എറണാകുളം: സനാതനധർമ്മത്തിനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തിൽ രൂക്ഷ വിമർശനവുമായി ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വി. മുരളീധരൻ. മതവിശ്വാസങ്ങളുടെയും ആചാരാനുഷ്ഠാനങ്ങളുടെയും മേൽ കുതിര കയറുകയല്ല മുഖ്യമന്ത്രി വേണ്ടത് എന്നും കഞ്ചാവ് പുകയ്ക്കുന്ന യൗവനത്തെ പിന്തുണയ്ക്കുന്ന സജി ചെറിയാൻമാരെ തിരുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെ ആയിരുന്നു മുരളീധരൻ മുഖ്യമന്ത്രിയ്‌ക്കെതിരെ വിമർശനവുമായി രംഗത്ത് എത്തിയത്. പ്രസംഗം എഴുതി തരുന്നവരോട് അൽപ്പം ശ്രദ്ധിക്കാൻ മുഖ്യമന്ത്രി പറയുന്നത് നന്നാവും എന്നും മുരളീധരൻ പരിഹസിച്ചു.
ശ്രീനാരായണഗുരുവിനെ സാമൂഹ്യപരിഷ്‌കർത്താവായി മാത്രം ചിത്രീകരിക്കുന്ന കമ്യൂമിസ്റ്റ് നേതാക്കളുടെ പരിശ്രമത്തിനെതിരെ ആയിരുന്നു തന്റെ പ്രസംഗം. എന്നാൽ ഇതിന് മുഖ്യമന്ത്രി നൽകിയ മറുപടി സനാതനധർമ്മത്തെ മുഴുവൻ അപമാനിക്കുന്ന തരത്തിൽ ആയിരുന്നു. മഹാഭാരത്തെപോലും ഉൾക്കാമ്പില്ലെന്ന് വിശേഷിപ്പിച്ചു.
വിവരദോഷികളാണ് മുഖ്യമന്ത്രിയ്ക്ക് പ്രസംഗം എഴുതി തയ്യാറാക്കി നൽകിയത്. ഇവരോട് ഒന്ന് ശ്രദ്ധിക്കേണ്ടെ അമ്പാനെ എന്ന് മുഖ്യമന്ത്രി പറയുന്നത് നന്നാകും. ക്ഷേത്രത്തിലെ ആചാരങ്ങൾ മാറ്റണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് വിശ്വാസികൾ ആണ്. അല്ലാതെ നാസ്തികന്മാരായ പിണറായി വിജയനും എം.വി ഗോവിന്ദനും അല്ലെന്നും മുരളീധരൻ വിമർശിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ശ്രീ നാരായണഗുരു ദേവനെ സാമൂഹ്യപരിഷ്‌ക്കർത്താവായി മാത്രം ചിത്രീകരിക്കാനുള്ള മാർക്‌സിസ്റ്റ് നേതാക്കളുടെ കാലങ്ങളായുള്ള പരിശ്രമത്തെ പൊളിച്ചെഴുതാനാണ് ശിവഗിരിയിലെ പ്രസംഗത്തിലൂടെ ഞാൻ ശ്രമിച്ചത്. പിറ്റേന്ന് എനിക്ക് മറുപടി പറയാൻ ശ്രമിച്ച പിണറായി വിജയൻ ഗുരുവിനെ മാത്രമല്ല ,സനാതന ധർമത്തെയാകെ അപമാനിച്ചു. മഹാഭാരതത്തെപ്പോലും ഉൾക്കാമ്പില്ലാത്തത് എന്ന് വിശേഷിപ്പിച്ചു. എന്തായാലും ഗുരു സനാതനധർമ വിരോധിയായിരുന്നു എന്ന പിണറായിയുടെ വാദത്തെ സച്ചിദാനന്ദ സ്വാമികൾ തന്നെ തിരുത്തുന്നത് സ്വാഗതാർഹമാണ്.സനാതന ധർമത്തെക്കുറിച്ച് കേരളത്തിന്റെ മുഖ്യമന്ത്രി പറഞ്ഞതിനെ ‘വിവരക്കേട് ‘ എന്നാണ് സ്വാമി ചിദാനന്ദപുരി വിശേഷിപ്പിച്ചത്.
പ്രസംഗം എഴുതി തയ്യാറാക്കുന്ന വിവരദോഷികളോട് ‘ശ്രദ്ധിക്കണ്ടേ അമ്പാനെ ‘ എന്ന് പിണറായി പറയുന്നത് നന്നാവും.
ക്ഷേത്രാചാരങ്ങൾ മാറ്റണമോയെന്ന് തീരുമാനിക്കേണ്ടത് വിശ്വാസികളാണ്.നാസ്തികന്മാരായ പിണറായി വിജയനും എം.വി ഗോവിന്ദനും ഇക്കാര്യത്തിൽ അഭിപ്രായം പറയേണ്ടതില്ല.
കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ധൈര്യമായി നവോത്ഥാന ചിന്തകൾ പങ്കുവയ്ക്കാൻ കഴിയുന്നത് സനാതന ധർമ വിശ്വാസികൾക്ക് മാത്രമാണ്.
അതിന് കാരണം സനാതനധർമം സഹിഷ്ണുതയുടെയും ഉൾക്കൊള്ളലിന്റെയും മാറ്റത്തിന്റെയും മതമായതിനാലാണ്.
മതവിശ്വാസത്തിന്റെ പേരിൽ ആളുകൾ കണ്ണും മുഖവും മറയ്ക്കുന്നത് കാലത്തിന് യോജിച്ചതല്ല ,
അത് മാറ്റണം എന്ന് പിണറായി വിജയനോ ഗോവിന്ദനോ ആവശ്യപ്പെടുമോ ?
മതവിശ്വാസങ്ങളുടെയും ആചാരാനുഷ്ഠാനങ്ങളുടെയും മേൽ കുതിര കയറുകയല്ല , പിണറായി വിജയൻ ചെയ്യേണ്ടത്
കഞ്ചാവ് പുകയ്ക്കുന്ന യൗവനത്തെ പിന്തുണയ്ക്കുന്ന സജി ചെറിയാൻമാരെ തിരുത്തുകയാണ്.
Discussion about this post