തിരുവനന്തപുരം: കേരളത്തിൽ കോടിക്കണക്കിന് രൂപയുടെ നിക്ഷേപം നടത്താൻ ഒരുങ്ങി അദാനി ഗ്രൂപ്പ്. കൊച്ചിയിലും വിഴിഞ്ഞത്തുമായി 15000 കോടി രൂപയുടെ പദ്ധതികളാണ് അദാനി ഗ്രൂപ്പ് ആവിഷ്‌കരിക്കുന്നത്. ഈ പദ്ധതികൾ കേരളത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് കരുത്താകുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് പ്രതികരിച്ചു.
കൊച്ചിയിലെ കളമശ്ശേരിയിൽ 500 കോടി രൂപയുടെ നിക്ഷേപം ആണ് അദാനി ഗ്രൂപ്പ് നടത്തുന്നത്. അത്യാധുനിക ലോജിസ്റ്റിക്‌സ് പാർക്കാണ് ഇവിടെ അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ഇതിനായി 70 ഏക്കർ സ്ഥലം കമ്പനി ഏറ്റെടുത്തു കഴിഞ്ഞു. അമേരിക്കൻ വ്യാവസായിക ഭീമന്മാരായ വോൾമാർട്ടിന് കീഴിലെ ഇ- കൊമേഴ്‌സ് കമ്പനിയായ ഫ്‌ളിപ്പ്കാർട്ട് ഉൾപ്പെടെയുള്ള വൻകിട കമ്പനികളുടെ സാന്നിദ്ധ്യം പാർക്കിൽ ഉണ്ടാകും.
അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വിഴിഞ്ഞം തുറമുറത്ത് 10,000 കോടി ചിലവഴിക്കാനാണ് അദാനിയുടെ തീരുമാനം. തുറമുഖത്തിന്റെ രണ്ടാംഘട്ട വികസനം ഇതിലൂടെ പൂർത്തിയാകും. ഇതിനോടകം തന്നെ സംസ്ഥാന സർക്കാരും അദാനി ഗ്രൂപ്പും ചേർന്ന് 7,900 കോടി രൂപയുടെ നിക്ഷേപം നടത്തിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. ഇതിന് പുറമേ അദാനിയുടെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം വിമാനത്താവളത്തിലും കോടികളുടെ വികസന പ്രവർത്തനങ്ങൾ നടത്തും. 2,000 കോടി രൂപയാണ് ചിലവഴിക്കുക.
Discussion about this post