ഒറിഗൺ: കടലിനടിയിൽ സ്ഥിതി ചെയ്യുന്ന അമേരിക്കയിലെ ആക്‌സിയൽ സീമൗണ്ട് അഗ്നിപർവ്വതം പൊട്ടിത്തെറിയ്ക്കുമെന്ന പ്രവചനവുമായി ഗവേഷകർ. അഗ്നിപർവ്വതത്തിലുണ്ടാകുന്ന മാറ്റങ്ങൾ തുടർച്ചയായി നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഗവേഷകർ സ്‌ഫോടനം ഉണ്ടാകാനുള്ള സാദ്ധ്യതയെക്കുറിച്ച് വ്യക്തമാക്കിയത്. ഇതിന് മുൻപ് 2015 ൽ ആയിരുന്നു ആക്‌സിയൽ സീമൗണ്ട് പൊട്ടിത്തെറിച്ചത്.
ഒറിഗൺ തീരത്തിന് സമീപം കടലിന് അടിയിൽ ആയിട്ടാണ് ഈ അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്നത്. നിരവധി സമുദ്രാന്തര അഗ്നിപവ്വതങ്ങൾ ലോകത്ത് ഉണ്ടെങ്കിലും അതീവ സൂക്ഷ്മതയോടെ നിരീക്ഷിക്കപ്പെടുന്ന അഗ്നിപർവ്വതം ആണ് ഇത്. കഴിഞ്ഞ ഏതാനും നാളുകളായി ഗവേഷകർ നടത്തിയ നിരീക്ഷണത്തിൽ അഗ്നിപർവ്വതത്തിൽ 2015 ന് സമാനമായ മാറ്റങ്ങൾ കണ്ടു തുടങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് ഈ വർഷം അഗ്നിപർവ്വത സ്‌ഫോടനത്തിന് സാദ്ധ്യതയുണ്ടെന്ന് ഗവേഷകർ വ്യക്തമാക്കുന്നത്. 2025 ൽ തന്നെ ഇത് ഉണ്ടാകും എന്നും ഗവേഷകർ തറപ്പിച്ച് പറയുന്നു.
അമേരിക്കൻ ജിയോഗ്രഫിക്കൽ യൂണിയൻ സമ്മേളനത്തിൽ ഗവേഷകർ ഇതുമായി ബന്ധപ്പെട്ട നിരീക്ഷണങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ആക്‌സിയൽ സീമൗണ്ട് അഗ്നിപർവ്വതത്തിന്റെ ഗ്രൗണ്ട് ഡിഫോർമേഷൻ, ഉയർന്ന് ഭൂകമ്പ പ്രവർത്തനം, ഉപരിതല മാഗ്മ പ്രവാഹം എന്നിവയിൽ നിന്നുമുള്ള സൂചനകൾ ആണ് ഗവേഷകർ വിലയിരുത്തിയിരിക്കുന്നത്.
അതേസമയം അഗ്നിപർവ്വത സ്‌ഫോടനത്തെക്കുറിച്ച് ആശങ്കപ്പെടാനില്ലെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. ജനവാസ മേഖലകളെ നേരിട്ട് ഇത് ബാധിയ്ക്കാൻ സാദ്ധ്യതയില്ലെന്നും ഇവർ പറയുന്നു.
Discussion about this post