എറണാകുളം: വസുധൈവ കുടുംബകം എന്നതാണ് നമ്മുടെ പാരമ്പര്യം എന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്. ഈ പാരമ്പര്യത്തിലൂന്നി രാഷ്ട്ര ജീവിതത്തെ ലോകത്തിന് തന്നെ മാതൃകയാക്കി വളർത്തണം എന്നും അദ്ദേഹം പറഞ്ഞു. തപസ്യ കലാസാഹിത്യവേദിയുടെ സുവർണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാഹിത്യവും കലയും നമ്മുടെ സമൂഹത്തിന് സംസ്‌കാരം പകരുന്നു. വിചാരം പകരുന്നു. സത്യം, കരുണ, വിശുദ്ധി, തപസ് എന്നിവയാണ് ധർമ്മത്തിന്റെ ആധാരം. ഇതിന്റെ അടിസ്ഥാനത്തിലാണ് സാമൂഹിക ജീവിതം അർത്ഥപൂർണമാകുന്നത്. ഈ ഘടകങ്ങളിലൂന്നി ജീവിതത്തെ പുന:സൃഷ്ടിക്കണം. ഈ കർത്തവ്യം ഓരോരുത്തരും ഏറ്റെടുക്കണം. ഓരോ വ്യക്തിയിലും ഗുണങ്ങൾ ആവിഷ്‌കരിക്കാൻ കഴിയണം എന്നും മോഹൻഭാഗവത് കൂട്ടിച്ചേർത്തു.
വസുധൈവ കുടുംബകം എന്ന ആശയത്തിലൂന്നി രാഷ്ട്ര ജീവിതത്തെ ലോകത്തിന് മാതൃകയാക്കി വളർത്തണം. കലയിലൂടെയും സാഹിത്യത്തിലൂടെയും അതിന് കഴിയണം. മാ നിഷാദ എന്ന ശ്ലോകം പിറന്നതിനെക്കുറിച്ചും അദ്ദേഹം ഓർമ്മിച്ചു.
ഇന്ന് ലോകം ഭാരതത്തെ വലിയ പ്രതീക്ഷയോടെയാണ് നോക്കുന്നത്. ആ പ്രതീക്ഷ നിർവഹിക്കാനാകും വിധം കലാസാഹിത്യരംഗത്തെ സജ്ജമാക്കേണ്ട ദൗത്യം തപസ്യയ്ക്കുണ്ട്. അതിന് തപസ്യ അതിന്റെ പ്രവർത്തകരെ സജ്ജമാക്കേണ്ടതുണ്ട്, സർസംഘചാലക് പറഞ്ഞു.
Discussion about this post