തിരുവനന്തപുരം: കേരളക്കരയെയാകെ പിടിച്ചുലച്ച പാറശ്ശാല ഷാരോൺ വധക്കേസിൽ ശിക്ഷാവിധി തിങ്കളാഴ്ച.
ഗ്രീഷ്മയ്ക്ക് എന്തൊങ്കിലും പറയാനുണ്ടോ എന്ന് കോടതി ചോദിച്ചിരുന്നു. തനിക്ക് പറയാനുള്ളത് പ്രതി രേഖാമൂലം കോടതിയെ എഴുതി അറിയിച്ചു. തനിക്ക് പഠിക്കാനുണ്ടെന്ന് പറഞ്ഞാണ് ശിക്ഷയിൽ പരമാവധി ഇളവ് ഗ്രീഷ്മ ചോദിച്ചിരിക്കുന്നത്. എന്നാൽ, അപൂർവ്വങ്ങളിൽ അപൂർവമായ കേസാണിത് എന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. ഗ്രീഷ്മയ്ക്ക് ഒരു ചെകുത്താന്റെ സ്വഭാവമാണ്. ക്രൂരമായ മനസുള്ള ഒരാൾക്ക് ചെയ്യാൻ കഴിയുന്ന ഒരു കാര്യമാണ് പ്രതി ചെയ്തത്. അതിനായി കൃത്യമായ ആസൂത്രണവും നടത്തിയിരുന്നു. പ്രായത്തിന്റെ ഒരു ആനുകൂല്യവും നൽകാതെ ഗ്രീഷ്മയ്ക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.
എന്നാൽ, പലതവണ ബന്ധത്തിൽ നിന്നും പിൻമാറാൻ ഗ്രീഷ്മ ശ്രമിച്ചുവെന്നും ഒരു സ്ത്രീക്ക് സഹിക്കാൻ കഴിയാത്ത ഒരു സാഹചര്യം എത്തിയപ്പോഴാണ് കൊലപാതകത്തിന് മുതിർന്നത് എന്നാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്. ഇരുവരുടെയും സ്വകാര്യ ചിത്രങ്ങൾ ഉൾപ്പെടെ ഷാരോണിന്റെ പക്കൽ ഉണ്ടായിരുന്നു. ഇത് കാണിച്ച് നിരന്തരം ഗ്രീഷ്മയെ ഷാരോൺ ഭീഷണിപ്പെടുത്തിയിരുന്നു. പല തവണ ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. അതിനായി വിഷം കലർത്തി വച്ചിരുന്ന കഷായമാണ് ഷാരോൺ കുടിച്ചത്. അതുകൊണ്ട് തന്നെ പരമാവധി ശിക്ഷ ഇളവ് ചെയ്യണമെന്നും പ്രതിഭാഗം വാദിച്ചു.
നീണ്ട മൂന്ന് വർഷത്തെ വിചാരണയ്ക്ക് ശേഷമാണ് കേസിൽ ശിക്ഷ വിധിച്ചത്. കേസിൽ മുഖ്യപ്രതിയും ഷാരോണിന്റെ കാമുകിയുമായ ഗ്രീഷ്മയും മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവൻ നിർമലകുമാരൻ നായരും കുറ്റക്കാരാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. തെളിവുകൾ നശിപ്പിച്ചതിനാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. അതേസമയം, രണ്ടാം പ്രതിയായ ഗ്രീഷ്മയുടെ അമ്മയെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടിരുന്നു.
കഷായത്തിൽ വിഷം കലർത്തി ഷാരോണിനെ ഗ്രീഷ്മ കൊലപ്പെടുത്താൻ ശ്രമിച്ചത് തുരിശ് എന്ന് വിളിക്കുന്ന കോപ്പർ സൾഫേറ്റ് ആണ്. ഷാരോണിന്റെ സഹോദരന് തോന്നിയ ചെറിയ സംശയമാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിച്ചത്. എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് പ്രതി ഗ്രീഷ്മ കുറ്റം സമ്മതിച്ചത്. മരണത്തിൽ തനിക്ക് പങ്കില്ലെന്ന് ഷാരോണിന്റെ സഹോദരനോടും തുടർന്ന് ചോദ്യം ചെയ്യലിൽ പോലീസിനോടും ഗ്രീഷ്മ ആവർത്തിച്ചെങ്കിലും ശാസ്ത്രീയമായ തെളിവുകൾ നിരത്തി പോലീസ് ചോദ്യം ചെയ്യൽ തുടർന്നതോടെ, ഗ്രീഷ്മയ്ക്ക് പിടിച്ചുനിൽക്കാനായില്ല.
ശാസ്ത്രീയ തെളിവുകളും മൊഴിയിലെ വൈരുദ്ധ്യവും കേസിൽ തുമ്പുണ്ടാക്കി. കൊലപാതകത്തെ കുറിച്ച് ഗ്രീഷ്മ ഇന്റർനെറ്റിൽ പരതിയിരുന്നതും പ്രതിക്ക് കുരുക്കായി. മറ്റൊരു വിവാഹം ഉറപ്പിച്ചതോടെയാണ് കാമുകനായ ഷാരോണിനെ കൊലപ്പെടുത്താൻ ഗ്രീഷ്മ തീരുമാനിച്ചത്. കൊലപാതകത്തിന് പലതവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെയാണ് വീട്ടിലേക്ക് വിളിച്ചുവരുത്തി കഷായത്തിൽ വിഷം കലർത്തി നൽകിയത്.
യുവതിയുടെ വീട്ടിലെത്തിയ ഷാരോൺ ശാരീരീകാസ്വസ്തതകളോടെയാണ് തിരിച്ചെത്തിയത്. റോഡിൽ വച്ച് ഷാരോൺ നീല നിറത്തിൽ ഛർദ്ദിച്ചതായി സുഹൃത്തും മൊഴി നൽകിയിരുന്നു. പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറുടെ മൊഴിയും നിർണായകമായി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് ഷാരോൺ മരിച്ചത്. ഒരു മാസത്തെ ചികിത്സക്കൊടുവിൽ ആന്തരീകാവയവങ്ങൾ തകരാറിലായാണ് മരണം. കരളും വൃക്കയും തകരാറിലായാണ് മരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലും വ്യക്തമാക്കിയിരുന്നു.
Discussion about this post