തിരുവനന്തപുരം: പുത്തൻ പ്രതീക്ഷകളോടെ പുതുവർഷത്തെ വരവേൽറ്റ് ലോകം. പതിവ് പോലെ കേരളത്തിലുൾപ്പെടെ വലിയ ആഘോഷപരിപാടികൾ ആയിരുന്നു പുതുവർഷത്തിന്റെ ഭാഗമായി നടന്നത്. കൊച്ചിയിൽ ഉൾപ്പെടെ നടന്ന ആഘോഷ പരിപാടികളിൽ ആയിരക്കണക്കിന് പേർ പങ്കെടുത്തിരുന്നു. കഴിഞ്ഞ വർഷത്തെക്കാൾ മികച്ചതായിരിക്കും ഈ വർഷം എന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.
ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിൽ വൈകീട്ട് ആറ് മണിയോടെ തന്നെ പുതുവത്സരം ആഘോഷിക്കാൻ എത്തിയവരെക്കൊണ്ട് നിറഞ്ഞു. വെളിയിലും പള്ളുരുത്തി കോർപ്പറേഷൻ മൈതാനം ഇകെ സ്‌ക്വയർ, അർജുനൻ മാസ്റ്റർ മൈതാനം, കളത്തറ കായൽ എന്നിവിടങ്ങളിൽ വിപുലമായ ആഘോഷ പരിപാടി സംഘടിപ്പിച്ചിരുന്നു. പുതുവർഷത്തലേന്ന് വൈകീട്ടോടെ തന്നെ കൊച്ചി നഗരം വാഹനങ്ങളെ കൊണ്ട് നിറഞ്ഞിരുന്നു. ഇതേ തുടർന്ന് പോലീസ് നിയന്ത്രണം ഉണ്ടായിരുന്നു. വെളിയിൽ സ്ഥാപിച്ചിരുന്ന പാപ്പാഞ്ഞിയെ കത്തിച്ചുകൊണ്ടാണ് ഈ വർഷത്തെ പുതുവർഷ ആഘോഷങ്ങൾ അവസാനിച്ചത്.
തിരുവനന്തപുരം കനകക്കുന്ന് മൈതാനിയിലും വിപുലമായ ആഘോഷപരിപാടികൾ നടന്നു. പാട്ടുപാടിയും പടക്കം പൊട്ടിച്ചും നൃത്തം ചെയ്തുമെല്ലാമാണ് ആളുകൾ പുതുവർഷം ആഘോഷിച്ചത്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ പുതവത്സരാശംസകൾ നേർന്നിട്ടുണ്ട്.
കിരിബാത്തി ദ്വീപിലാണ് ആദ്യം പുതുവർഷം എത്തിയത്. വിപുലമായ ആഘോഷം ആയിരുന്നു ഇവിടെ നടന്നത്. ഇതിന് പിന്നാലെ ന്യൂസിലാൻഡിലും പുതുവർഷം എത്തി. അമേരിക്കയ്ക്ക് അടുത്തുള്ള ജനവാസ ദ്വീപുകളായ ഹൗലാൻഡ്, ബേക്കർ എന്നീ ദ്വീപിലാണ് അവസാനം പുതുവർഷം എത്തുക.
Discussion about this post