തൃശ്ശൂർ: നഗരമദ്ധ്യത്തിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിലെ പ്രതികളായ കൗമാരക്കാർ സ്‌കൂളിലെ സ്ഥിരം ശല്യക്കാരെന്ന് പോലീസ്. ഇതേ തുടർന്ന് ഇവരെ സ്‌കൂളിൽ നിന്നും പുറത്താക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. തൃശ്ശൂർ പൂത്തോൾ സ്വദേശി ലിവിൻ എന്ന 30 കാരനാണ് പുതുവത്സര തലേന്ന് മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് 14 ഉം 16 ഉം വയസ്സുള്ള കൗമാരക്കാരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇതിൽ 14 കാരനാണ് ലിവിനെ കുത്തിയത്. ഇരുവരും ലഹരിയ്ക്ക് അടിമകളാണെന്നാണ് പോലീസ് സംശയിക്കുന്നത്. ഇക്കാര്യം സ്ഥിരീകരിക്കാൻ പരിശോധന തുടരുകയാണ്. ഇരുവരും സ്‌കൂളിലും പ്രശ്‌നക്കാർ ആയിരുന്നു. ഇതേ തുടർന്ന് ഇവരെ പുറത്താക്കിയതാണ്. സംഭവവുമായി ബന്ധപ്പെട്ട് ഇരുവരെയും വിശദമായി ചോദ്യം ചെയ്തുവരികയാണ്. ആദ്യം ലിവിനാണ് കത്തിയുമായി ആക്രമിക്കാൻ ശ്രമിച്ചത് എന്നാണ് പ്രതികളുടെ മൊഴി.
ഇന്നലെ രാത്രി 9 മണിയോടെ ജില്ലാ ആശുപത്രിയ്ക്ക് മുൻവശം തേക്കിൻകാട് മൈതാനിയിൽ ആണ് സംഭവം ഉണ്ടായത്. പെൺകുട്ടിയുമായി അവിടേയ്ക്ക് എത്തിയതായിരുന്നു പ്രതികൾ. ഇത് ലിവിൻ ചോദ്യം ചെയ്തു. ഇതിന് പിന്നാലെയുണ്ടായ സംഘർഷമാണ് കത്തിക്കുത്തിൽ കലാശിച്ചത്.
Discussion about this post