തിരുവനന്തപുരം: വയോധികയെ വീടിനുള്ളിൽ പൂട്ടിയിട്ട് മാനഭംഗപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പോലീസുകാരൻ ഉൾപ്പെടെ രണ്ട് പേർ പിടിയിൽ. വട്ടിയൂർക്കാവ് സ്റ്റേഷനിലെ പോലീസുകാരനായ ലാലു, ഇയാളുടെ സുഹൃത്ത് സജിൻ എന്നിവരെയാണ് പിടികൂടിയത്. ഭിക്ഷചോദിച്ച് വീട്ടിൽ എത്തിയ വയോധികയെ ഇവർ ബലമായി പിടിച്ച് വീടിനുള്ളിൽ പൂട്ടിയിടുകയായിരുന്നു.
ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ഇവർ മാത്രമായിരുന്നു സംഭവ സമയം വീട്ടിൽ ഉണ്ടായിരുന്നത്. ഭിക്ഷയാചിച്ച് എത്തിയ സ്ത്രീയെ 20 രൂപ തരാമെന്ന് പറഞ്ഞ് ഇരുവരും ചേർന്ന് വീടിനുള്ളിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇതിന് ശേഷം വയോധികയെ കടന്ന് പിടിച്ചു. ഭയന്ന വയോധിക ബഹളം വച്ചു. ഇതോടെ പ്രദേശവാസികൾ ഓടിയെത്തുകയായിരുന്നു.
നാട്ടുകാരാണ് വയോധികയെ ഇവരിൽ നിന്നും രക്ഷിച്ചത്. ഇതിന് പിന്നാലെ വിവരം ഇവർ പോലീസിനെ അറിയിക്കുകയായിരുന്നു. ഇരുവരും മദ്യലഹരിയിൽ ആയിരുന്നു എന്നാണ് വിവരം.
സംഭവത്തിൽ പോലീസ് കേസ് എടുത്തിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിനിയായ 82 കാരിയ്ക്കാണ് ദുരനുഭവം ഉണ്ടായത്. പ്രതികളുമായി നടത്തിയ മൽപ്പിടുത്തതിൽ വയോധിക അവശയായിരുന്നു. ഇവരെ ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം പോലീസ് വീട്ടിലാക്കി.
Discussion about this post