ജീവനുതുല്യം സ്‌നേഹിച്ചുവെന്ന ഒറ്റ കുറ്റത്തിന് ഷാരോൺ എന്ന ചെറുപ്പക്കാരന് ഗ്രീഷ്മയെന്ന പെൺകുട്ടി വിധിച്ചത് നരകതുല്യമായ മരണമാണ്. കരള് പങ്കിടാൻ വയ്യെന്റെ പ്രണയമേ എന്ന വരികൾ പിറന്ന കേരളത്തിൽ തന്നെയാണ് ജീവനോടെയിരിക്കുമ്പോൾ തന്നെ തന്റെ സ്‌നേഹിതന്റെ കരൾ അഴുകാൻ പാകത്തിന് പോന്ന വിഷം സ്‌നേഹത്തിൽ ചാലിച്ച് ഗ്രീഷ്മ നൽകിയത്. മരണത്തിലും ഷാരോൺ തന്റെ കാമുകിയെ സ്‌നേഹിച്ചു. തന്റെ മരണത്തിൽ പോലും അവൾ ശിക്ഷിക്കപ്പെടണമെന്ന് ഷാരോൺ ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ടാവാം മരണമൊഴിയിൽ പോലും അവളുടെ പേര് വരാതെ അവൻ ശ്രദ്ധിച്ചത്.
സ്‌നേഹിച്ച കുറ്റത്തിന് മരണം സ്വീകരിച്ച സംഭവങ്ങൾ ഇതാദ്യമായല്ല, നമ്മുടെ ചുറ്റും നടക്കുന്നത്. സ്‌നേഹം അഭിനയിച്ചുകൊണ്ട് തന്നെ കാമുകനെ കാലപുരിക്കയച്ച മറ്റൊരു സ്ത്രീയെ കുറിച്ചുള്ള വാർത്തകൾ 28 വർഷങ്ങൾക്ക് മുമ്പ് രാജ്യത്തെ തന്നെ പിടിച്ചുകുലുക്കിയിരുന്നു. ഡോ ഓമനയെന്ന ആ കുറ്റവാളിയെ ഒരുപക്ഷേ, കേരളം മറന്നു കാണും.
ലേഡി സുകുമാരക്കുറുപ്പെന്നായിരുന്നു ഓമന ഡോക്ടറെ എല്ലാവരും വിശേഷിപ്പിച്ചിരുന്നത്. ഇന്നും കാണാമറയത്ത് നിൽക്കുന്ന സുകുമാരക്കുറുപ്പിനെ പോലെ തന്നെ ഡോ ഓമനയും ഇന്ന് എവിടെയാണെന്ന് പോലീസിനോ നിയമത്തിനോ ഇതുവരെയും കണ്ടെത്താനായിട്ടില്ല. ജയിലിൽ നിന്നും ജാമ്യത്തിനിറങ്ങി മുങ്ങിയ ഡോ ഓമനയെ വർഷങ്ങൾക്കിപ്പുറവും പോലീസിന് പിടികൂടാനായിട്ടില്ല.
1996 ജൂലായിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. അന്ന് ഓമനയ്ക്ക് 43 വയസായിരുന്നു പ്രായം. കാമുകനായ പയ്യന്നൂർ അന്നൂർ സ്വദേശി മുരളീധരൻ തന്റെ കുടുംബം തകർത്തപ്പോൾ കൊലപ്പെടുത്താൻ തീരുമാനിച്ചുവെന്നാണ് അന്ന് ഓമന പോലീസിന് നൽകിയ മൊഴി. വിവാഹിതയായ ഓമനയിൽ നിന്നും കാമുകൻ അകലുന്നുവെന്ന സംശയമാണ് സ്‌നേഹം നടിച്ച് വിളിച്ചുവരുത്തി മുരളീധരനെ കൊലപ്പെടുത്തുന്നതിലേക്ക് അവരെ എത്തിച്ചത്. പയ്യന്നൂരിലെ പ്രശസ്തയായ നേത്രരോഗ വിദഗ്ധയായിരുന്നു ഓമന.
കൊലപ്പെടുത്തിയതിന്റെ അന്നേദിവസം, മുരളീധരനൊപ്പം ഓമന ഊട്ടിയിലേക്ക് യാത്ര തിരിച്ചു. ഊട്ടി റെയിൽ വേ സ്‌റ്റേഷന്റെ വിശ്രമ മുറിയിൽ വച്ചാണ് അവൾ തന്റെ കാമുകന് വിഷം കുത്തി വച്ചത്. ഇതിന് പിന്നാലെ ലോഡ്ജിൽ മുറിയെടുത്തു. അവിടെ വച്ച് രക്തം കട്ട പിടിക്കാനുള്ള മരുന്നും ഇയാളിൽ കുത്തി വച്ചു. ഇതിന് പിന്നാലെ, ഡോക്ടറായ ഓമന സർജിക്കൽ കത്തി ഉപയോഗിച്ച് കാമുകന്റെ ശരീരം 20ഓളം കഷ്ണങ്ങളാക്കി മാറ്റി സ്യൂട്ട് കേസിൽ ആക്കി. ബാക്കി വന്ന ശരീരഭാഗങ്ങൾ ഒരു ബാഗിലുമാക്കി. പിന്നീട് ഹോട്ടൽ മുറിയെല്ലാം കഴുകി വൃത്തിയാക്കിയ ശേഷം സ്യൂട്ട്‌കേസ് കളയാനായി കൊടൈക്കനാലിലേക്കുള്ള യാത്രക്കിടെയാണ് ഓമന പിടിയിലാവുന്നത്. ടാക്‌സിയിലായിരുന്നു യാത്ര. എന്നാൽ, ടാക്‌സിയുടെ ഡിക്കിയിൽ നിന്നും സ്യൂട്ട്‌കേസ് തിരികെ എടുക്കവേ ദുർഗന്ധവും രക്തത്തിന്റെ പാടും ശ്രദ്ധയിൽ പെട്ട ടാക്‌സ ഡ്രൈവറാണ് ഇവരെ തടഞ്ഞുവച്ച് പോലീസിൽ വിവരമറിയിക്കുന്നതും ഇതേതുടർന്ന് ഓമന പിടിയിലാവുന്നതും.
എന്നാൽ, പിടിയിലായ ഇവർ , 2001ൽ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. മലേഷ്യയലായിരുന്ന ഓമന കൊലപാതകത്തിന് ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. മുരളീധരനെ വിളിച്ചുവരുത്തിയാണ് ഇരുവരും ചേർന്ന് ഊട്ടിയിലേക്ക് യാത്ര തിരിച്ചത്. മലേഷ്യയിലെ പല ഭാഗങ്ങളിലും ഓമന ഒളിവിൽ കഴിഞ്ഞതായി വിവരം ലഭിച്ചിരുന്നു. ഇവർ മരിച്ചതായും വാർത്തകൾ വന്നിരുന്നെങ്കിലും പിന്നീട് അത് ഓമനയല്ലെന്ന് കണ്ടെത്തുകയായിരുന്നു.
Discussion about this post