ ചെയ്യുന്നതും താന്‍ തന്റെ സിനിമകൾ ചെയ്യുന്നതും എന്നും മോഹൻലാൽ കൂട്ടിച്ചേര്‍ത്തു.
Discussion about this post