തിരുവനന്തപുരം: ‘എആർഎം’ സിനിമ റിലീസ് ചെയ്യുന്ന സമയത്ത് വന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കോടികൾ തന്ന് സഹായിച്ചത് പൃഥ്വിരാജും സംവിധായകൻ അൻവർ റഷീദുമാണെന്ന് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. സിനിമയുടെ വിജയാഘോഷത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. എആർഎം റിലീസിന്റെ സമയത്ത് ബിസിനസ് ഒന്നും നടന്നിരുന്നില്ല. എല്ലാ ബിസിനസും റിലീസിന് ശേഷമാണ് നടന്നതെന്നും ലിസ്റ്റിൻ പറഞ്ഞു.
‘ഈ ചിത്രം തുടങ്ങുന്നതിനും ഒരു 25 ദിവസം മുമ്പ് മാത്രമാണ് ഞാൻ ഈ സിനിമയിലേക്ക് എത്തിയത്. ഞാൻ എത്തുന്നതിന് മുമ്പ് തന്നെ, എആർഎമ്മിന്റെ പ്രി പ്രൊഡക്ഷൻ തുടങ്ങിക്കഴിഞ്ഞിരുന്നു. ഡോക്ടർ സക്കറിയ തോമസ് ആയിരുന്നു സിനിമയിൽ എന്റെ നിർമാണ പങ്കാളി. ഇതൊരു വലിയ സിനിമയായി മാറണമെന്ന ആഗ്രഹം ഞങ്ങൾക്കെല്ലാവരും ഉണ്ടായിരുന്നു. എആർഎം എന്ന പാൻ ഇന്ത്യൻ ടൈറ്റിൽ ഉണ്ടാക്കിയത് അങ്ങനെയാണ്’- ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.
എആർഎം തുടങ്ങുന്ന സമയത്ത് മലയാളത്തിൽ വലിയ ബിസിനസ് സാധ്യതകൾ ഉണ്ടായിരുന്ന സമയമായിരുന്നു. അതുകൊണ്ട് തന്നെ സിനിമയുടെ ഫൈനൽ കട്ട്ഔട്ട് കാണിച്ച ശേഷം, ബിസിനസ് ചെയ്യാമെന്നായിരുന്നു ഞങ്ങളുടെയെല്ലാം തീരുമാനം. ടൊവിനോയുടെ സിനിമയായത് കൊണ്ട് തന്നെ കൂടുതൽ പണം ചോദിക്കാമെന്നും തീരുമാനിച്ചിരുന്നു. എന്നാൽ, ഈ സിനിമയുടെ ഭാഗ്യം കൊണ്ടോ നിർഭാഗ്യം കൊണ്ടോ റിലീസ് ചെയ്യുന്ന സമയത്ത് ഒരു ബിസിനസും നടന്നില്ലെന്നും ലിസ്റ്റിൻ കൂട്ടിച്ചേർത്തു.
സിനിമ റിലീസ് ചെയ്തതിന് ശേഷമാണ് എല്ലാ ബിസിനസും നടന്നത്. ാസധാരണ വലിയ സിനിമകൾ ചെയ്യുമ്പോൾ, ആ സിനിമ റിലീസ് ആവുന്നതിന് മുമ്പ് തന്നെ ഫിനാൻസ് എടുത്ത തുകകൾ തിരിച്ചു നൽകണമെന്നാണ്. എന്നാൽ, ബിസിനസ് ആവാതിരുന്ന കാരണത്താൽ സെറ്റിൽമെന്റിനായി തനിക്ക് കോടികൾ ആവശ്യമായി വന്നു.
എന്ന് തന്റെ ഒരു കോളിൽ തന്നെ സഹായിച്ചത് നടൻ പൃഥ്വിരാജ് സുകുമാരനാണ്. അദ്ദേഹത്തിന് ഈ അവസരത്തിൽ നന്ദി പറയുകയാണെന്നും ലിസ്റ്റിൽ പറഞ്ഞു. പിന്നീട് വീണ്ടും കുറച്ച് കൂടി പണം ആവശ്യം വന്നിരുന്നു. ആ സമയത്ത് തനിക്ക് വേണ്ട പണം അക്കൗണ്ടിൽ ഇട്ട് തന്നത് അൻവർ റഷീദ് ആണ്. അദ്ദേഹത്തിനോടു നന്ദി പറയുന്നുവെന്നും ലിസ്റ്റിൻ കൂട്ടിച്ചേർത്തു.
Discussion about this post