മലയാളസിനിമയുടെ മിന്നും താരമാണ് ടൊവിനോ തോമസ്. ദുൽഖർ നായകനായ എബിസിഡി എന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ടൊവിനോയ്ക്ക് പിന്നീട് അങ്ങോട്ട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. കൈനിറയെ ചിത്രങ്ങളുമായി കരിയറിൽ തിരക്കിലാണ് താരമിന്ന്. ഐഡന്റിറ്റിയാണ് താരത്തിന്റോതായി അടുത്തിടെ ഇറങ്ങിയ ചിത്രം. ഫൈറ്റ് സീനുകളെല്ലാം ഹോളിവുഡ് ടച്ചുണ്ടെന്ന അഭിനന്ദനം താരത്തിന് ലഭിച്ചിരുന്നു.
ഫിറ്റ്‌നസിൽ കരിയറിന്റെ ആദ്യം മുതൽക്കേ ശ്രദ്ധിക്കുന്ന ആളായത് കൊണ്ട് ആരാധകരും അത്തരം വിശേഷങ്ങൾ കേൾക്കാൻ ഇഷ്ടപ്പെടാറുണ്ട്. അതുകൊണ്ട് തന്നെ ഇടയ്ക്കിടെ തന്റെ വർക്ക്ൗട്ട് ചിത്രങ്ങളും വീഡിയോകളും സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താൻ ജിമ്മിൽ പോയി തുടങ്ങിയതിനെ കുറിച്ച് സംസാരിക്കുകയാണ് ടൊവിനോ.
പത്താം ക്ലാസിൽ ഉയർന്ന മാർക്ക് നേടിയപ്പോൾ പിതാവിനോട് സമ്മാനമായി ടൊവിനോ ചോദിച്ചത് ജിമ്മിൽ ചേരാനുള്ള തുക മാത്രമാണത്രെ. അപ്പന് തുടക്കത്തിൽ നടൻ ജിമ്മിൽ ചേരുന്നതിനോട് എതിർപ്പായിരുന്നുവത്രെ. നിരാഹാരം കിടന്നാണ് താൻ അനുവാദം വാങ്ങിയതെന്ന് താരം വെളിപ്പെടുത്തി. പത്താം ക്ലാസിൽ ഡിസ്റ്റിങ്ഷൻ കിട്ടിയപ്പോൾ എനിക്ക് എന്ത് സമ്മാനം വേണമെന്ന് വീട്ടിൽ നിന്നും ചോദിച്ചിരുന്നു. എനിക്ക് 116 രൂപ വേണം ജിമ്മിൽ ജോയിൻ ചെയ്യാൻ വേണ്ടി എന്നാണ് ഞാൻ പറഞ്ഞത്. പക്ഷെ അപ്പന്റെ മറുപടി അത് നടക്കില്ല. ജിമ്മിൽ പോകാൻ നിനക്ക് പ്രായമായിട്ടില്ല എന്നായിരുന്നു. അതിനുശേഷം ഞാൻ നിരാഹാരം കിടന്നു. അത് കണ്ട് അപ്പൻ സമ്മതിച്ചു. അങ്ങനെയാണ് ഞാൻ ജിമ്മിൽ ജോയിൻ ചെയ്യുന്നത്. ജിമ്മിൽ പോയി കുറച്ച് നാൾ കഴിഞ്ഞപ്പോൾ അത് എന്റെ ആരോഗ്യത്തിന് ഗുണമേ ചെയ്യുന്നുള്ളുവെന്ന് അപ്പന് മനസിലായെന്ന് താരം പറയുന്നു,
പിന്നീട് ഞാൻ മിസ്റ്റർ തൃശൂരിന് വേണ്ടി മത്സരിക്കുന്ന സമയത്ത് ഇരിങ്ങാലക്കുട പള്ളിയിലെ പെരുന്നാളും കൂടി അവിടെ നേർച്ചയായി കിട്ടിയ കോഴിമുട്ടകളിൽ നിന്നും നൂറ് കോഴിമുട്ട എനിക്കായി വാങ്ങി അപ്പൻ വീട്ടിലേക്ക് വന്നു. എനിക്കുള്ള പ്രോട്ടീനായിരുന്നു. ജിമ്മിൽ പോകരുതെന്ന് പറഞ്ഞ് എതിർത്തയാൾ തന്നെയാണ് എന്റേത് ശെരിയായ പ്രവൃത്തിയാണെന്ന് മനസിലായപ്പോൾ മുട്ട വാങ്ങികൊണ്ട് തന്നത്. എത്ര മക്കൾക്ക് അപ്പന്മാർ നൂറ് മുട്ട വാങ്ങി കൊടുത്തിട്ടുണ്ടാകും?. നൂറ് മുട്ട എനിക്ക് ഒരാഴ്ച കഴിക്കാനേയുള്ളു. ആ സമയത്ത് മുപ്പത് മുട്ടയൊക്കെ ദിവസവും ഞാൻ കഴിക്കുമായിരുന്നുവെന്ന് താരം വെളിപ്പെടുത്തി.
Discussion about this post